Kannur

ബിജെപിയെ ചെറുക്കുന്നതില്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് ആത്മാര്‍ഥതയില്ല: അജ്മല്‍ ഇസ്മായില്‍

ബിജെപിയെ ചെറുക്കുന്നതില്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് ആത്മാര്‍ഥതയില്ല: അജ്മല്‍ ഇസ്മായില്‍
X

കണ്ണൂര്‍: കേരളത്തില്‍ ബിജെപിയെ ചെറുക്കുന്നതില്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് ആത്മാര്‍ഥതയില്ലെന്നതിന്റെ തെളിവാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയമെന്ന് എസ്ഡിപി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. 'ഇതാണ് പാത, ഇതാണ് വിജയം' എന്ന പ്രമേയത്തില്‍ വളപട്ടണം മന്ന റിഫ്ത ഹാളില്‍ എസ് ഡിപി ഐ അഴീക്കോട് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പ്രതീക്ഷയേകിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. മോദിയുടെയും എന്‍ഡിഎയുടെയും ദുര്‍ഭരണത്തിനെതിരേ രാജ്യമൊന്നാകെയുള്ള ജനത ഒറ്റക്കെട്ടായി വിധിയെഴുതാന്‍ മുതിര്‍ന്നപ്പോള്‍ കേരളത്തില്‍ ആദ്യമായി വിദ്വേഷ രാഷ്ട്രീയത്തിന് ഇടംനല്‍കുകയായിരുന്നു. ഇന്‍ഡ്യ സഖ്യത്തിലെ രണ്ട് കക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും മറ്റെല്ലായിടത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ ഒന്നിച്ചുനിന്നപ്പോള്‍ കേരളത്തില്‍ സാധ്യതയുള്ള സീറ്റില്‍പോലും പരസ്പരം പോരടിച്ച് ബിജെപിക്ക് വഴിതുറക്കുകയായിരുന്നു. 11 മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തുകയും വോട്ടുകള്‍ ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടും കാര്യമാത്രമായ ചര്‍ച്ചകളിലേക്ക് ആരും മുതിരുന്നില്ല. ന്യൂനപക്ഷ പ്രീണനം എന്ന ഇല്ലാക്കഥയും പറഞ്ഞ് വോട്ട് ചോര്‍ച്ചയിലും മുസ് ലിംകള്‍ക്കെതിരേ തിരിയുന്നവര്‍ ഈഴവ, ദലിത് വോട്ടുകളും പാര്‍ട്ടികോട്ടകളിലെ ഉറച്ച വോട്ടുകളും ബിജെപിയിലേക്ക് പോയതിനെ മറച്ചുവെക്കുകയാണ്. സിഎഎ, ഏകസിവില്‍കോഡ്, അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ തുടങ്ങി കടുത്ത വിവേചനപരമായ ഭരണം നടത്തിയ മോദി സര്‍ക്കാരിന് കേരളമണ്ണിലും അനുയായികള്‍ കൂട്ടത്തോടെ വര്‍ധിച്ചുവരികയാണെന്ന സത്യം മനപൂര്‍വം മറച്ചുവയ്ക്കുകയാണ്. ബിജെപി വളര്‍ച്ചയെ നിസ്സാരമായി കാണാതെ ഇരുമുന്നണികളും തങ്ങളുടെ നിലപാട് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്ഡിപി ഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, ,റഹീം പൊയ്ത്തുംകടവ്. ഷഹര്‍ബാന, സംസാരിച്ചു. ജില്ലാ സെക്രട്ടറി എ പി മുസ്തഫ, ഷുക്കൂര്‍ മാങ്കടവ്, അബ്ദുല്ല മന്ന, ഇസ്മായില്‍, സി ഷാഫി, റാഷിദ് പുതിയതെരു, കെ വി മുബ്‌സീന സംബന്ധിച്ചു. ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേടിയ കണ്ണൂരിന്റെ അഭിമാനമായ ഫൈസല്‍ പൊയ്ത്തുംകടവ്, ചെറുകഥാകൃത്തും എഴുത്തുകാരിയുമായ ഷമീമ വളപട്ടണം എന്നിവരെ ആദരിച്ചു. പുതുതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തു.


Next Story

RELATED STORIES

Share it