- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അരിപ്പ ഭൂസമരം: സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തേണ്ടിവരുമെന്ന് ശ്രീരാമന്‍ കൊയ്യോന്‍
അരിപ്പ സമരക്കാര്‍ക്ക് നേരത്തെ തന്നെ കൊവിഡ് കാലമായിരുന്നു. സമരക്കാരോട് പല നിലയില്‍ ഭരണകൂടം അകലം പാലിച്ചിരുന്നു. അത് കൊവിഡ് കാലത്ത് കൂടുതല്‍ ശക്തിപ്പെട്ടു എന്നുമാത്രം.
കേരളത്തിലെ ഭൂസമരങ്ങളുടെ ചരിത്രത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ചെങ്ങറ സമരത്തിന്റെ നായകന്‍ ളാഹ ഗോപാലന്‍ കഴിഞ്ഞയാഴ്ചയാണ് വിടവാങ്ങിയത്. ചെങ്ങറ സമരത്തിന്റെ ചുവട് പിടിച്ചാണ് കൊല്ലം ജില്ലയിലെ അരിപ്പയിലും ഭൂസമരം തുടങ്ങിയത്. അതിദാരിദ്ര്യ ലഘൂകരണമാണ് നൂറുദിന കര്‍മപരിപാടിയായി പുതിയ ഇടതു സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. പക്ഷേ, അടിസ്ഥാന സൗകര്യം പോലുമില്ലാതെ ഭൂമിക്കായി സമരം നടത്തുന്ന പാര്‍ശ്വവല്‍കൃതരെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രത്യേകിച്ച്, സിപിഎം-സിഐടിയു നേതൃത്വത്തില്‍ അരിപ്പ സമരക്കാരെ ഭിന്നിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റ മാഫിയയുടേയും കയ്യില്‍ ഏക്കര്‍ കണക്കിന് അനധികൃത ഭൂമിയുണ്ടായിട്ടും അതേറ്റെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് താല്‍പര്യമില്ല. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അധികാര-രാഷ്ട്രീയ പങ്കാളിത്തമില്ലാത്ത ദലിതരുടേയും ആദിവാസികളുടേയും ഭൂമി പ്രശ്‌നത്തെ അവഗണിക്കുകയാണ്.
മൂന്ന് സെന്റിലെ ജീവിതം അവസാനിപ്പിച്ച്, 'കോളനി വിട്ട് കൃഷിഭൂമിയിലേക്ക' എന്ന പുതിയ മുദ്രാവാക്യമുയര്‍ത്തിയാണ് സമരമാരംഭിച്ചത്. സമരത്തിന്റെ തുടക്കത്തില്‍ പത്ത് സെന്റ് ഭൂമി എന്ന ആവശ്യമുയര്‍ത്തി സമരതീഷ്ണത കെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചിരുന്നുവെങ്കിലും ആ
ശ്രമം സമരക്കാരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ തകര്‍ന്നുവീണു. പിന്നീട് പ്രദേശവാസികളുടെ ബഹിഷ്‌കരണം ഉള്‍പ്പെടെ സമരക്കാര്‍ക്ക് നേരിടേണ്ടിവന്നിരുന്നു. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുക, പരാതി കേട്ട പോലിസ് അക്രമികള്‍ക്ക് അനുകൂലമായി നില്‍ക്കുക അങ്ങനെ നിരവധി വെല്ലുവിളികളുണ്ടായിട്ടുണ്ട്.
അരിപ്പ ഭൂസമരം
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയ്ക്ക് അടുത്തുള്ള അരിപ്പയില്‍, തങ്ങള്‍കുഞ്ഞുമുസ് ല്യായാരില്‍നിന്ന് 2009ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പാട്ടക്കാലാവധി കഴിഞ്ഞ റവന്യൂ ഭൂമിയിലാണ് 700 ഓളം കുടുംബങ്ങള്‍ ഭൂമിക്കായി കുടില്‍കെട്ടി സമരം ചെയ്യുന്നത്. (റി.സര്‍വേ നമ്പര്‍ 745/1) ചെങ്ങറ പാക്കേജിലുള്‍പ്പെടുത്തി ആദിവാസികള്‍ക്ക് നല്‍കിയ 21 ഏക്കര്‍ കഴിഞ്ഞുള്ള 56 ഏക്കര്‍ ഭൂമിയിലാണ് സംസ്ഥാനത്തെ 9 ജില്ലകളില്‍ നിന്നുള്ളവര്‍ പുതിയൊരു സമരമുഖം തുറന്നത്. ഇവരില്‍ ഭൂരിപക്ഷംപേരും ആദിവാസികളും ദലിതരുമാണ്. കൂടാതെ ക്രിസ്ത്യന്‍-മുസ്‌ലിം-ഹിന്ദു വിഭാഗത്തിലുള്ള ഭൂരഹിതരും സമരഭൂമിയിലുണ്ട്.
2012 ഡിസംബര്‍ 31 ന് അര്‍ധരാത്രിയാണ് ശ്രീരാമന്‍ കൊയ്യോന്റെ നേതൃത്വത്തിലുള്ള ആദിവാസി-ദലിത് മുന്നേറ്റ സമിതിയുടെ മുന്‍കൈയില്‍ 150ഓളം കുടുംബങ്ങള്‍ ഭൂമിയില്‍ പ്രവേശിച്ച് കുടിലുകള്‍ കെട്ടിയത്. ജനുവരി 1ന് പോലിസ് എത്തി ഭൂമി വിട്ടൊഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ വഴങ്ങാതെ ആത്മഹത്യാഭീഷണി മുഴക്കിയതോടെ പോലിസ് പിന്മാറുകയായിരുന്നു. ഇതേ സമയം, സമരഭൂമിയുടെ എതിര്‍ഭാഗത്ത് സിപിഎം ഭൂസമരത്തിന്റെ ഭാഗമായി കുറെ കുടിലുകള്‍ കെട്ടിയെങ്കിലും അവര്‍ അന്ന് വൈകീട്ടോടെ സമരം അവസാനിപ്പിച്ചു.
അതേ സമയം, ദലിത്-ആദിവാസികളുടെ സമരം തുടരുകയായിരുന്നു. സമരഭൂമിയിലേക്ക് ജനുവരി 10ന് പുതിയതായി വന്നവരുടേതുള്‍പ്പെടെ 400 ഓളം കുടിലുകള്‍ ഉയര്‍ന്ന് വരികയുണ്ടായി. പിന്നീട് ഫെബ്രുവരിയില്‍ കുടിലുകളുടെ എണ്ണം കൂടി. അരിപ്പയിലെ സമരഭൂമിയിലുള്ളവര്‍ വര്‍ഷങ്ങളായി ഹരിജന്‍ ലക്ഷം വീടുകളിലും റോഡ്-തോട്-കനാല്‍ പുറമ്പോക്കുകളിലുമാണ് താമസിക്കുന്നത്.
സമരവിഭാഗങ്ങള്‍
സമരഭൂമിയില്‍ ഭൂരിപക്ഷവും എസ്‌സി വിഭാഗങ്ങളാണ്. അറുപത് ആദിവാസി കുടിലുകളും പൊതു വിഭാഗത്തില്‍ 150 കുടിലുകളുമാണുള്ളത്. ആദിവാസി വിഭാഗങ്ങള്‍ക്ക് ഒരേക്കറോ-75 സെന്റോ ലഭിക്കണം. എസ്‌സി വിഭാഗങ്ങള്‍ക്ക്് 50 സെന്റും മറ്റുവിഭാഗങ്ങള്‍ക്ക് 25 സെന്റ് അല്ലെങ്കില്‍ 10 സെന്റ് എന്നതാണ് സമരക്കാരുടെ ആവശ്യം. സമരക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് പലവട്ടം അധികാരികളെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
കൊവിഡ് കാലം
കൊവിഡ് കാലം ഏറെ പ്രതിസന്ധിയുടേതായിരുന്നു. സമരഭൂമിയില്‍ 2017വരെ നെല്‍കൃഷിയും പയര്‍ കൃഷിയും നടത്തിയിരുന്നു. പിന്നീട് റവന്യൂ അധികൃതര്‍ കൃഷി തടഞ്ഞതോടെ സമരക്കാര്‍ കൃഷി അവസാനിപ്പിച്ചു. കൊവിഡ് ആദ്യ ഘട്ടത്തില്‍ ചെറിയ റേഷന്‍ സഹായങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത് ലഭിക്കാതെയായി. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ കിറ്റൊന്നും സമരക്കാര്‍ക്ക് ലഭിച്ചിട്ടില്ല. പുറത്തെ ചെറിയ കൂലിപ്പണികളും നിലച്ചതോടെ കടുത്ത വറുതിയിലായിരുന്നു.
പൂര്‍ത്തിയാകാത്ത കണക്കെടുപ്പ്
അരിപ്പ് ഭൂസമരക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് 2017ല്‍ റവന്യൂവകുപ്പ് കണക്കെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാളിതുവരെ അത് പൂര്‍ത്തിയായിട്ടില്ല. 2018 ഒക്ടോബറില്‍ വനംമന്ത്രി കെ രാജു മൂന്ന് മാസത്തിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കുമെന്നു അറിയിച്ചിരുന്നു.
ആദ്യ ഘട്ട കണക്കെടുപ്പില്‍ 92 കുടുംബങ്ങളെ ഒഴിവാക്കിയിരുന്നു. ഇതില്‍ സമരസമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി. ഒഴിവാക്കപ്പെട്ടവരെ പട്ടികയിലുള്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇപ്പോള്‍ കണക്കെടുപ്പ് നിലച്ച മട്ടാണ്. സമരം തുടങ്ങി ഒന്‍പത് കൊല്ലമായിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ വൈമനസ്യം കാട്ടുന്നതായി അരിപ്പ സമരനായകനും ആദിവാസി ദലിത് മുന്നേറ്റ സമിതി നേതാവുമായ ശ്രീരാമന്‍ കൊയ്യോന്‍ തേജസ് ന്യൂസിനോട് പറഞ്ഞു.
ധര്‍മ സമരം
അരിപ്പയിലെ ഭൂസമരത്തിന് ഏറെ പ്രത്യേകതകളുണ്ട്. പുറമെ നിന്ന് അക്രമമുണ്ടാക്കാന്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ നിരവധി തവണ ശ്രമിച്ചിരുന്നുവെങ്കിലും സംഘര്‍ഷത്തില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുന്ന സമീപനമാണ് സമരക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. നേരത്തെ സമരഭൂമിയിലെ വയലില്‍ നെല്‍കൃഷിയും പയര്‍ കൃഷിയും ചെയ്തിരുന്നു. സര്‍ക്കാര്‍ തടഞ്ഞതോടെ സമരക്കാര്‍ കൃഷിയില്‍ നിന്ന് പൂര്‍ണമായും ഒഴിവായി. അതേ സമയം, തൊട്ടടുത്ത റബര്‍ മരം വെട്ടി ഉപയോഗിക്കണമെന്ന് പലരും ഉപദേശിച്ചെങ്കിലും അത് സമരത്തെ ഡീമോറലൈസ് ചെയ്യാന്‍ ഇടയാക്കുമെന്നതിനാല്‍ അതില്‍ നിന്ന് ഒഴിവാകുകയായിരുന്നുവെന്നും സമരസമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ പറയുന്നു.
കൊവിഡ് കാലത്തെ കുട്ടികളുടെ പഠനം
അരിപ്പ സമരക്കാര്‍ക്ക് നേരത്തെ തന്നെ ഒരു നിലയില്‍ കൊവിഡ് കാലമായിരുന്നു. സമരക്കാരോട് പല നിലയില്‍ ഭരണകൂടം അകലം പാലിച്ചിരുന്നു. അത് കൊവിഡ് കാലത്ത് കൂടുതല്‍ ശക്തിപ്പെട്ടു എന്നുമാത്രം. നേരത്തെ പുറത്ത് ചെറിയ കൂലിപ്പണിക്ക് പോയി നാമമാത്രമായ വരുമാനം ലഭിച്ചിരുന്നു. സമരക്കാരെ പണിക്ക് നിര്‍ത്താത്ത സമയവും സമീപത്തെ പലചരക്ക് കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കാത്ത അവസ്ഥയുമുണ്ടായിരുന്നു.
സമരക്കാരുടെ കൊവിഡ് കാല ദാരിദ്ര്യം വിവരിച്ചതിന് പരിസ്ഥിതി പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫിനെതിരേ കുളത്തൂപ്പുഴ പോലിസ് കേസെടുത്തത് വിവാദമായിരുന്നു. സംഭവം വിവാദമായി എന്നല്ലാതെ സമരക്കാരുടെ ദുരിതത്തിന് കുറവൊന്നുമുണ്ടായില്ല.
അതോടൊപ്പം, എഴുനൂറോളം കുടുംബങ്ങളിലെ കുട്ടികളുടെ പഠനം കൊവിഡ് കാലത്ത് മൊബൈല്‍ സൗകര്യങ്ങളില്ലാതെ താറുമാറായെന്ന് സമരക്കാര്‍ പറയുന്നു. സംസ്ഥാനത്ത് മന്ത്രിമാര്‍ മൊബൈലില്ലാത്തെ കുട്ടികളെ തേടിപ്പിടിച്ച് മൊബൈല്‍ ലഭ്യമാക്കിയപ്പോഴും അരിപ്പസമരഭൂമിയിലെ ഒന്നാം ക്ലാസുമുതല്‍ പ്ലസ് ടുവരെയുള്ള കുട്ടികള്‍ പഠന സൗകര്യമില്ലാതെ കഴിയുകയാണ്.
ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ചെക് അപ് ഒഴിവാക്കിയതും കൊവിഡ് കാലത്ത് പ്രതിസന്ധി സൃഷ്ടിച്ചു.
ചെങ്ങറയിലെ പാഠം
ചെങ്ങറ സമരക്കാര്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമി നല്‍കി കബളിപ്പിച്ച അനുഭവം അരിപ്പയിലെ സമരക്കാര്‍ക്ക് മുന്നിലുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത കാസര്‍കോഡ് മൊട്ടക്കുന്നാണ് സമരക്കാര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. അവിടെ ഭൂമി ലഭിച്ചവര്‍ തന്നെ ഇന്ന് സമരഭൂമിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. താമസയോഗ്യമോ കൃഷിയോഗ്യമോ അല്ലാത്ത ഭൂമി നല്‍കി ഒരര്‍ഥത്തില്‍ പിന്നാക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയായിരുന്നു. ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി അനുവദിച്ച ചര്‍ച്ചയില്‍, സമര നായകന്‍ ളാഹാ ഗോപാലന്‍ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദനോട് പറഞ്ഞത്, ദലിതര്‍ അധികാരമോ ശക്തിയോ ഇല്ലാത്ത വിഭാഗമായതിനാല്‍ ഈ എച്ചില്‍ വാങ്ങാന്‍ സന്നദ്ധമാവുന്നു എന്നാണ്.
സമരം പുതുവഴി തേടുന്നു
കിടപ്പാടമില്ലാതെ ആയിരങ്ങള്‍ സമരം ചെയ്യുന്ന നാട്ടിലാണ് സംസ്ഥാന സര്‍ക്കാര്‍ 1,24000 കോടിയുടെ കെ റെയില്‍-സില്‍വര്‍ ലൈന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പൗരന്റെ അടിസ്ഥാന ആവശ്യങ്ങളെ അവഗണിച്ചാണ് കോടികളുടെ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നത്. ഈ ഘട്ടത്തില്‍, സമരം കൂടുതല്‍ ശക്തമാക്കിയും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചും മാത്രമേ സര്‍ക്കാരിനെ സമ്മര്‍ദ്ധത്തിലാക്കാന്‍ സാധിക്കൂ എന്ന് കെഡിപി തുടങ്ങിയ ദലിത് സംഘടകള്‍ പറയുന്നു.
കൊവിഡ് പിന്‍വാങ്ങുന്ന ഘട്ടത്തില്‍, ഒന്‍പത് വര്‍ഷമായി നടക്കുന്ന സമരം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട സാഹചര്യമായിരിക്കുകയാണെന്ന് സമരനേതാവ് ശ്രീരാമന്‍ കൊയ്യോന്‍ വ്യക്തമാക്കി. സമാധാനപരമായിട്ടാണ് സമരം നടക്കുന്നത്. ഭൂമി നല്‍കാന്‍ മൂന്ന് മാസം കൊണ്ട് കണക്കെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് മൂന്ന് വര്‍ഷം മുന്‍പ് പറഞ്ഞെങ്കിലും ഇതുവരേക്കും അത് പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാരിന്റെ ഭൂസമരങ്ങളോടുള്ള നയങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകാത്ത പശ്ചാത്തലത്തില്‍ സമരം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്നാണ് സമരസമിതി വിലയിരുത്തുന്നത്.
RELATED STORIES
കാട്ടുതീ; ഓസ്കര് അവാര്ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള് ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTദക്ഷിണകൊറിയന് ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില് അനധികൃത ഖനിക്കുള്ളില് നിര്ജലീകരണത്തെ തുടര്ന്ന്...
15 Jan 2025 5:38 AM GMT''ബ്ലഡി ബ്ലിങ്കന്, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്''; ആന്റണി...
15 Jan 2025 3:52 AM GMT''ഭീകരവാദം സ്പോണ്സര്'' ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില് നിന്നും...
15 Jan 2025 2:02 AM GMT