Idukki

യുവാവിന് നേരേ ആസിഡ് ആക്രമണം: യുവതി റിമാന്‍ഡില്‍

യുവാവിന് നേരേ ആസിഡ് ആക്രമണം: യുവതി റിമാന്‍ഡില്‍
X

ഇടുക്കി: അടിമാലിയില്‍ സുഹൃത്തായ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവതിയെ റിമാന്‍ഡ് ചെയ്തു. ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലില്‍ ഷീബാ സന്തോഷിനെയാണ് (36) റിമാന്‍ഡ് ചെയ്തത്. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ തിരുവനന്തപുരം പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍കുമാര്‍ (27) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പ്രണയത്തില്‍നിന്ന് പിന്‍മാറിയതിനാണ് അരുണ്‍കുമാറിന്റെ മുഖത്തേക്ക് യുവതി ആസിഡ് ഒഴിച്ചത്.

നവംബര്‍ 16ന് അടിമാലി ഇരുമ്പുപാലത്തിന് സമീപത്തായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചിരുന്നെങ്കിലും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. പിന്നീട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. ഇന്നലെ ഷീബയെ മുരിക്കാശേരി പൂമാംകണ്ടത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് ഹോംനഴ്‌സായി ജോലിനോക്കിയിരുന്ന ഷീബ രണ്ടുകുട്ടികളുടെ അമ്മയുമാണ്. ഫേസ്ബുക്കിലൂടെയാണ് യുവാവിനെ പരിചയപ്പെട്ടത്. മൂന്നുവര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു.

ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുണ്‍കുമാര്‍ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചു. എന്നാല്‍, മറ്റൊരു യുവതിയുമായി അരുണ്‍കുമാറിന്റെ വിവാഹാലോചന നടക്കുന്നത് മനസ്സിലാക്കിയ ഷീബ ഇരുമ്പുപാലത്തേക്ക് വിളിച്ചുവരുത്തുകയും ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു. പിടിവലിക്കിടെയാണ് ഷീബയ്ക്ക് ആസിഡ് വീണ് പൊള്ളലേറ്റത്. റബര്‍ പാലില്‍ ഉപയോഗിക്കുന്ന ഹോമിക് ആസിഡ് കൊണ്ടായിരുന്നു ആക്രമണം. അബദ്ധത്തില്‍ പറ്റിയ പരിക്കാണെന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്.

Next Story

RELATED STORIES

Share it