Kannur

പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്:എസ് ഡിപിഐ തലശ്ശേരി സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്:എസ് ഡിപിഐ തലശ്ശേരി സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി
X

കണ്ണൂര്‍: കൊവിഡ് 19 രോഗവ്യാപന ഭീതിയില്‍ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന പ്രവാസികള്‍ നാട്ടിലെത്താതിരിക്കാന്‍ കുതന്ത്രങ്ങളും കുപ്രചാരണങ്ങളും നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചനയ്‌ക്കെതിരേ എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരി സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യാതൊരു വരുമാനവുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട് ഭീതിയില്‍ കഴിയുന്ന പ്രവാസികള്‍ക്കുമേല്‍ അമിത വിമാനക്കൂലി ചുമത്തി കേന്ദ്ര സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുമ്പോള്‍ ക്വാറന്റൈന്‍ ചെലവ് അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ വികസനത്തിന്റെ നട്ടെല്ലായ പ്രവാസികളെ കഷ്ടപ്പെടുത്താന്‍ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ല. ഇനിയും അവര്‍ക്കനുകൂലമായ നിലപാടെടുത്തില്ലെങ്കില്‍ പൊതുജന പങ്കാളിത്തത്തോട് കൂടി ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'പ്രവാസികള്‍ നാടിന്റെ നട്ടെല്ല്, പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പാര്‍ട്ടി സംസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച്. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കുക, അതിനായി ഷെഡ്യൂള്‍ തയ്യാറാക്കുക, പ്രവാസികളില്‍ നിന്നു ഈടാക്കുന്ന അമിത വിമാനക്കൂലി പിന്‍വലിക്കുക, കൊവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ആഹാരവും ചികില്‍സയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പാര്‍ട്ടി പ്രക്ഷോഭപരിപാടികളിലൂടെ ഉന്നയിക്കുന്നുണ്ട്. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി മണ്ഡലംതലങ്ങളില്‍ പ്രതിഷേധം, സെക്രട്ടേറിയറ്റിനു മുമ്പില്‍ സംസ്ഥാന നേതാക്കളുടെ ഉപവാസം, സംസ്ഥാനത്തെ നോര്‍ക്ക ഓഫിസുകളിലേക്ക് മാര്‍ച്ച്, 20 മന്ത്രി മന്ദിരങ്ങളിലേക്ക് മാര്‍ച്ച് തുടങ്ങിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിരുന്നു.

സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഹാറൂണ്‍ കടവത്തൂര്‍, ധര്‍മടം മണ്ഡലം പ്രസിഡന്റ് നിയാസ് തറമ്മല്‍ സംസാരിച്ചു.

SDPI march to civil station in Thalassery




Next Story

RELATED STORIES

Share it