Kannur

13 ലക്ഷം നികുതിയടച്ചില്ലെങ്കില്‍ ജപ്തി ചെയ്യും; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കോര്‍പറേഷന്റെ നോട്ടീസ്

13 ലക്ഷം നികുതിയടച്ചില്ലെങ്കില്‍ ജപ്തി ചെയ്യും; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കോര്‍പറേഷന്റെ നോട്ടീസ്
X

കണ്ണൂര്‍: സിപിഎം ഭരിക്കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കെട്ടിട നികുതി ചുമത്തി യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷന്‍. കെട്ടിട നികുതി ഇനത്തില്‍ 13 ലക്ഷം രൂപ അടയ്ക്കണമെന്നും അല്ലാത്തപക്ഷം കെട്ടിടം ജപ്തി ചെയ്യുമെന്നുമാണ് നോട്ടീസിലുള്ളത്. 2016 ല്‍ കെട്ടിടം നിര്‍മ്മിച്ചത് മുതലുള്ള നികുതിയാണിത്. എന്നാല്‍ ഒരു തദ്ദേശ സ്ഥാപനത്തിന് മറ്റൊരു സ്ഥാപനം നികുതി ചുമത്തുന്നത് അസാധാരണ നടപടിയാണെന്നും കോര്‍പറേഷന്‍ അധികൃതര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും ജില്ലാ പഞ്ചായത്ത് ആരോപിച്ചു. എന്നാല്‍ ഇത് നിയമപരമായ നടപടി മാത്രമാണെന്നാണ് കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്റെ വാദം.

സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കൊവിഡ് പ്രവര്‍ത്തനങ്ങളുടെ ചുമതലയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള വോളന്റിയര്‍മാര്‍ക്കുള്ള അനുമതിയും സിപിഎം നിയന്ത്രണത്തിലുള്ള ഐആര്‍പിസിക്കു നല്‍കിയതിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പയ്യാമ്പലത്ത് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച് ഇരുവിഭാഗവും വാഗ്വാദം വരെ അരങ്ങേറിയിരുന്നു. കെ സുധാകരനും ഡിസിസിയുമെല്ലാം എതിര്‍പ്പുമായി രംഗത്തെത്തിയപ്പോള്‍ ഐആര്‍പിസിയുടെ ചുമതലയുള്ള സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കെട്ടിട നികുതി സംബന്ധിച്ച പുതിയ രാഷ്ട്രീയപോരിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോര്‍പറേഷനും നീങ്ങുന്നത്. 2016നു ശേഷം കണ്ണൂര്‍ കോര്‍പറേഷന്‍ എല്‍ഡിഎഫായിരുന്നു ഭരിച്ചിരുന്നത്. നാലുവര്‍ഷം പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് വിമതന്‍ തിരിച്ചെത്തിയതോടെ ഭരണം യുഡിഎഫിനു ലഭിച്ചിരുന്നു.

Corporation sent notice to Kannur District Panchayath

Next Story

RELATED STORIES

Share it