- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ജയ് ഭീം'; ചോരയിലെഴുതിയ ദലിത് ജീവിതം
സ്വാതന്ത്ര്യം ലഭിച്ച് 50 വര്‍ഷമായിട്ടും ഇരുളര്‍ എന്ന പട്ടികവര്‍ഗ വിഭാഗത്തിന് സ്വന്തമായി ഭൂമിയോ വോട്ടേഴ്‌സ് ഐഡിയോ റേഷന്‍ കാര്‍ഡോ ഇല്ല. തെളിയിക്കപ്പെടാത്ത കേസുകളില്‍ പ്രതികളാവാന്‍ പാകത്തിലാണവരുടെ സാമൂഹികാന്തസ്സ്. ദേശരാഷ്ട്രത്തിന്റെ ഭൂപടത്തില്‍ പോലുമില്ലാത്ത ഇരുളര്‍ വിഭാഗം സ്റ്റേറ്റിനും പൗരസഞ്ചയത്തിനും പുറത്താണ്.
എന്‍ എം സിദ്ദീഖ്
'ജയ് ഭീം' എന്ന സിനിമാ ടൈറ്റില്‍ ഒരു രാഷ്ട്രീയപ്രസ്താവനയാണ്. അതിലപ്പുറം അംബേദ്കറൈറ്റ് രാഷ്ട്രീയവുമായി വലിയ ചേര്‍ച്ച സിനിമ പ്രകടമാക്കുന്നില്ല. തമിഴകത്ത് നടന്ന സംഭവകഥയെ അടിസ്ഥാനപ്പെടുത്തിയ സിനിമയില്‍ ദലിത് മര്‍ദ്ദനം അസ്വാസ്ഥ്യകരമാം വിധം വയലന്റാണ്. ഇന്ത്യയില്‍ അത് പോലിസിങ്ങിന്റെ ഭാഗമാണ്. അതിനെ നിയമപരമായി ചോദ്യം ചെയ്യുന്നതാണ്, ഭരണഘടന നല്‍കുന്ന നിയമകവചമാണ്, സിനിമയിലെ അംബേദ്കറൈറ്റ് വ്യവഹാരം.
അതിദൈന്യമായ ദലിതാവസ്ഥയില്‍, രാജാക്കണ്ണ് എന്ന യുവാവ് ഗൂഢല്ലൂരിലെ കാമപുരം പോലിസ് സ്‌റ്റേഷനില്‍ 1993ല്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവകഥ അഡ്വ. ചന്ദ്രുവിന്റെ (പിന്നീട് ജസ്റ്റിസ് ചന്ദ്രു/മദിരാശി ഹൈക്കോടതിയില്‍നിന്ന് വിരമിച്ചു) ബയോപിക് ആയി വരുന്ന ടിജെ ജ്ഞാനവേല്‍ സംവിധാനം നിര്‍വഹിച്ച 'ജയ് ഭീം' എന്ന തമിഴ് സിനിമ വിപുലമായ ചര്‍ച്ചകളാണ് കേരളത്തിലും ഉയര്‍ത്തുന്നത്. 1996-97 കാലയളവില്‍ അഡ്വ.ചന്ദ്രുവിന്റെ രക്ഷാകര്‍തൃത്വത്തില്‍ രാജാക്കണ്ണിന്റെ വിധവ സെങ്കനി പോലിസിനെതിരേ നടത്തിയ നിയമപോരാട്ടവും വിജയവുമാണ് സിനിമാ പ്രമേയം. രാജാക്കണ്ണിനെ കണ്ടെത്താന്‍ സെങ്കനി ഫയല്‍ ചെയ്യുന്ന ഹേബിയസ് കോര്‍പസ് കേസിന്റെ വാദത്തില്‍ കേരളത്തിലെ രാജന്‍ കേസ് വിപുലമായി ഉദ്ധരിക്കുന്നുണ്ട്.
ജയില്‍ശിക്ഷയനുഭവിച്ച് പുറത്തിറങ്ങുന്നവരെ ജാതി ചോദിച്ച് വേര്‍തിരിച്ച് മാറ്റിനിര്‍ത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അങ്ങേയറ്റം അസ്വാസ്ഥ്യകരമായ തുടക്കം. ഗൗണ്ടര്‍, നായിഡു, വണ്ണിയര്‍, മുതലിയാര്‍ തുടങ്ങിയ പ്രബല ജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ സ്വതന്ത്രരാവുകയും കൊറവര്‍, ഇരുളര്‍, പുറവര്‍ തുടങ്ങിയ കീഴാളര്‍ പലവിധ കേസുകളില്‍ മിസ, ടാഡ, പോട്ട നിയമങ്ങള്‍ ചുമത്തപ്പെട്ട് വീണ്ടും ജയിലിലടയ്ക്കപ്പെടുകയുമാണ്.
സ്വാതന്ത്ര്യം ലഭിച്ച് 50 വര്‍ഷമായിട്ടും ഇരുളര്‍ എന്ന പട്ടികവര്‍ഗ വിഭാഗത്തിന് സ്വന്തമായി ഭൂമിയോ വോട്ടേഴ്‌സ് ഐഡിയോ റേഷന്‍ കാര്‍ഡോ ഇല്ല. തെളിയിക്കപ്പെടാത്ത കേസുകളില്‍ പ്രതികളാവാന്‍ പാകത്തിലാണവരുടെ സാമൂഹികാന്തസ്സ്. ദേശരാഷ്ട്രത്തിന്റെ ഭൂപടത്തില്‍ പോലുമില്ലാത്ത ഇരുളര്‍ വിഭാഗം സ്റ്റേറ്റിനും പൗരസഞ്ചയത്തിനും പുറത്താണ്. വോട്ടവകാശമില്ലാത്ത, സിവില്‍ സൊസൈറ്റിയില്‍ പ്രാതിനിധ്യമില്ലാത്ത മൃഗസമാന ജീവിതത്തില്‍ അപരിഷ്‌കൃതരായാണ് അവരെ പൊതുസമൂഹം ഗണിക്കുന്നത്.
ഗ്രാമമുഖ്യന്റെ വീട്ടിലെ മോഷണക്കേസ് തെളിയിക്കാന്‍ രാജാക്കണ്ണ്, ഇരുട്ടപ്പന്‍, മൊസക്കുട്ടി എന്നിവരെയും അവരുടെയെല്ലാം വീട്ടുകാരെയും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കുകയാണ് പോലിസ്. ആദിവാസികള്‍, നാടോടികള്‍ തുടങ്ങിയവര്‍ അവകാശങ്ങളില്ലാത്തവരും രേഖകളില്ലാത്തവരും തിരിച്ചറിയപ്പെടാത്തവരും പ്രത്യക്ഷതയില്ലാത്തവരും.
അതിനാലൊക്കെ പൊതുസമൂഹത്തിന്റെ സ്വാസ്ഥ്യത്തിന് ഭീഷണിയാണെന്നുമാണ് അധികാരം കരഗതമായവരെല്ലാം സിനിമയില്‍ ആവര്‍ത്തിക്കുന്നത്. ഇരുളര്‍ വിഭാഗം പരമ്പരാഗത കുറ്റവാളി സമൂഹമാണെന്നാണ് രാജാക്കണ്ണ് കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുന്നത്. അങ്ങിനെയൊരു പ്രിഫിക്‌സ് ദലിതര്‍ക്ക് നല്‍കുന്നതിലൂടെ അവര്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ന്യായീകരിക്കപ്പെടുന്നു. ബ്രിട്ടീഷ്-ജന്‍മിത്വ വിരുദ്ധ പോരാട്ട പാരമ്പര്യമുള്ള ആദിവാസി വിഭാഗങ്ങളെ ക്രിമിനല്‍ ട്രൈബുകളായി മുദ്രകുത്തുന്നത് കൊളോണിയല്‍ പതിവായിരുന്നു.
ഇരുളര്‍ വിഭാഗത്തിലെ പെറുക്കികളുടെയോ തെണ്ടികളുടെയോ ഇകഴ്ത്തപ്പെട്ട സാമൂഹികാന്തസ്സിലാണ് രാജാക്കണ്ണും സെങ്കനിയും അവരുടെ നിസ്വസമുദായവും പുലരുന്നത്. എലിയെയും പാമ്പിനെയുമൊക്കെ പിടിക്കുന്ന തൊഴിലാണവരുടേത്. ഗൗണ്ടറുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ രാജാക്കണ്ണും സമുദായത്തിലെ കുറെപ്പേരും കൊടിയ പോലിസ് പീഡനത്തിനിരയാവുന്നതാണ് സിനിമയുടെ ഇതിവൃത്തം. ലോക്കപ്പില്‍ രാജാക്കണ്ണ് കൊല്ലപ്പെടുകയാണ്. ഇടത് മനുഷ്യാവകാശപ്രവര്‍ത്തകനായ അഡ്വ.ചന്ദ്രുവിന്റെ നിയമപോരാട്ടത്തിലൂടെ രാജാക്കണ്ണിനെ കൊന്ന പോലിസുകാര്‍ ശിക്ഷിക്കപ്പെടുന്നതാണ് ക്ലൈമാക്‌സ്.
1996ല്‍ 'പഴങ്കുടി ഇരുളര്‍ പാതുകാപ്പ് സംഘം' എന്ന പേരില്‍ രൂപീകൃതമായ ഇരുളര്‍ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്ന അഡ്വ.ചന്ദ്രു ഇരുള വിഭാഗത്തിലെ യുവാക്കള്‍ക്കെതിരേ ടാഡ, പോട്ട, മിസ തുടങ്ങിയ ഭീകരനിയമങ്ങള്‍ ചുമത്തിയ നൂറുകണക്കിന് കള്ളക്കേസുകള്‍ക്കെതിരായി നിയമപോരാട്ടം നയിച്ചയാളാണ്. ഇടതുപക്ഷ, പെരിയാര്‍ ആഭിമുഖ്യമുള്ള സംഘടന ഇരുളരുടെ വിദ്യാഭ്യാസം, 'പഞ്ചമി ഭൂമി' എന്ന പേരില്‍ ദലിതര്‍ക്കായി ഭൂമി നേടിയെടുക്കല്‍ തുടങ്ങി നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
സെങ്കനിയെ അവിസ്മരണീയമാക്കിയ ലിജോമോള്‍ ജോസ് ഇരുള യുവതിയായി ജീവിക്കുകയാണ് സിനിമയില്‍. സിനിമയില്‍ മുഴുനീളം സൂര്യ അവതരിപ്പിക്കുന്ന അഡ്വ.ചന്ദ്രു രക്ഷകവേഷത്തില്‍ ദലിതരുടെ മനുഷ്യാവകാശങ്ങള്‍ക്കായി കോടതിയിലും പുറത്ത് പൊതുസമൂഹത്തിലും പോരടിക്കുന്ന ആക്ടിവിസ്റ്റാണ്. ഒരു സ്‌കൂളിലെ ഫാന്‍സി ഡ്രസ്സില്‍, ഗാന്ധിയും നെഹ്‌റുവും നേതാജിയുമൊക്കെയുണ്ടെങ്കിലും അംബേദ്കറില്ലല്ലോ എന്ന് അഡ്വ. ചന്ദ്രു കൗതുകപ്പെടുന്നുണ്ട്.
ഹിന്ദി പറയുന്ന സാക്ഷിയോട് 'തമിഴ് പേശടാ' എന്ന് പറഞ്ഞ് മുഖത്തടിക്കുന്ന ഐജി പെരുമാള്‍ സ്വാമിയായി പ്രകാശ് രാജ്, തമിഴന് ജന്‍മസിദ്ധമായ ഹിന്ദിവിരുദ്ധ ദ്രവീഡിയന്‍ സ്പിരിറ്റിനെ പ്രോജ്വലിപ്പിക്കുന്നു. രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠനും മൈത്ര എന്ന ആദിവാസി സാക്ഷരതാ പ്രവര്‍ത്തകയെ അവതരിപ്പിച്ച രജീഷാ വിജയനും തങ്ങളുടെ റോളുകള്‍ നന്നായി ചെയ്തിരിക്കുന്നു.
തമിഴ് സിനിമയിലെ പുതുതലമുറ
ജാതിയെ, വിശിഷ്യാ ഒബിസി ഹിന്ദു വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യമുള്ള തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്രക്രിയയില്‍ സാമൂഹിക വിവേചനത്തിന്റെ അതിരൂക്ഷമായ യാഥാര്‍ഥ്യങ്ങളെ, നിഷ്‌കരുണം അഭിമുഖീകരിക്കുന്നതാണ് തമിഴിലെ പുതിയ ചില സിനിമകളില്‍ സംഭവിക്കുന്നത്. വെട്രിമാരന്റെ 'അസുരന്‍'(2019), മഡോണ്‍ അശ്വിന്റെ 'മണ്ടേല'(2021), മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാള്‍'(2018), 'കര്‍ണന്‍'(2021) തുടങ്ങിയ സിനിമകള്‍ തമിഴ്‌നാട്ടിലെ ജാതിരാഷ്ട്രീയത്തെ സധൈര്യം തുറന്നവതരിപ്പിക്കുന്നു.
കേരളത്തിലെ ഇടത് പ്രൊഫൈലുകളിലെ അതിവാദം
'ജയ് ഭീം' സിനിമയില്‍ ആവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് രൂപകങ്ങള്‍ കേരളത്തിലെ സിപിഎം പ്രൊഫൈലുകളെ തെല്ലൊന്നുമല്ല ആവേശപ്പെടുത്തിയിട്ടുള്ളത്. തമിഴ്‌നാട്ടില്‍ അങ്ങിനെയൊരാവേശത്തില്‍ ആരവപ്പെടാന്‍ അണികളില്ലാത്ത സിപിഎം ഇവിടെ വേണ്ടത്ര കോള്‍മയിര്‍ കൊള്ളട്ടെ. പക്ഷേ, അവരുടെ കോള്‍മയിര്‍ സമൂഹമാധ്യമങ്ങള്‍ അറഞ്ചം പുറഞ്ചം പൊളിച്ചടുക്കുകയാണിപ്പോള്‍. കുലംകുത്തിയായ അഡ്വ.ചന്ദ്രുവിനെ 1988ല്‍ സിപിഎം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നുവെന്ന് അറിഞ്ഞുകൊള്‍ക..
ജാതി സങ്കീര്‍ണതയെ വര്‍ഗവിശകലനത്തിന്റെ മാനകങ്ങളില്‍ നിര്‍ധാരണം ചെയ്യാമെന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക വ്യാമോഹത്തില്‍നിന്ന് ഇനിയും നേരം വെളുക്കാത്ത ന്യൂജെന്‍ മാവോവാദികളടക്കം മോരും മുതിരയും ചേര്‍ത്തുനോക്കുകയാണ്. അംബേദ്കറൈറ്റിസത്തിന്റെ വിമോചന പരികല്‍പ്പനകളില്‍ മാര്‍ക്‌സിസത്തിന് ഒരു സാധ്യതയും ദലിത് രാഷ്ട്രീയത്തിനു കാണാനാവുന്നില്ല എന്ന് ദലിത് നേതാക്കള്‍തന്നെ സാക്ഷ്യപ്പെടുത്തും.
റാന്നിയില്‍ ദലിതുകളെ സ്വന്തം ഭൂമിയില്‍ വീടുവയ്ക്കാനനുവദിക്കാത്ത, മുതലമടയില്‍ പൊതുകിണറ്റില്‍നിന്ന് വെള്ളം കോരാനനുവദിക്കാത്ത, തിരുവനന്തപുരത്ത് ഉദയകുമാറിനെ ഉരുട്ടിക്കൊന്ന, പേരാമ്പ്രയില്‍ സാംബവക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ മറ്റ് വിഭാഗക്കാര്‍ മക്കളെ ചേര്‍ക്കാത്ത, നെടുങ്കണ്ടത്ത് രാജ്കുമാര്‍ എന്ന ദലിതനെ ബിനാമിയാക്കി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ശേഷം അയാളെ കസ്റ്റഡിയില്‍ കൊന്നുകളഞ്ഞ, അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസിയെ തല്ലിക്കൊന്ന, രാജാക്കാട് പോലിസ് സ്റ്റേഷനില്‍ ദലിത് യുവാവിനെ മലം തീറ്റിച്ച, വടയമ്പാടിയില്‍ ജാതിമതിലുയര്‍ത്തിയ ഇടത് പ്രഭാവമുള്ള കേരളം ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2020ലെ കണക്കുപ്രകാരം ദലിതുകള്‍ക്കെതിരായ അതിക്രമത്തില്‍ ക്രൈം റേറ്റില്‍ അഞ്ചാം സ്ഥാനത്താണ്.
തമിഴകത്തെ ജാതിവിചാരവും മലയാളി കാപട്യവും
ഇതെഴുതവെ കോട്ടയം എംജി യൂനിവേഴ്‌സിറ്റിക്ക് മുന്നില്‍ ഒരു ദലിത് പെണ്‍ ഗവേഷക അനിശ്ചിതം നിരാഹാരസമരത്തിലാണ്. അതേയവസരത്തില്‍ ജാത്യാധിക്ഷേപത്തില്‍ കോവിലില്‍ നിന്നിറക്കപ്പെട്ട ഒരു പെണ്ണിന്റെ വീട്ടില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ മാപ്പിരന്നെത്തിയിരിക്കുകയുമാണ്. കൊളോണിയല്‍ ക്രമത്തില്‍നിന്നും സവര്‍ണ ബ്രാഹ്മണരാല്‍ നേതൃത്വം നല്‍കുന്ന സ്വാതന്ത്ര്യാനന്തര അധികാര കാലഘട്ടത്തെ മുന്‍നിര്‍ത്തി കൂടിയാണ് 'നമ്മള്‍ വലിയ വൈരുധ്യങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു' എന്ന അഭിപ്രായം അംബേദ്കര്‍ മുന്നോട്ടുവച്ചത്.
സാമൂഹിക ജനാധിപത്യം കൈവരിക്കാത്ത വിഭാഗമെന്ന നിലയില്‍ കീഴാളരെ സംബന്ധിച്ചിടത്തോളം സ്വാഭാവിക നീതി പോലും ലഭ്യമാവില്ലെന്നും സുശക്തമായ ഭരണഘടനയോ, സമത്വസങ്കല്‍പമോ രക്ഷയ്‌ക്കെത്തില്ലെന്നും സവര്‍ണരാല്‍ നേതൃത്വം നല്‍കുന്ന ജാതി അധികാരത്തെയും സംവിധാനങ്ങളെയും അപനിര്‍മിക്കുന്നതിന് കീഴാളവിഭാഗങ്ങള്‍ നിരന്തരം സ്വന്തം വഴി വികസിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അംബേദ്കര്‍ ഓര്‍മപ്പെടുത്തിയിരുന്നു. അതില്‍ മാര്‍ക്‌സിസത്തിന് എന്തെങ്കിലും സ്ഥാനമുണ്ടെന്ന് കരുതാനാവുന്ന യാതൊരു ചരിത്രവും നമുക്ക് മുന്നിലില്ല.
RELATED STORIES
ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു കോടി...
15 Jan 2025 1:06 PM GMTവയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
15 Jan 2025 12:57 PM GMT'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍; കാട്ടാന ആക്രമണത്തില്‍ ആദിവാസി...
15 Jan 2025 11:53 AM GMT''അച്ചന്റേത് സമാധിയാണ്; ഹിന്ദുത്വത്തെ വ്രണപ്പെടുത്തരുത്''-മകന്
15 Jan 2025 11:35 AM GMT