Ernakulam

ദേശീയപാത 66 വികസനം: നഷ്ടപരിഹാര വിതരണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കും

ദേശീയപാത 66 വികസനം: നഷ്ടപരിഹാര വിതരണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കും
X

കൊച്ചി: ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ദേശീയപാത 66ന്റെ സ്ഥലമെടുപ്പ് ജോലികള്‍ വേഗതയില്‍ പൂര്‍ത്തികരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നഷ്ടപരിഹാര വിതരണം പുരോഗമിച്ച് വരുന്നതായും, നിലവില്‍ 880 കോടി രൂപ വിതരണം ചെയ്തതായും ആകെ 22.20 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തതായും എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു. 380 കോടിയോളം രൂപ വിതരണം ചെയ്തത് കഴിഞ്ഞ ഒരുമാസക്കാലയളവിലാണ്. നഷ്ടപരിഹാര വിതരണത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അവശേഷിക്കുന്ന നഷ്ടപരിഹാരവും കൂടി അടിയന്തരമായി വിതരണം ചെയ്യേണ്ടതുണ്ട്.

നഷ്ടപരിഹാരം അനുവദിക്കുന്നതിന് ആവശ്യമായ മുഴുവന്‍ രേഖകളും ലഭ്യമല്ലാത്തതാണു കാലതാമസം നേരിടുന്നതിനു കാരണമെന്ന് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു രേഖകള്‍ മുതലായവ പ്രത്യേക പരിഗണന നല്‍കി എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനു ദേശീയപാത പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍, സബ് രജിസ്ട്രാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കു നിര്‍ദ്ദേശം നല്‍കി.

ഏറ്റെടുക്കല്‍ നടപടികള്‍ രണ്ടാഴ്ചയ്ക്കകവും നഷ്ടപരിഹാരവിതരണം ഒരുമാസത്തിനകവും പൂര്‍ത്തീകരിക്കുന്നതിനുള്ള കര്‍മപദ്ധതി യോഗം തയ്യാറാക്കി. ഭൂമിയുടെ രേഖകള്‍ ഭൂവുടമകള്‍ക്കു വേഗത്തില്‍ ലഭ്യമാക്കേണ്ടത് നഷ്ടപരിഹാര വിതരണം വേഗതയില്‍ പൂര്‍ത്തികരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും ഏതെങ്കിലും ഒരു രേഖ ലഭ്യമാകാത്തതു ഭൂവുടമകള്‍ക്കു സാരാമായ ബുദ്ധിമുട്ട് സൃഷ്ടിച്ച് നഷ്ടപരിഹാര വിതരണത്തിന്റെ പുരോഗതിക്കു തടസമുണ്ടാക്കുന്നതായും സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിഹാരമുണ്ടാക്കുന്നതിനാണു യോഗം വിളിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നോര്‍ത്ത് പറവൂരിലെ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എസ് ഷാജഹാന്‍, സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ ഒ അരുണ്‍, എല്‍എ ഡെപ്യൂട്ടി കലക്ടര്‍ പി ബി സുനിലാല്‍, ജില്ലാ രജിസ്ട്രാര്‍ എ ബി ജോര്‍ജ്, ദേശീയപാത പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി ജയരാജന്‍, കണയന്നൂര്‍ (ഭൂരേഖ) തഹസില്‍ദാര്‍ പി ടി വേണുഗോപാല്‍, പറവൂര്‍ തഹസില്‍ദാര്‍ കെ എന്‍ അംബിക, പറവൂര്‍ (ഭൂരേഖ) തഹസില്‍ദാര്‍ പി പ്രിയ, എല്‍എ സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരായ സരിത പ്രഭാകര്‍, കെ രാധാകൃഷ്ണന്‍, സബ് രജിസ്ട്രാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it