Kannur

പെട്രോള്‍ പമ്പുകളെ നികുതിയൂറ്റ് കേന്ദ്രമാക്കി യൂത്ത് കോണ്‍ഗ്രസ് സമരം

പെട്രോള്‍ പമ്പുകളെ നികുതിയൂറ്റ് കേന്ദ്രമാക്കി യൂത്ത് കോണ്‍ഗ്രസ് സമരം
X

കണ്ണൂര്‍: രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭസമരത്തിന്റെ തുടര്‍ച്ചയായി പെട്രോള്‍ പമ്പുകളുടെ പേരുമാറ്റി യൂത്ത് കോണ്‍ഗ്രസ് സമരം. പെട്രോള്‍ പമ്പുകള്‍ക്ക് മോദി- പിണറായി നികുതിയൂറ്റ് കേന്ദ്രമെന്നാക്കിയാണ് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ സമരം നടത്തിയത്. തുടര്‍സമരത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളുടെ മുന്നിലും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പമ്പിന്റെ പേര് മാറ്റിക്കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രതിഷേധ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് പറഞ്ഞു.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തിന് വേണ്ടി സമരം ചെയ്യുന്ന കോണ്‍ഗ്രസിനെ സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ ജോജിയെ പോലുള്ള സിനിമാ നടന്‍മാര്‍ രംഗത്തിറങ്ങിയാല്‍ തങ്ങള്‍ക്ക് അവരെ നേരിടേണ്ടിവരുമെന്ന് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പറഞ്ഞു. ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ സമരങ്ങള്‍ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ജോജിയെ പോലുള്ളവര്‍ സമരത്തോട് കാണിച്ച അസഹിഷ്ണുത ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇന്ധന വിലവര്‍ധന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും നിലപാടെടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കെ കമല്‍ ജിത്ത്, റോബോര്‍ട്ട് വെള്ളാംവെള്ളി, റിജിന്‍ രാജ്, ജില്ലാ ഭാരവാഹികളായ പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കൊയിലെരിയന്‍, അനൂപ് തന്നട, പി ഇമ്രാന്‍, സിജോ മറ്റപ്പളി, എം കെ വരുണ്‍, നികേത് നാറാത്ത്, സനോജ് പാലേരി, അക്ഷയ് ചൊക്ലി മുഹസിന്‍ കീഴ്ത്തള്ളി, മെബിന്‍ പീറ്റര്‍, റുബിന്‍ കിഴുന്ന, ജിതേഷ് മണല്‍, സജേഷ് നാറാത്ത്, ലൗജിത്ത് കുന്നംകൈ, സി വി വരുണ്‍, അഭിലാഷ് കടമ്പൂര്‍, പി റാഷിദ്, കെ അമല്‍, ഖലീല്‍ റഹ്മാന്‍, ശംസു മയ്യില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it