Kannur

എസ്‌കെഎസ്എസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന് നേരേ ആക്രമണം

എസ്‌കെഎസ്എസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന് നേരേ ആക്രമണം
X

കണ്ണൂര്‍: എസ്‌കെഎസ്എസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍ വി അബൂബക്കര്‍ യമാനിക്ക് നേരേ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെ കല്ലിക്കണ്ടിതൂവക്കുന്ന് റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. കടവത്തൂര്‍ തെണ്ടപറമ്പ് മദ്‌റസയില്‍നിന്നും തൂവക്കുന്ന് യമാനിയ അറബി കോളജിലേക്ക് പോവുന്നതിനിടെ കാറിലും ബൈക്കിലുമായി പിന്തുടര്‍ന്ന സംഘമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബൂബക്കര്‍ യമാനിയെയും സഹപ്രവര്‍ത്തകന്‍ ശഫീഖ് വാഫിയെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.

തലപ്പാവ് ചെളിയിയില്‍ വെലിച്ചെറിഞ്ഞതിന് ശേഷം രണ്ടുപേരെയും മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സ തേടിയതിന് ശേഷം കൊളവല്ലൂര്‍ പോലിസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പോലിസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പ്രസിഡന്റിന് നേരേ ആക്രമണം നടത്തിയ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് എസ്‌കെഎസ്എസ്എഫ് ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. അബൂബക്കര്‍ യമാനിക്ക് നേരേ അക്രമികള്‍ വര്‍ഗീയ ആക്രോശം നടത്തുകയും തലപ്പാവ് അഴിച്ച് വലിച്ചെറിയുകയും കൈയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ നശിപ്പിക്കുകയും വര്‍ഗീയത ഇളക്കി വിടുംവിധം പെരുമാറുകയും ചെയ്തു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി പാനൂര്‍ മേഖലയില്‍ മതസാമൂഹിക സാംസ്‌കാരിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യമാനിക്ക് നേരെയുള്ള ആക്രമണം തികച്ചും അപലപനീയമാണ്. പ്രതികളുടെ ഗുണ്ടായിസത്തിന് രാഷ്ട്രീയ പിന്‍ബലമുണ്ടോ എന്ന് പരിശോധിക്കപ്പെടണം. നാട്ടിലെ സമാധാനാന്തീക്ഷം തകര്‍ക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധരുടെ ഗുണ്ടാ നടപടികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ എല്ലാവരും രംഗത്തുവരണം. മതപണ്ഡിതന്‍മാര്‍ക്കും മത ചിഹ്നങ്ങള്‍ക്കും നേരെയുണ്ടാവുന്ന ഇത്തരം തുടര്‍ച്ചയായ അതിക്രമങ്ങള്‍ നിര്‍ത്തണം. ഏതെങ്കിലും രാഷ്ട്രീയ പിന്‍ബലത്തിലാണ് ഇത്തരം ക്രിമിനലുകള്‍ ഈ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാവണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it