Movies

'കശ്മീര്‍ ഫയല്‍സി'ന് നികുതി ഒഴിവാക്കണമെന്ന് ബിജെപി; യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്യൂ, എല്ലാവരും കാണുമെന്ന് കെജ്‌രിവാള്‍

കശ്മീര്‍ ഫയല്‍സിന് നികുതി ഒഴിവാക്കണമെന്ന് ബിജെപി; യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്യൂ, എല്ലാവരും കാണുമെന്ന് കെജ്‌രിവാള്‍
X

ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് പറയുന്ന 'കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയ്ക്ക് നികുതി ഒഴിവാക്കാനാവശ്യപ്പെട്ട ബിജെപിയുടെ ആവശ്യം തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സിനിമ എല്ലാവരും കാണണമെന്ന് ബിജെപി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ''സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയോട് സിനിമ യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്യാന്‍ പറയൂ. അപ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാമല്ലോ''- എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. 'കശ്മീര്‍ ഫയല്‍സി'ന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാര്‍ നിയമസഭാ ബജറ്റ് സമ്മേളനം തടസ്സപ്പെടുത്തിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ വിമര്‍ശനം.

''കശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ ചിലയാളുകള്‍ കോടികളാണ് സമ്പാദിച്ചത്. ഇന്ന് രാജ്യത്തുടനീളം ബിജെപി എല്ലാ തെരുവുകളിലും സിനിമയുടെ പോസ്റ്ററുകള്‍ പതിക്കുന്നു. പോസ്റ്ററുകള്‍ ഒട്ടിക്കുന്ന പണിയാണ് നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്. നിങ്ങള്‍ രാഷ്ട്രീയത്തില്‍ വന്നത് ഇത് ചെയ്യാനാണോ ? നിങ്ങള്‍ നിങ്ങളുടെ കുട്ടികളോട് എന്ത് പറയും വീട്ടില്‍ പോകൂ... ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക്, വര്‍ഷങ്ങളോളം ഒരു രാജ്യം ഭരിച്ചതിന് ശേഷം, വിവേക് അഗ്‌നിഹോത്രിയുടെ കാല്‍ക്കല്‍ അഭയം തേടേണ്ടിവന്നാല്‍, അതിനര്‍ഥം അദ്ദേഹം തന്റെ ഭരണകാലത്ത് ഒന്നും ചെയ്തിട്ടില്ല എന്നാണ്, അവര്‍ പറയുന്നത് 'കശ്മീര്‍ ഫയല്‍സ്' നികുതി രഹിതമാക്കൂ എന്നാണ്.

യൂട്യൂബില്‍ ഇടൂ, എല്ലാവര്‍ക്കും സൗജന്യമായി കാണാമല്ലോ. എന്തിനാണ് ഇത് നികുതി രഹിതമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങള്‍ക്ക് ഇത് വളരെ മോശമായി ചെയ്യണമെങ്കില്‍, വിവേക് അഗ്‌നിഹോത്രിയോട് പറയൂ, അദ്ദേഹം അത് യൂട്യൂബില്‍ ഇടും. എല്ലാവരും ഇത് ഒരുദിവസം കൊണ്ട് കാണും)- ബിജെപി അംഗങ്ങളോട് കെജ്‌രിവാള്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ സിനിമയ്ക്ക് നികുതി ഒഴിവാക്കി നല്‍കിയിരുന്നു. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കിയത്.

Next Story

RELATED STORIES

Share it