Kannur

കണ്ണൂരില്‍ കൊവിഡ് രോഗികളെ ഉള്‍ക്കൊള്ളാനാവാതെ സര്‍ക്കാര്‍ ആശുപത്രികള്‍

സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടാമെന്ന് ഡിഎംഒ

കണ്ണൂരില്‍ കൊവിഡ് രോഗികളെ ഉള്‍ക്കൊള്ളാനാവാതെ സര്‍ക്കാര്‍ ആശുപത്രികള്‍
X

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ രോഗികളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയുള്ളതിനാല്‍ ചികില്‍സയ്ക്കു വേണ്ടി രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്താമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. കൊവിഡ് ചികില്‍സയ്ക്കു

സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി അനുമതി നല്‍കി സര്‍ക്കാര്‍ ഇതിനകം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ള രോഗബാധിതരെ ചികില്‍സിക്കുന്നതിന് നാല് സര്‍ക്കാര്‍ ആശുപത്രികളാണ് ജില്ലയിലുള്ളത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് ബാധിതര്‍ക്കു വേണ്ടി ഏഴ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തദ്ദേശ സയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ ഈ സൗകര്യങ്ങള്‍ കൊണ്ട് മാത്രം എല്ലാതരം രോഗികളെയും ഉള്‍ക്കൊള്ളുക പ്രയാസമായിരിക്കും. അതുകൊണ്ട് പ്രകട രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ ചികില്‍സയില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്. ജില്ലയില്‍ ഏതാനും സ്വകാര്യ ആശുപത്രികളില്‍ ഇതിനകം കൊവിഡ് ചികില്‍സ ആരംഭിച്ചിട്ടുണ്ട്. ഇത്തരം സ്വകാര്യ ആശുപത്രികളില്‍ മറ്റു രോഗങ്ങള്‍ക്ക് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് കൊവിഡ് ചികിത്സ ആവശ്യമായി വരുന്ന പക്ഷം അത് ലഭ്യമാക്കണം. ഇത് മറ്റു സ്വകാര്യ ആശുപത്രികള്‍ കൂടി മാതൃകയാക്കണമെന്നും കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികില്‍സയ്ക്കായി മുന്നോട്ടു വരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.

പ്രായമാവരും കുട്ടികളും രോഗികളും പുറത്തിറങ്ങരുത്

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിവേഴ്സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. 60 വയസ്സിന് മുകളിലും 10 വയസ്സിനു താഴെയും പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ശ്വാസകോശ രോഗമുള്ളവര്‍, വൃക്കരോഗികള്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങി റിവേഴ്സ് ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാനുളള സാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കണം. ഇവര്‍ സ്വന്തം വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് മറ്റുള്ളവര്‍ ഉറപ്പുവരുത്തണമെന്നും ഡിഎംഒ അറിയിച്ചു.

കല്യാണങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, ആളുകള്‍ ഒരുമിച്ചുകൂടുന്ന മറ്റ് ആഘോഷങ്ങള്‍ എന്നിവയില്‍ നിന്നും ഇവര്‍ മാറി നില്‍ക്കേണ്ടതാണ്. ആശുപത്രി സന്ദര്‍ശനം പോലെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്ത് പോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. റിവേഴ്സ് ക്വാറന്റൈന്‍ ഉറപ്പാക്കുന്നതിന് വാര്‍ഡുതല ജാഗ്രാതാസമിതികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.


Kannur covid update:also seek treatment in private hospitals-DMO


Next Story

RELATED STORIES

Share it