Movies

ഒമ്പത് രസങ്ങള്‍, ഒമ്പത് കഥകള്‍, ഒമ്പത് സംവിധായകര്‍; പ്രേക്ഷകര്‍ ഏറ്റെടുത്ത് 'നവരസ'

ഒമ്പത് രസങ്ങള്‍, ഒമ്പത് കഥകള്‍, ഒമ്പത് സംവിധായകര്‍; പ്രേക്ഷകര്‍ ഏറ്റെടുത്ത് നവരസ
X

ഒമ്പത് കഥകളുടെ സമാഹാരവുമായി എത്തിയ തമിഴ് ആന്തോളജി ചിത്രം നവരസ പ്രേക്ഷകര്‍ ഏറ്റെടുത്തു. നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തിയ വൈവിധ്യമായ പ്രമേയങ്ങള്‍ കൊണ്ട് അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങള്‍.



'എതിരി (കരുണം)

കരുണം അടിസ്ഥാനമാക്കി ഒരുക്കിയ എതിരി ബിജോയ് നമ്പ്യാര്‍ ആണഅ സംവിധാനം ചെയ്തിരിക്കുന്നത്. രേവതി, വിജയ് സേതുപതി, പ്രകാശ് രാജ് എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. സാവിത്രി, ധീന, ശിവരാമന്‍ ഇവരുടെ കഥയാണ് എതിരി. സാവിത്രിയുടെ ഭര്‍ത്താവായ ശിവരാമനെ കാണാനായാണ് ധീന അവരുടെ വീട്ടിലെത്തുന്നത്. ശിവരാമനെയും കൊണ്ട് ധീന ഒരു മുറിയില്‍ കയറി കതക് അടയ്ക്കുന്നു. സാവിത്രിയുടെ മുന്നില്‍ ഈ അടഞ്ഞ കതക് തുറക്കുന്നതോടെയാണ് ചിത്രം വികസിക്കുന്നത്. പ്രതികാരം, കുറ്റബോധം, അനുകമ്പ മൂന്ന് കഥാപാത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന മൂന്ന് ഭാവങ്ങള്‍. ശിക്ഷിക്കാനും ക്ഷമിക്കാനും അവകാശമുള്ളത് ആര്‍ക്ക് ? ചിത്രം പ്രേക്ഷകന് മുന്നില്‍ വയ്ക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്.

സമ്മര്‍ ഓഫ് 92 (ഹാസ്യം)

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സമ്മര്‍ ഓഫ് 92 ഹാസ്യ രസം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ്. യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശന്‍, മണിക്കുട്ടന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ജീവിതത്തില്‍ നിന്നുള്ള യഥാര്‍ത്ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ചിരിക്കാത്ത ഒരു ദിനം പാഴായ ദിനമാണെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് ആരംഭിക്കുന്ന ചിത്രം വേലുസ്വാമിയുടെ സ്‌കൂള്‍ ജീവിതത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു. പഠിച്ചിറങ്ങിയ സ്‌കൂളിലേക്ക് വിശിഷ്ടാതിഥിയായാണ് വേലുസ്വാമി തിരികെയെത്തുന്നത്. തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ഒമ്പതാം ക്ലാസ് നാല് തവണയും കടന്ന് കൂടാന്‍ സാധിക്കാതിരുന്നതിനെ പറ്റി വേലുസ്വാമി വേദിയില്‍ മനസ് തുറക്കുന്നതോടെയാണ് കഥ വികസിക്കുന്നത്. ക്ലാസ് മുറികളിലെ കുസൃതികള്‍ക്കും തമാശകള്‍ക്കുമൊപ്പം മറ്റേതൊരു പ്രിയദര്‍ശന്‍ ചിത്രത്തിലേതുമെന്നത് പോലെ ഓരോ ഫ്രെയിമും പ്രേക്ഷകരുടെ മനസ് നിറക്കുന്നു.

പായസം (ബീഭത്സം)

ബീഭത്സം അടിസ്ഥാനമാക്കി വസന്ത് എസ് സായി ഒരുക്കിയ ചിത്രത്തില്‍ ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. വിധവയായ മകളെക്കുറിച്ചും സഹോദരപുത്രന്റെ കീഴില്‍ ജോലി ചെയ്യുന്ന മകനെക്കുറിച്ചും ആകുലനാണ് ഈ കഥയിലെ വയോധികനായ പിതാവ്. മകളുടെ ജീവിതത്തിലെ നിറങ്ങള്‍ ഇല്ലാതാക്കിയ ജീവിതത്തോട് അയാള്‍ക്ക് വെറുപ്പാണ്. മരണപ്പെട്ട് പോയ തന്റെ ഭാര്യയെ അയാളിന്നും കാണുന്നു, അവരോട് തന്റെ ആകുലതകള്‍ പറയുന്നു, ആ ഓര്‍മകളില്‍ ജീവിക്കുന്നു. തന്റെ സഹോദരപുത്രന്‍ അയാളുടെ മകളുടെ വിവാഹം അതിഗംഭീരമായി ആഘോഷിക്കുന്നത് ഇയാളെ അസ്വസ്ഥനാക്കുന്നു. ആ കല്യാണവീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് പായസം പറയുന്നത്. ഡല്‍ഹി ഗണേഷിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിഥി ബാലനാണ് വിധവയായ മകളുടെ വേഷത്തിലെത്തുന്നത്.

പ്രൊജക്ട് അഗ്‌നി (അത്ഭുതം)

അത്ഭുതം അടിസ്ഥാനമാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ചിത്രം ഒരു ത്രില്ലറാണ്. റാഡിക്കല്‍ തിയറിയോട് ഭ്രാന്തമായ ആവേശമുള്ളയാളാണ് വിഷ്ണു. ഭൂമിയിലെ ഓരോ സൃഷ്ടിക്കും പിന്നിലെ രഹസ്യമെന്ത്, ലോകാവസാനമെന്ന് പ്രവചിക്കപ്പെട്ട 2012 ഡിസംബര്‍ 12ന് സത്യത്തില്‍ ലോകത്ത് സംഭവിച്ചതെന്താണ്.. തന്റെ കണ്ടെത്തലുകള്‍ പങ്കിടാനാണ് വിഷ്ണു അടുത്ത സുഹൃത്തും ശാസ്ത്രജ്ഞനുമായ കൃഷ്ണയെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. കലിയുഗാന്ത്യത്തില്‍ ഭഗവാന്‍ മഹാവിഷ്ണു കല്‍ക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിച്ചിട്ടുള്ളതാണ്. ഇതേ പ്രമേയവും ചിത്രത്തില്‍ പറയാതെ പറഞ്ഞുപോവുന്നു. അരവിന്ദ് സ്വാമി,ഷംന കാസിം, പ്രസന്ന എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.

ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര് (ശൃംഗാരം)

സൂര്യയും ഗൗതം വാസുദേവ് മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രം.ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്രുവിനായി ആരാധകര്‍ കാത്തിരുന്നതിന്റെ പ്രധാന ഘടകം ഇത് തന്നെയാണ്. ശൃംഗാരത്തെ അടിസ്ഥാനമാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. സംഗീതജ്ഞനായ കമലിന്റെ വിദേശത്ത് വച്ച് നടക്കുന്ന പെര്‍ഫോമന്‍സിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഫ്‌ലാഷ് ബാക്കിലൂടെ കമലിന്റെയും പ്രണയിനി നേത്രയുടെയും ജീവിതം പ്രേക്ഷകന് മുന്നിലേക്കെത്തുന്നു. പ്രണയനായകനായി സൂര്യ വീണ്ടും വെള്ളിത്തിരയിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

രുതിരം(രൗദ്രം)

രൗദ്രം പ്രമേയമാക്കി അരവിന്ദ് സ്വാമി സംവിധാനം ചെയ്ത ചിത്രത്തില്‍ റിത്വിക, ശ്രീറാം, രമേശ് തിലക് എന്നിവരാണ് അഭിനേതാക്കള്‍.

ഇന്‍മൈ (ഭയാനകം)

ഭയാനകം അടിസ്ഥാനമാക്കി രതീന്ദ്രന്‍ ആര്‍ പ്രസാദ് സംവിധാനം ചെയ്ത ചിത്രം വാഹിദയുടെയും ഫാറൂഖിന്റെയും കഥയാണ് പറയുന്നത്. പാര്‍വതി വാഹിദയാകുമ്പോള്‍ ഫാറൂഖായെത്തുന്നത് സിദ്ധാര്‍ഥ് ആണ്. വിധവയായ, സമ്പന്നയായ വാഹിദയെ കാണാനാണ് ഫാറൂഖ് എത്തുന്നത്. ഫാറൂഖില്‍ വാഹിദ ആകൃഷ്ടയാകുന്നുണ്ടെങ്കിലും തന്റെ മുന്‍കാല കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയുമായി വന്നിരിക്കുന്ന അമാനുഷികനാണ് അവനെന്ന തിരിച്ചറിവ് അവളെ ഞെട്ടിക്കുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍.

പീസ് (ശാന്തം)

ശാന്തം അടിസ്ഥാനമാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ശാന്തം സ്വന്തം മണ്ണിന് വേണ്ടിയുള്ള ശ്രീലങ്കന്‍ തമിഴ് ജനതയുടെ പോരാട്ടത്തിലെ ഒരേടാണ്. ബോബി സിന്‍ഹയും ഗൗതം വാസുദേവ് മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മണ്ണിന് വേണ്ടിയുള്ള യുദ്ധത്തില്‍ തകര്‍ന്ന ജീവിതങ്ങള്‍ സംഭാഷണങ്ങളിലൂടെ ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. യുദ്ധഭൂമിയിലെ ഒരു ബങ്കറിനെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്.ഏത് നിമിഷവും ഒരു യുദ്ധം പ്രതീക്ഷിച്ച് ആ ബങ്കറില്‍ കഴിയുന്ന പോരാളികള്‍ക്ക് മുന്നിലേക്ക് ഒരു ചെറിയ പയ്യന്‍ എത്തിപ്പെടുന്നു. തന്റെ സഹോദരനെ രക്ഷിക്കണമെന്ന അവന്റെ ആവശ്യം അവര്‍ അംഗീകരിക്കുന്നു. യുദ്ധം ബാക്കി വയ്ക്കുന്നത് എന്നും നഷ്ടങ്ങള്‍ മാത്രമാണ്. അവിടെ അനുകമ്പയ്ക്ക് സ്ഥാനമുണ്ടോ? ചിത്രം പരിശോധിക്കുന്നതും ഇതാണ്.

തുനിന്ത പിന്‍ (വീരം)

വീരം പ്രമേയമാക്കി സര്‍ജുന്‍ കെഎം സംവിധാനം ചെയ്ത ചിത്രം മുത്തുലക്ഷ്മിയുടെയും വെട്രിയുടെയും കഥയാണ്. കാട്ടില്‍ നക്‌സലുകളെ പിടികൂടാനുള്ള ദൗത്യം ഏറ്റെടുത്ത് പോയിരിക്കുന്ന സ്‌പെഷ്യല്‍ ടാസ്‌ക് അംഗമാണ് വെട്രി. ഇനിയും തിരികെ വരാത്ത ഭര്‍ത്താവിനായി കാത്തിരിക്കുകയാണ് ഗര്‍ഭിണിയായ മുത്തുലക്ഷ്മി. നക്‌സലുകളുടെ തലവനെ വെട്രി പിടികൂടുന്നു. ജീവനോടെ പിടികൂടിയ കോമ്രേഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളെയും കൊണ്ട് ആശുപത്രിയിലേക്കുള്ള വെട്രിയുടെ യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഭാഗം. അഥര്‍വയാണ് വെട്രിയായി വേഷമിടുന്നത്. മുത്തുലക്ഷ്മിയായി അഞ്ജലിയെത്തുമ്പോള്‍ നക്‌സല്‍ നേതാവായി എത്തുന്നത് കിഷോറാണ്.

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്കാണ് നല്‍കുന്നത്.

Next Story

RELATED STORIES

Share it