Ernakulam

കൊച്ച് കാര്യങ്ങള്‍ക്കായി കൂട്ടിവെച്ച തുക വല്യ കാര്യങ്ങള്‍ക്കായി മാറ്റി വെച്ച് പാര്‍വ്വതി കൃഷ്ണന്‍ എന്ന 7-ാം ക്ലാസുകാരി

തന്റെ സമ്പാദ്യമായ 3377/ രൂപയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കുടുക്കയിലുള്ള തുക മുഖ്യമന്ത്രിയ്ക്ക് കൈമാറണമെന്ന ആവശ്യവുമായി പാര്‍വ്വതി കുടുക്കയുമായി അമ്മ പത്മകുമാരിയുമൊന്നിച്ച് സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ മുമ്പില്‍ എത്തുകയായിരുന്നു.

കൊച്ച് കാര്യങ്ങള്‍ക്കായി കൂട്ടിവെച്ച തുക വല്യ കാര്യങ്ങള്‍ക്കായി മാറ്റി വെച്ച് പാര്‍വ്വതി കൃഷ്ണന്‍ എന്ന 7-ാം ക്ലാസുകാരി
X

കൊച്ചി: കൊച്ചു കൊച്ച് ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി കുടുക്കയില്‍ ഇട്ട് കൂട്ടി വെച്ച തുക തന്റെ ആഗ്രഹങ്ങള്‍ മാറ്റി വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി പാര്‍വതി എന്ന കൊച്ചു പെണ്‍കുട്ടി.കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ 7-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും, എറണാകുളം ലക്ഷ്മി ആശുപത്രിയ്ക്ക് സമീപം പള്ളിയില്‍ ലെയിനിലുള്ള നികത്തില്‍ വീട്ടില്‍ കൃഷ്ണന്റെ മകള്‍ പാര്‍വ്വതി കൃഷ്ണന്‍ (13) ആണ് തന്റെ സമ്പാദ്യമായ 3377/ രൂപ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ മുഖാന്തിരം കൈമാറിയത്.


കുടുക്കയിലുള്ള തുക മുഖ്യമന്ത്രിയ്ക്ക് കൈമാറണമെന്ന ആവശ്യവുമായി പാര്‍വ്വതി കുടുക്കയുമായി അമ്മ പത്മകുമാരിയുമൊന്നിച്ച് സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ മുമ്പില്‍ എത്തുകയായിരുന്നു. കേരള പോലിസിലെ ഉദ്യോഗസ്ഥരുടെ അര്‍പ്പണ ബോധത്തിനും, മാനുഷിക പരിഗണനയ്ക്കും ഉള്ള കേരള ജനതയുടെ നന്ദിയും പോലിസുദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നന്ദിയും രേഖപ്പെടുത്തുന്ന പാര്‍വതിയുടെ കത്തും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പാര്‍വ്വതി കൊണ്ടുവന്ന കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി കണയന്നൂര്‍ തഹസില്‍ദാര്‍ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ചു.

വിഷുകൈനീട്ടമായി കിട്ടിയതും, ഇടയ്ക്കിടെ മാതാപിതാക്കളില്‍ നിന്നും ലഭിച്ചതുമായ നാണയത്തുട്ടുകളായിരുന്നു പാര്‍വ്വതി കുടുക്കയില്‍ ഇട്ട് സൂക്ഷിച്ചിരുന്നത്. പാര്‍വ്വതി തന്റെ കൊച്ചു കൊച്ച് ആഗ്രങ്ങള്‍ വേണ്ടെന്ന് വെച്ച് തന്റെ പണ കുടുക്കകള്‍ പൊട്ടിച്ച് വല്യകാര്യങ്ങള്‍ക്കായി നീക്കി വെക്കുന്നത് ആദ്യമല്ല. കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കലക്ടര്‍ മുഖേന ഇത്തരത്തില്‍ സംഭാവന നല്‍കിയിരുന്നു. അഞ്ച് മാസം മുമ്പ് തന്റെ ബര്‍ത്ത് ഡേ ആഘോഷിക്കുന്നതിനായി കൂട്ടി വെച്ച തുകയുള്‍പ്പെടെ 5000/ രൂപയാണ് പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികില്‍യിലിരുന്ന കുട്ടിക്ക് പത്രത്തിലൂടെ അറിഞ്ഞ് ചികില്‍സാ സഹായമായി നല്‍കിയത്.

എറണാകുളം ഡി.എച്ച്. ഗ്രൗണ്ടില്‍ വര്‍ഷങ്ങളായി കരിക്ക് കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണ് പാര്‍വ്വതിയുടെ മാതാപിതാക്കളെന്നറിയുമ്പോഴാണ് പാര്‍വ്വതിയുടെ മാനുഷികതയുടെ മഹത്വമേറുന്നത്. പാര്‍വതിയുടെ വലിയ മനസ്സിന് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ വലിയ കൈയടികളോടെ അഭിനന്ദനങ്ങളും, ആശംസകളുമേകി.

Next Story

RELATED STORIES

Share it