Documentary

മറവിയില്‍ മായാതെ നവോത്ഥാന നായിക എം ഹലീമാ ബീവി; കേരളത്തിലെ ആദ്യ മുസ്‌ലിം പത്രാധിപ തിരസ്‌കരിക്കപ്പെട്ടോ?

മറവിയില്‍ മായാതെ നവോത്ഥാന നായിക എം ഹലീമാ ബീവി; കേരളത്തിലെ ആദ്യ മുസ്‌ലിം പത്രാധിപ തിരസ്‌കരിക്കപ്പെട്ടോ?
X

കേരള നവോത്ഥാനത്തിലും മുസ്‌ലിം വനിതാ ചരിത്രത്തിലും സവിശേഷ പ്രധാന്യമര്‍ഹിക്കുന്ന പത്രാധിപയാണ് എം ഹലീമാ ബീവി. 1938 മുതല്‍ തന്നെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അവര്‍. പത്രാധിപ എന്ന നിലയിലാണ് കൂടുതല്‍ സംഭാവനയെങ്കിലും മറ്റു മേഖലകളിലും വ്യക്തി മുദ്രപതിപ്പിച്ചിരുന്നു. വിശ്രുത ചിന്തകന്‍ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ ശിഷ്യനായ മുഹമ്മദ് മൗലവിയുടെ ഭാര്യയാണ് ബീവി. അതുകൊണ്ട് തന്നെ വക്കം മൗലവിയുടെ നവോത്ഥാന ചിന്തകള്‍ ഹലീമ ബീവിയുടെ സര്‍ഗജീവതത്തെ ഏറെ സ്വാധീനിച്ചിരുന്നു.

1918ല്‍ പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് എം ഹലീമാ ബീവി ജനിച്ചത്. സാധാരണ കുടുംബത്തിലാണ് ജനനമെങ്കിലും അസാധാരണ ജീവിതമാണ് ബീവി നയിച്ചത്. പിതാവ് പീര്‍ മുഹമ്മദ് നേരത്തെ മരണപ്പെട്ടിരുന്നു. സ്‌കൂള്‍ പഠനം പോലും മുസ്‌ലിം സ്ത്രീക്ക് അസാധ്യമായിരുന്ന കാലത്ത്, മകള്‍ക്ക് വിദ്യ പകര്‍ന്ന് നല്‍കണമെന്ന് മാതാവ് മൈതീന്‍ ബീവിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എതിര്‍പ്പുകളെ അവഗണിച്ച് അവര്‍ മകളെ പഠിപ്പിച്ചു.

അക്കാലത്ത്് വര്‍ക്കല ഇടവ ബറകാത്തുല്‍ മുസ്‌ലിമൂന്‍ പ്രസിദ്ധീകരിച്ച, സ്‌നേഹോപഹാരം എന്ന പുസ്തകം വായിച്ചതോടെയാണ് ഹലീമ ബിവിയില്‍ നവീനാശയങ്ങള്‍ നിറയാന്‍ തുടങ്ങിയത്. സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍, മുസ്‌ലിം സമുദായത്തിലും വ്യാപിപ്പിക്കണമെന്ന് അവര്‍ക്ക് അന്നേ തോന്നിയിരുന്നു. പ്രസിദ്ധീകൃതമായില്ലെങ്കിലും അക്കാലത്ത് ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കിയ മുഹമ്മദ് മൗലവി, 1935ലാണ് ഹലീമ ബീവിയെ വിവാഹം കഴിക്കുന്നത്.

പഠന കാലത്തെ എഴുത്തിനോട് ആഭിമുഖ്യം പുലര്‍ത്തിയ ബീവിക്ക് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ശിഷ്യനെ പങ്കാളിയായി ലഭിച്ചതോടെ ആ ജീവിതം കൂടുതല്‍ സമ്പന്നമായി. കോതമഗംലത്തിനടുത്ത് പല്ലാരിമംഗലം സ്വദേശിയായ മുഹമ്മദ് മൗലവി, തിരുവല്ല സ്‌കൂളില്‍ അധ്യാപകനായിരുന്നു.

എഴുത്തിനോട് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ച ഹലീമാ ബീവി തന്റെ ആദ്യ പ്രസിദ്ധീകരണം 1938ല്‍ പുറത്തിറക്കി. 21 വയസ്സായിരുന്നു അന്ന് അവര്‍ക്ക്. മുസ്‌ലിം സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി, മുസ്‌ലിം വനിത എന്ന പേരിലാണ് മാസിക പുറത്തിറങ്ങിയത്. തിരുവല്ലയില്‍ നിന്ന് പുറത്തിറങ്ങിയ മുസ്‌ലിം വനിതയുടെ പത്രാധിപ ഹലീമാ ബീവിയായിരുന്നു. പിന്നീട് 1944ല്‍ വനിത, അതേ വര്‍ഷം തന്നെ ഭാരത ചന്ദ്രിക ആഴ്ചപ്പതിപ്പും അവരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങി.



1948ലാണ് ഭാരതചന്ദ്രിക ദിനപ്പത്രം പുറത്തിറങ്ങുന്നത്. വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ഉടമസ്ഥതയില്‍ സ്വദേശാഭിമാനി പത്രമിറങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ ശിഷ്യന്റെ കുടുംബത്തില്‍ നിന്ന് ഒരു പത്രമിറങ്ങുന്നു എന്നത് മാത്രമല്ല, ഒരു മുസ്‌ലിം വനിതാ പത്രാധിപയുടെ കീഴില്‍ പത്രം അച്ചടിക്കുന്നു എന്നതാണ് അതിന്റെ പ്രത്യേകത.

ഭരതചന്ദ്രികയിലെ സബ് എഡിറ്റര്‍മാരായിരുന്നു വൈക്കം മുഹമ്മദ് ബഷീറും വെട്ടൂര്‍ രാമന്‍നായരും വക്കം അബ്ദുല്‍ ഖാദറും.

സാമ്പത്തിക പ്രതിസന്ധി മൂലം പത്രം അധികകാലം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. പിന്നീട് 1970ല്‍ ആധുനിക വനിതയും ഹലീമാ ബീവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങി. ഫിലോമിന കുര്യന്‍(എംഎ), എം റഹുമ ബീഗം (എംഎസ് സി), ബിഎസ് ശാന്താകുമാരി(എംഎ ശാന്താകുമാരി) തുടങ്ങിയവര്‍ പത്രാധിപ സമിതിയില്‍ അംഗമായിരുന്നു.

നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായിരുന്നു ഹലീമാ ബീവി, തിരുവല്ല മുനിസിപ്പല്‍ കൗണ്‍ലിറായും ബീവിയെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിലും മുസ്‌ലിം ലീഗിലും അവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെഎന്‍എം വനിതാ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷയായും പ്രവര്‍ത്തിച്ചു.

മുസ്‌ലിം വനിതാ ശാക്തീകരണപ്രവര്‍ത്തനങ്ങളിലും സവിശേഷമായ മുന്നേറ്റം നടത്താന്‍ അവര്‍ക്കായിട്ടുണ്ട്. മുസ്‌ലിം സ്ത്രീ വിദ്യ നേടേണ്ടതിന്റെ ആവിശ്യകതയെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അവര്‍ നിരന്തരം സംസാരിച്ചിരുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അവര്‍ എതിര്‍ത്തു.

സ്‌കൂള്‍ വിദ്യാഭ്യാസം മുസലിം സ്ത്രീക്ക് നിഷിദ്ധമാണെങ്കില്‍, എന്തുകൊണ്ട് അവര്‍ക്ക് ആഴത്തിലുള്ള ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്നില്ല-തുടങ്ങിയ ചോദ്യങ്ങള്‍ അവരുയര്‍ത്തി.

ഭാരത ചന്ദ്രികയുടെ പ്രസിദ്ധീകരണാര്‍ഥം ഹലീമാ ബീവിയും കുടുംബവും പെരുമ്പാവൂരിലേക്ക് താമസം മാറിയിരുന്നു. പ്രസിദ്ധീകരണങ്ങള്‍ നടത്തിയത് മൂലമുള്ള വലിയ സാമ്പത്തിക ബാധ്യത അവരുടെ കുടുംബത്തെ ക്ഷീണിപ്പിച്ചു. കടബാധ്യതയും മൗലവിയുടെ രോഗവും അവരെ തളര്‍ത്തിയിരുന്നു. 1992ല്‍ മുഹമ്മദ് മൗലവിയുടെ വിയോഗത്തോടെ അവര്‍ വീട്ടിലേക്ക് ചുരുങ്ങി. 2000ല്‍ ആ വനിതാരത്‌നം വിടപറഞ്ഞു.



മുസ്‌ലിം വനിതയുടെ പ്രസാധനത്തെക്കുറിച്ച് ഹലീമാ ബീവി പറഞ്ഞത് ഇങ്ങനെയാണ്,

'മുസ്‌ലിം വനിതയുടെ ആറ് ലക്കങ്ങള്‍ പുറത്ത് വന്നപ്പോഴേക്കും അതിന് നേര്‍ക്കുള്ള സന്ധിയില്ലാത്ത സമരം മൂര്‍ദ്ധന്ന്യാവസ്ഥയിലെത്തി. അപ്പോഴാണ് അഭിവന്ദ്യനായ കെഎം മൗലവി സാഹിബ് ഞങ്ങളുടെ ഓഫിസില്‍ വരുകയും രണ്ടോ മുന്നോ ദിവസത്തെ താമസത്തിനിടക്ക് മാസികയുടെ മുന്നോട്ടുള്ള നടത്തിപ്പില്‍ ചില നയപരിപാടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മതസംബന്ധിയായ തര്‍ക്ക വിഷയങ്ങളില്‍ നിന്ന് മുസ്‌ലിം വനിത ഒഴിഞ്ഞ് മാറി. സ്ത്രീ സമുദായത്തിന്റെ എല്ലാ ജീവിതവശങ്ങളെയും പരാമര്‍ശിക്കുന്ന ഒരു ലേഖന പരമ്പര ഇകെ മൗലവി മുസലിം വനിതയില്‍ ആരംഭിച്ചു. മുസ്‌ലിം വനിത മുഖേന തിരുവിതാംകൂറിലെ മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ വിപ്ലവകരമായി ഒരു ചിന്താസരണി രൂപം കൊണ്ടു എന്ന് അനന്തര സംഭവങ്ങള്‍ മുഖേന എനിക്ക് അനുഭവപ്പെട്ടു'.(അനുഭവങ്ങളിലേക്ക് ഒരു എത്തിനോട്ടം, അല്‍മനാര്‍ വിശേഷാല്‍ പ്രതി-1956).

ഭാരത ചന്ദ്രിക

മുസ്‌ലിം വനിതയില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക-സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയ വിഷയങ്ങള്‍കൂടി ഭാരത ചന്ദ്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറും വക്കം അബ്ദുല്‍ഖാദറും ഉള്‍പ്പെടെ ഭാരത ചന്ദ്രികയിലെ പത്രാധിപ സമിതി അംഗങ്ങളായിരുന്നു. തകഴി, ജി ശങ്കരക്കുറുപ്പ്, എംപി അപ്പന്‍, പി കേശവദേവ്, പി കുഞ്ഞിരാമന്‍ നായര്‍, പുളിമാന, ഓഎന്‍വി കുറുപ്പ്, ഗുപ്തന്‍ നായര്‍, ബാലാമണിയമ്മ, തുടങ്ങിയവര്‍ ഭാരത ചന്ദ്രികയിലെ സ്ഥിരം എഴുത്തുകാരായിരുന്നു. ഭാരത ചന്ദ്രികയുടെ മാനേജിങ് എഡിറ്ററായും പത്രാധിപയായും ഹലീമ ബീവി പ്രവര്‍ത്തിച്ചിരുന്നു.

സമൂഹ്യ പ്രവര്‍ത്തനരംഗത്ത്

കേരളത്തില്‍ ആദ്യമായി ഒരു മുസലിം വനിതാ സമ്മേളനം നക്കുന്നത് 1938ല്‍ ഹലീമാ ബീവിയുടെ നേതൃത്വത്തിലാണ്. അഖില തിരുവിതാംകൂര്‍ അടിസ്ഥാനമാക്കിയാണ് അന്ന് വനിത സമ്മേളനം വിളിച്ച് ചേര്‍ത്തത്. ആ സമ്മേളനത്തില്‍ അവരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു-

'സ്ത്രീകള്‍, ലോകത്തിന്റെ സകലവിധമായ അഭ്യൂദയങ്ങള്‍ക്കും കാരണക്കാതലായ വനിതകള്‍ അബലകളെന്ന അപഖ്യാതി അണിഞ്ഞ് അന്തസ്സാരവിഹീനരായി തീര്‍ന്നിരിക്കുമ്പോള്‍ ഒരു സമുദായം എങ്ങനെ പരിഷ്‌കാരമുള്ളതായി പരിണമിക്കും? അഭിവൃദ്ധിയുള്ളതായി തീരും?'

അതേ സമ്മേളനത്തില്‍ വച്ച് അഖില തിരുവിതാംകൂര്‍ മുസ്‌ലിം സമാജം എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ഈ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കുന്നതിനായി, തലശ്ശേരി മഹിള സമാജത്തിന്റെ പ്രസിഡന്റായിരുന്ന കുഞ്ഞാച്ചുമ്മയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. അന്ന് തിരുവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘടനയില്‍ നിരവധി ശാഖകളിലായി ആയിരത്തിലധികം പ്രവര്‍ത്തകരുണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുന്ന ഒന്നാണ്.

സ്‌റ്റേറ്റ് മുസ്‌ലിം ലീഗ് തിരുവല്ല താലൂക്കിലെ എല്ലാ ശാഖകളിലും പുരുഷന്മാരോടൊപ്പമോ അവരെക്കാള്‍ കൂടുതലോ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. പെരുമ്പാവൂരില്‍ പെണ്‍കൂട്ടം രൂപീകരിച്ച് അതില്‍ നാനാജാതി മതസ്ഥരെയും ഉള്‍പ്പെടുത്തി വലിയ സ്ത്രീ മുന്നേറ്റവും അവര്‍ നടത്തിയിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനം

സര്‍ സിപിയുടെ കിരാത വാഴ്ചക്കെതിരേ ഹലീമ ബീവി തന്റെ പ്രസ്സിലൂടെ ലഘു ലേഖകളും നോട്ടീസുകളും അച്ചടിച്ചിരുന്നു. സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചതോടെ, സര്‍ സിപിയുടെ നോട്ടപ്പുള്ളിയായി മാറി. ഹമീല ബീവിയെ സിപി വിളിച്ച് വരുത്തി.

അതേക്കുറിച്ച് ഹലീമാ ബീവി പറഞ്ഞത്- 'രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ജോലി നല്‍കാമെന്ന് സിപി വാഗ്ദാനം ചെയ്തു, പക്ഷേ ഞാന്‍ അത് സ്വീകരിച്ചില്ല, കാരണം അത് നമ്മുടെ നാടിന്റെ സ്വാതന്ത്ര്യം ബലി കൊടുക്കലാവും'.

സര്‍ സിപി മലയാള മനോരമപത്രം അടച്ചുപൂട്ടിയ വേളയില്‍ കെഎം മാത്യുവിന് ആവിശ്യമായ ലഘുലേഖകള്‍ രഹസ്യമായി അച്ചടിച്ചിരുന്നത് ഭാരതചന്ദ്രിക പ്രസിലായിരുന്നു.

ഹലീമ ബീവിയെക്കുറിച്ച് ഗ്രന്ഥകാരിയായ ഡോ. ജെ ദേവിക എഴുതിയത് ഇങ്ങനെയാണ്-

'ഹലീമ ബീവി ആരെന്നറിയാനുള്ള കൗതുകത്തില്‍ പല മുതിര്‍ന്ന മുസ്‌ലിം പുരുഷ ബുദ്ധിജീവികളെ സമീപിച്ചപ്പോള്‍, തങ്ങള്‍ അവരുടെ സഹായത്തോടെയാണ് എഴുത്തിലേക്കും ബൗദ്ധിക ജീവത്തിലേക്കും കടന്നതെന്ന് അവര്‍ എന്നോട് സമ്മതിച്ചു. പിന്നെ എന്തുകൊണ്ട് അവരുടെ ജീവചരിത്രം എഴുതി ആ സ്മരണയെ നിലനിര്‍ത്തിയില്ലെന്ന് എന്റെ ചോദ്യത്തിന്, അവര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല'.

സമകാലിക ചരിത്രത്തിന്റെ ഭാഗമായിരുന്ന ഹലീമാ ബീവി, ഒരു പത്രാധിപ എന്ന നിലയിലും മുസ്‌ലിം നവോത്ഥാന വനിത എന്ന നിലയിലും ഓര്‍മ്മിക്കപ്പെടാന്‍ ധാരാളമുണ്ടായിട്ടും വിസ്മരിക്കപ്പെട്ടു. മക്കളും സഹകാരികളും ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അവര്‍ വിസ്മൃതിയിലാവുന്നത്, ചിലപ്പോള്‍ മനപ്പൂര്‍വമായ തിരസ്‌കാരം കൊണ്ടാകാം.

Next Story

RELATED STORIES

Share it