Kannur

ധീരജിന്റെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ധീരജിന്റെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
X

ഇടുക്കി: എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ ഇന്നലെ വൈകീട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലിസിന്റെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പോലിസ് സമര്‍പ്പിക്കും. നിഖില്‍ പൈലിയുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത് രാഷ്ട്രീയ വിരോധം കാരണമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിഖില്‍ പൈലിക്കെതിരേ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പോലിസ് ചുമത്തിയത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാവാനും സാധ്യതയുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരെര്‍ കൂടാതെ പോലിസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖില്‍ പൈലിയും ജെറിന്‍ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ധീരജ് കൊല്ലപ്പെട്ടത്. ധീരജിന്റെ മൃതദേഹം അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് ജന്‍മനാട്ടിലെത്തിച്ചത്. തൃച്ചംബരം പാലക്കുളങ്ങരയിലെ വീടിനു സമീപത്തെ പറമ്പിലേക്ക് മൃതദേഹം എത്തിച്ചു. ഇവിടെ പൊതുദര്‍ശനം നടത്തി. മൃതദേഹം എത്തിയത് പ്രതീക്ഷിച്ചതിലും അഞ്ചര മണിക്കൂര്‍ വൈകിയാണെങ്കിലും നാട്ടുകാര്‍ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. തളിപ്പറമ്പ ഏരിയാ കമ്മറ്റി ഓഫിസിലും പൊതുദര്‍ശനം നടത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംസ്‌കാരം നടത്തിയത്. തളിപ്പറമ്പിലെ ധീരജിന്റെ വീടിനോട് ചേര്‍ന്ന് സിപിഎം വാങ്ങിയ എട്ട് സെന്റ് സ്ഥലത്താണ് സംസ്‌കാരം നടത്തിയത്.

Next Story

RELATED STORIES

Share it