Documentary

ഇത്ര തരംതാണ ഭാഷാപ്രയോഗമോ; വിഡി സവര്‍ക്കറുടെ നാണം കെട്ട മാപ്പ് അപേക്ഷകള്‍

'സര്‍ക്കാരിന്റെ പിതൃസഹജമായ കവാടങ്ങള്‍ക്കുള്ളിലല്ലാതെ മറ്റ് എവിടെയാണ് മുടിയനായ പുത്രന് മടങ്ങിച്ചെല്ലാനാവുക'-മാപ്പ് അപേക്ഷയിലെ വാക്കുകള്‍

ഇത്ര തരംതാണ ഭാഷാപ്രയോഗമോ; വിഡി സവര്‍ക്കറുടെ നാണം കെട്ട മാപ്പ് അപേക്ഷകള്‍
X

ഹിന്ദുത്വ ആശയങ്ങള്‍ക്ക് വിത്തുപാകിയ വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയ ദയാഹരജികളും മാപ്പ് അപേക്ഷകളും കുപ്രസിദ്ധമാണ്. ആ മാപ്പ് അപേക്ഷകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഹീനവും നാണംകെട്ടതുമാണ്. മുട്ടിലിഴയുക എന്നതിനുമപ്പുറം ഷൂ നക്കുന്ന രൂപത്തിലുള്ള ഭാഷയാണ് സവര്‍ക്കര്‍ മാപ്പ് അപേക്ഷകളില്‍ ഉപയോഗിച്ചിരിക്കുന്നത്. അന്തമാന്‍ ജയിലില്‍ വച്ച് ബ്രിട്ടീഷുകാര്‍ക്കെഴുതി നല്‍കിയ മാപ്പ് അപേക്ഷയിലും ഗാന്ധിവധത്തിന് ശേഷം നടത്തിയ അപേക്ഷകളിലും ഇത് പ്രകടമാണ്.

സവര്‍ക്കര്‍ വിപ്ലവകാരിയാണെന്നും ഗാന്ധിക്ക് മുന്‍പേ തൊട്ടുകൂടായ്മക്കെതിരേ രംഗത്തുവന്നയാളാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിക്കുന്ന ഘട്ടത്തില്‍, സവര്‍ക്കറുടെ വിപ്ലവപ്രവര്‍ത്തനം പരിശോധിക്കേണ്ടതാണ്. അപരനാമത്തില്‍ പുസ്തകമെഴുതി സ്വയം വീര്‍ എന്ന് വിശേഷിപ്പിക്കാന്‍ മടിയില്ലാത്ത നാസിക് ചിത്പാവന്‍ ബ്രാഹ്മണന്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് അനുകൂലിയാണെന്ന് കാണാം.

അന്തമാന്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലയര്‍ ജയിലിലായിരിക്കെ 1913 നവംബര്‍ 14ന് സവര്‍ക്കര്‍ ബ്രിട്ടീഷ് അധികാരികള്‍ക്ക്് മാപ്പ് അപേക്ഷ കൊടുത്തു. അതിനു മുമ്പ് 1911ലും സവര്‍ക്കര്‍ ദയാഹരജി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ജനറല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ ഹോം മെംമ്പര്‍ റെജിനാള്‍ഡ് ക്രഡോക്കിനെ യുവര്‍ ഓണര്‍- എന്ന് സംബോധന ചെയ്ത മാപ്പ് അപേക്ഷയില്‍ സവര്‍ക്കര്‍ ഇങ്ങനെ പറയുന്നു.

1911 സമര്‍പ്പിച്ച ദയാഹര്‍ജി ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് അപേക്ഷ തുടങ്ങുന്നത്.

'ശിക്ഷയെക്കാള്‍ മാപ്പു നല്‍കലും പ്രതികാരത്തെക്കാള്‍ ശിക്ഷണം കൊണ്ട് തെറ്റുതിരുത്തലുമാണ് നേരായ വഴിയെന്ന് ഗവണ്‍മെന്റിനറിയാം. ഭരണഘടനാനുസൃതമായ എന്റെ വിശ്വാസപ്രവര്‍ത്തനം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വഴി തെറ്റിയ യുവാക്കളെ നേരായ മാര്‍ഗത്തിലേക്ക് കൊണ്ട് വരും. അവര്‍ ഒരിക്കല്‍ എന്നെ മാര്‍്ഗദര്‍ശിയായി സ്വീകരിച്ചതാണ്. അവര്‍ ആഗ്രഹിക്കുന്ന ഏത് രീതിയില്‍ വേണമെങ്കിലും എന്റെ കഴിവിനനുസരിച്ച് ഞാന്‍ ഗവണ്‍മെന്റിനെ സഹായിക്കാന്‍ തയ്യാറാണ്. എന്റെ സംഭാഷണം ആത്മാര്‍ഥമാണ്. എന്നെ ജയിലില്‍ തന്നെ നിര്‍ത്തിയാല്‍ എന്തെങ്കിലും പ്രയോജനമുണ്ടെന്ന് കരുതുന്നില്ല. വിട്ടാലും മാറ്റമൊന്നും വരില്ല. അധികാര കേന്ദ്രത്തിനെ കരുണകാട്ടാന്‍ കഴിയൂ. സര്‍ക്കാരിന്റെ പിതൃസഹജമായ കവാടങ്ങള്‍ക്കുള്ളിലല്ലാതെ മറ്റ് എവിടെയാണ് മുടിയനായ പുത്രന് മടങ്ങി ചെല്ലാനാവുക'-

(''Moreover, my conversion to the constitutional line would bring back all those misled young men in India and abroad who were once looking up to me as their guide. I am ready to serve the government in any capacty they like, for as my conversion is conscientious so I hope my future conduct would be. By keeping me in jail, nothing can be got in comparison to what would be otherwise. The Migthy alone can afford to be merciful and, therefore, where else can the prodigal son return but to the parental doors of the government.''-മാപ്പ് അപേക്ഷയുടെ അവസാന ഖണ്ഡിക)

ഇങ്ങനെ ഏറ്റവും തരംതാണ ഭാഷയാണ് സവര്‍ക്കര്‍ മാപ്പപേക്ഷകളില്‍ ഉപയോഗിച്ചിട്ടുള്ളത്. ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുകയും അതില്‍ തന്റെ മേല്‍ ആരോപണമുയരുമ്പോള്‍ കാലില്‍ വീണു മാപ്പ് പറഞ്ഞ് രക്ഷപെടുകയും ചെയ്യുന്ന ശൈലിയാണ് സവര്‍ക്കര്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് നിയമ വിദഗ്ധന്‍ കൂടിയായ എ ജി നൂറാനി പറയുന്നു. അദ്ദേഹത്തിന്റെ സവര്‍ക്കര്‍ ആന്റ് ഹിന്ദുത്വ: ദി ഗോഡ്‌സെ കണക്ഷന്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വിവരിക്കുന്നത്.



1911 ജയിലില്‍ ആയ വര്‍ഷം തന്നെ ഒരു മാപ്പപേക്ഷ സവര്‍ക്കര്‍ സമര്‍പ്പിച്ചെങ്കിലും അതിലെ പരാമര്‍ശങ്ങള്‍ വ്യക്തമല്ല.

പിന്നീട് സവര്‍ക്കറെ അന്തമാനില്‍ നിന്ന് രത്‌നഗിരി, പൂനെ യെര്‍വാഡ ജയിലുകളിലേക്ക് മാറ്റി.

ബോംബെ ഗവര്‍ണര്‍ സര്‍ ജോര്‍ജ് ഫ്‌ലോയ്ഡ്, കൗണ്‍സിലര്‍മാരും സവര്‍ക്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ജയില്‍ മോചനത്തിന് ഉപാധികള്‍ വച്ചു. ഏതാനും വാക്കുകള്‍ മാത്രം കൈമാറിയ ശേഷം സവര്‍ക്കര്‍ കരാറൊപ്പിട്ടു. ഒരു വിധ രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തില്ല എന്നതുള്‍പ്പെടെയുള്ള ഉപാധികള്‍ സവര്‍ക്കര്‍ അപ്പോള്‍ തന്നെ അംഗീകരിച്ചു.

ഇതുപോലെ ഹീനമായ മറ്റൊരു രേഖയുമുണ്ടായിരുന്നു എങ്കിലും സവര്‍ക്കറുടെ ജീവചരിത്രകാരന്‍ ധനജ്ഞയ് കീര്‍ പോലും അത് രേഖപ്പെടുത്തിയിട്ടില്ല. മാധ്യമ പ്രവര്‍ത്തകരായ വെങ്കിടേഷ് രാമകൃഷ്ണനും കൃഷ്ണന്‍ ദുബെയും എഴുതിയ ലേഖനത്തില്‍ ഇങ്ങനെ വായിക്കാം.

സര്‍ക്കാരിന്റെ ഉപാധികള്‍ സവര്‍ക്കര്‍ അംഗീകരിച്ചു. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ തന്നെ. കാര്യം അവിടെ നിന്നില്ല. സവര്‍ക്കറുടെ ആത്മവിശ്വാസവും ആവേശവും കെട്ടടങ്ങി എന്ന് കണ്ട അധികൃതര്‍, വിചാരണ കുറ്റമറ്റതും നേരായവിധമുളളതാണെന്നും എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഒരു പ്രസ്താവന സവര്‍ക്കര്‍ തയ്യാറാക്കി. 'എന്റെ കേസ് വിചാരണ ന്യായമായും ശരിയായ വിധത്തിലും ഉള്ളതാണ്. കഴിഞ്ഞ കാലത്ത് കാട്ടിയത് പോലുള്ള ഹിംസയെ ഞാന്‍ വെറുക്കുന്നു. നിയമവും ചട്ടവും എന്റെ കഴിവിനനുസരിച്ച് അനുസരിക്കേണ്ടത് എന്റെ കടമയാണെന്ന് കരുതുന്നു. ഭാവിയില്‍ ഭരണപരിഷ്‌കാരം വിജയകരമാക്കാന്‍ എന്നെ അനുവദിക്കുകയാണെങ്കില്‍ ഞാന്‍ കഴിയുന്നതെല്ലാം ചെയ്യും'.

ഭരണപരിഷ്‌കാരം എന്ന് ഇവിടെ എടുത്ത് പറഞ്ഞത് 1918ലെ മൊണ്ടേഗു ചെംസ് ഫെഡ് ഭരണപരിഷ്‌കാര നിര്‍ദ്ദേശങ്ങളെയാണ്. ഇന്ത്യക്കാരെ അങ്ങേയറ്റം നിരാശപ്പെടുത്തിയ നിര്‍ദ്ദേശങ്ങളായിരുന്നു അവ. അത് വിജയിപ്പിക്കാനാണ് സവര്‍ക്കര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പറയുന്നത്.

1925 ഫെബ്രുവരിയില്‍ കോഹത്തിയിലുണ്ടായ മുസ്‌ലിം വിരുദ്ധ കലാപത്തെക്കുറിച്ച് സവര്‍ക്കര്‍ എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങളില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് നീരസമുണ്ടായതിനെ തുടര്‍ന്ന് സവര്‍ക്കര്‍ ഖേദപ്രകടനം നടത്തി.

അങ്ങനെ ഭയന്ന് സവര്‍ക്കര്‍ ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. 'പുതിയ അറിയിപ്പ് മെയ് എട്ടിനാണ് എനിക്ക് ലഭിച്ചത്. അതിന് മുമ്പ് എഴുതിയ ലേഖനങ്ങളും പ്രസംഗങ്ങളും എന്റെ ജയില്‍ മോചനത്തിന് വഴിവെച്ച കരാര്‍ പുനപരിശോധിക്കാനുള്ള ഉപാധി ആകരുതെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു'.

ബ്രിട്ടീഷ് ഗവണ്‍മെന്റ് മാര്‍ച്ചിനും മെയ് എട്ടിനും ഇടയ്ക്കുള്ള ചില ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെ പേരില്‍ കടുത്ത നപടിയെടുക്കുമെന്ന് സവര്‍ക്കര്‍ അങ്ങേയറ്റം ഭയപ്പെട്ടു. നാണംകെട്ട ഭീരുവിന്റെ ശൈലിയാണ് സവര്‍ക്കര്‍ക്കുള്ളതെന്ന് നൂറാനി തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

ജീവചരിത്രകാരനായ ധനജ്ഞയ് കീര്‍ പറയുന്നത് ഇങ്ങനെയാണ്, അദ്ദേഹത്തിന്റെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും സ്വരാജ് എന്നോ രാജ് എന്നോ ഉള്ള പദം കണ്ടാല്‍ തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അനിഷ്ടവും പ്രതിഷേധവും പ്രകടിപ്പിക്കും. 1925 ഏപ്രില്‍ ആറിനാണ് സവര്‍ക്കര്‍ ഒരിടത്ത് സ്വരാജ് എന്ന് എഴുതിയത്.

സ്വരാജ് -എന്ന വാക്ക് ഉപയോഗിച്ച് പോയതില്‍ സവര്‍ക്കര്‍ വിശദീകരണം നല്‍കുന്നുണ്ട്.

'ലേഖനത്തിന്റെ മൂന്നാം ഖണ്ഡികയുടെ അവസാനഭാഗത്ത് ഒരിടത്ത്-മാത്രമാണ് സ്വരാജ് ഉപയോഗിച്ചിട്ടുള്ളത്. അതു തന്നെ- ഞാനോ മറ്റുള്ളവരോ ഉദ്ദേശിക്കുന്ന അര്‍ഥത്തിലല്ല ആ പദം ഉപയോഗിച്ചത് എന്ന് വ്യക്തമാണ്. ഗാന്ധി, ഖിലാഫത്തിനെപ്പറ്റി കരുതുന്ന അതിശയോക്തി കലര്‍ന്ന പ്രയോഗമാണത്'.

ഭാവിയില്‍ ഗവണ്‍മെന്റിന് തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ വേണ്ടി തന്റെ എല്ലാ പ്രസംഗങ്ങളുടേയും സംക്ഷിപ്തരൂപം ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറാനും അദ്ദേഹം ശ്രദ്ധിച്ചു.



ഗാന്ധിവധത്തിന് ശേഷം 1948 ഫെബ്രുവരി 22ന് ബോംബെ പോലിസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മതിയാക്കികൊള്ളാം എന്ന് സവര്‍ക്കര്‍ ഉറപ്പു നല്‍കുന്നുണ്ട്.

'ഞാന്‍ ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയോ മുഹമ്മദീയര്‍ക്കെതിരെ ആക്രമണം നടത്താന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. ജീവിതത്തിലുടനീളം ഞാന്‍ യഥാര്‍ത്ഥ ഇന്ത്യന്‍ ദേശീയതയുടെ വക്താവായിരുന്നു. എന്നാല്‍ ഹിന്ദുക്കള്‍ സ്വയം പ്രതിരോധിക്കുക എന്ന എന്റെ ആഹ്വാനം മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്താനുള്ള ആഹ്വാനമോ പ്രേരണയോ ആയി തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. അത്തരം വ്യാഖ്യാനങ്ങള്‍ തെറ്റായതും അനാവശ്യവുമാണ്. എനിക്കിപ്പോള്‍ 65 വയസ്സായി. ഹൃദ്രോഗവും തളര്‍ച്ചയും കാരണം മൂന്നു വര്‍ഷമായി കിടപ്പിലാണ്. എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ഭാവിയില്‍ ഞാന്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് ഉറപ്പുനല്‍കുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വിട്ടയയ്ക്കപ്പെട്ടാല്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന കാലം ഈ ഉറപ്പ് പാലിക്കും.'



ഗാന്ധി വധവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം ഭയപ്പെട്ട് അദ്ദേഹം തനിക്ക് പങ്കില്ലെന്ന് സ്ഥാപിക്കുന്ന ഭാഗം സവര്‍ക്കറുടെ അഭിഭാഷകനായ പിഎല്‍ ഇനാംദാര്‍ വിവരിക്കുന്നുണ്ട്.

അതിങ്ങനെയാണ്, 'ഞാന്‍ ആത്മാര്‍ത്ഥമായി ആരാധിച്ചിരുന്ന വ്യക്തിയുടെ മരണത്തിന് തന്നെ കുറ്റം ചുമത്തിയ സ്വതന്ത്ര സര്‍ക്കാരിന്റെ നടപടി അപലപനീയമാണ്. എഴുതി തയ്യാറാക്കിയ പ്രസ്താവന വായിക്കുന്നതിനിടയില്‍ അദ്ദേഹം കരയുന്നുണ്ടായിരുന്നു. സവര്‍ക്കര്‍ അങ്ങേയറ്റം പരിഭ്രാന്തനും വിചാരണ പുരോഗമിക്കുന്തോറും കൂടുതല്‍ അസ്വസ്ഥനുമായിരുന്നു'.

ഗാന്ധിവധത്തിലെ മാപ്പുസാക്ഷിയായ ദിഗംബര്‍ ബാഡ്‌ജെയോട്-'വിജയിച്ച് വരൂ' (യശസ്സി ഹോ യാ)എന്ന് ആശിര്‍വദിച്ച സവര്‍ക്കറിലെ ഭീരുവിനെയാണ് ഈ മുതലക്കണ്ണീരിലൂടെ വ്യക്തമാവുന്നത്.

'നൂറുവര്‍ഷം ജീവിക്കാനുള്ള ഗാന്ധിയുടെ ആഗ്രഹം പൂര്‍ത്തിയായതായി താത്യാറാവു(സവര്‍ക്കര്‍) പ്രവചിച്ച'തായി നാരായണ്‍ ആപ്‌തെ, സവര്‍ക്കറുമായുള്ള ഗാന്ധി വധത്തിലെ പ്രതികളുടെ അവസാന കൂടിക്കാഴ്ചക്ക് ശേഷം ടാക്‌സിയില്‍ വച്ച് പറയുന്നുണ്ട്.

അവലംബം

സവര്‍ക്കര്‍ ആന്റ് ഹിന്ദുത്വ: ദി ഗോഡ്‌സെ കണക്ഷന്‍-എ ജി നൂറാനി, മലയാള വിവര്‍ത്തനം-സവര്‍ക്കറും ഹിന്ദുത്വവും-എജി നൂറാനി, ചിന്താ പബ്ലിഷേഴ്‌സ്

Next Story

RELATED STORIES

Share it