Kannur

കൊവിഡ് പ്രതിരോധം; കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

വായനശാലകളില്‍ ഇരുന്നുകൊണ്ടുള്ള വായന അനുവദനീയമല്ല

കൊവിഡ് പ്രതിരോധം; കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
X

കണ്ണൂര്‍: കൊവിഡ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആള്‍ക്കൂട്ടം ഉണ്ടാവുന്നത് തടയുകയാണ് പ്രധാനലക്ഷ്യം. സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റ് കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ ആളുകള്‍ കൂടുന്നതായി റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

നിയന്ത്രണങ്ങള്‍:

1) വായനശാലകളില്‍ ഇരുന്നുകൊണ്ടുള്ള വായന അനുവദനീയമല്ല.

2) ലൈബ്രറിയില്‍ നിന്നു പുസ്തകങ്ങള്‍ നല്‍കുന്ന അവസരങ്ങളില്‍ ഒന്നില്‍ കൂടുതല്‍ വ്യക്തികളെ ലൈബ്രറിക്കുള്ളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. പുസ്തക വിതരണ വേളകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതും കൈകള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

3) ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവ നടത്തുന്ന പ്രതിമാസ യോഗങ്ങള്‍ ഒഴിവാക്കണം. ഒഴിവാക്കാന്‍ പറ്റാത്ത യോഗങ്ങള്‍ ഓണ്‍ലൈനായി നടത്താവുന്നതാണ്.

4) ക്ലബ്ബുകള്‍, വായനശാലകള്‍, റസിഡന്‍സ് അസോസിയേഷന്‍ മുതലായവ നടത്തുന്ന പ്രതിമാസ ചിട്ടികള്‍, മറ്റ് രീതിയിലുള്ള ധന സമാഹരണ പ്രവര്‍ത്തനങ്ങള്‍ മുതലായവ പരിമിതമായ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തേണ്ടതാണ്.

5) ഇത്തരം സംഘടനകള്‍ നടത്തുന്ന എല്ലാ രീതിയിലുള്ള കൂട്ടംകൂടിയുള്ള കായിക വിനോദ പരിപാടികളും കര്‍ശനമായി ഒഴിവാക്കണം.

നിയന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം, കേരള പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Covid resistance; Restrictions are being tightened in Kannur

Next Story

RELATED STORIES

Share it