Kannur

അതിതീവ്രമായ മഴയ്ക്കു സാധ്യത; കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്

അതിതീവ്രമായ മഴയ്ക്കു സാധ്യത;   കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്
X

കണ്ണൂര്‍: ജില്ലയില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവ മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍കരുതലുകളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ചെറിയ ഡാമുകളില്‍ നേരത്തേ തന്നെ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്് കെഎസ്ഇബി, ഇറിഗേഷന്‍, കെഡബ്ല്യുഎ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കണം. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് 2021 മാര്‍ഗരേഖക്ക് അനുസൃതമായി ജില്ലയില്‍ ദുരന്ത പ്രതിരോധപ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും നിര്‍ദേശത്തിലുണ്ട്. മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കണം. തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിര്‍ദേശം നല്‍കുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കില്‍ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും ചെയ്യണം. അപകടാവസ്ഥയിലുള്ളവരെ മാറ്റി താമസിപ്പിക്കണം. കടലാക്രമണം രൂക്ഷമായ മേഖലയില്‍ ക്യാംപുകള്‍ സജ്ജീകരിച്ച് ആളുകളെ മാറ്റണം. നദികളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കണം.

പോലിസ്, വനംവകുപ്പ്, ഫയര്‍ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങള്‍, റവന്യു ഉദ്യോഗസ്ഥര്‍, ഡാം ഓപറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Chance of heavy rain; Red alert in Kannur district tomorrow

Next Story

RELATED STORIES

Share it