Ernakulam

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണം: കെഎടിഎഫ്

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണം: കെഎടിഎഫ്
X

എറണാകുളം: കൊവിഡ് മഹാമാരിയുടെ പേരില്‍ നിയമന ഉത്തരവ് ലഭിച്ച അധ്യാപകരുടെ നിയമന തടസ്സം നീക്കി ഉടന്‍ നിയമനം നല്‍കണമെന്നും കലാവധി അവസാനിക്കാറായ വിവിധ റാങ്ക് ലിസ്റ്റുകളുടെ സമയപരിധി രണ്ട് വര്‍ഷത്തേക്കെങ്കിലും നീട്ടണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍(കെഎടിഎഫ്) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. മരണം, വിരമിക്കല്‍ എന്നിവ മൂലം ആയിരക്കണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒഴിവുകള്‍ നികത്താന്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന ചിന്ത സര്‍ക്കാര്‍ ഉപേക്ഷിക്കണം. ഓണ്‍ലൈന്‍ പഠനത്തിന് തുടക്കം കുറിച്ച ഈ സാഹചര്യത്തില്‍ മുഴുവന്‍ ഒഴിഞ്ഞ കിടക്കുന്ന തസ്തികകളിലും അധ്യാപക നിയമനം നല്‍കേണ്ടത് വിദ്യാര്‍ത്ഥികളുടെ സുഗമമായ പഠനത്തിന് അനിവാര്യമാണ്.

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കണം. പാഠപുസ്തകം പോലെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ അധ്യാപകരെല്ലാം കണക്കെടുപ്പും സ്‌പോണ്‍സറെ കണ്ടെത്തുന്നതിന്റെയും തിരക്കിലും ആശങ്കയിലുമാണ്. സര്‍ക്കാര്‍ ഈ സംവിധാനം ഒരുക്കാന്‍ മുന്നോട്ടുവരികയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.

ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ ബാഖവി, എം എ ലത്തീഫ്, എം ടി സൈനുല്‍ ആബിദീന്‍, എസ് എ റസാഖ്, സി എച്ച് ഫാറൂഖ്, എം പി അയ്യൂബ്, എം എ സാദിഖ്, സലാം വയനാട്, നൂറുല്‍ അമീന്‍, എ പി ബഷീര്‍, പി കെ ഷാക്കിര്‍, മുഹമ്മദലി മിഷ്‌കാത്തി, കെ കെ റംലത്ത് സംസാരിച്ചു.

PSC rank lists should be extended: KATF

Next Story

RELATED STORIES

Share it