Kasaragod

പകുതി വില തട്ടിപ്പ്; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം: എന്‍സിപി; രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് തുടക്കമായി

പകുതി വില തട്ടിപ്പ്; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം: എന്‍സിപി; രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് തുടക്കമായി
X

കാഞ്ഞങ്ങാട്: പകുതി വില തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് അനിവാര്യമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി. പകുതി വില തട്ടിപ്പില്‍ ഉത്തരവാദിത്തപ്പെട്ട പല രാഷ്ട്രീയപാര്‍ട്ടികളിലെയും നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും പുറത്തുവരുന്ന തട്ടിപ്പിന്റെ കഥകള്‍ ഞെട്ടിക്കുന്നതാണ്. എന്‍സിപി ഇതിന്റെ വസ്തുനിഷ്ഠമായ കണക്കെടുപ്പ് നടത്തുകയാണ്. അത് എത്രയും പെട്ടെന്ന് പൂര്‍ണമായും വെളിപ്പെടുത്തും. രാഷ്ട്രീയ നേതാക്കള്‍ക്ക് സംഭാവനയായി കൊടുത്തുവെന്ന് അനന്തു വെളിപ്പെടുത്തുന്ന പണം വന്‍കിട തട്ടിപ്പുകള്‍ ലക്ഷ്യം വെച്ചുള്ള കോഴപ്പണമായിരുന്നു.

അതുകൊണ്ടുതന്നെ അന്വേഷണം ഗൗരവത്തോടെ ഉണ്ടാകേണ്ടതുണ്ട്. ഭരണകക്ഷിയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യമായ പങ്ക് വെളിപ്പെടുമ്പോള്‍ നീതിയുക്തമായ അന്വേഷണമാണ് വേണ്ടത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാത്ത തരത്തിലുള്ള അന്വേഷണമാണ് വേണ്ടത്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും വരെ ഒപ്പം തട്ടിപ്പുകാരന്‍ ചിത്രങ്ങള്‍ എടുത്തുവെങ്കില്‍ അതിനുള്ള സാധ്യതകള്‍ ഒരുക്കിയത് ആരാണെന്നതില്‍ അന്വേഷണം നടത്തണം.

നിലവില്‍ പരാതികള്‍ ഒതുക്കി തീര്‍ക്കുവാനുള്ള പരിശ്രമമാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ നടത്തുന്നത്. പരാതി നല്‍കിയവര്‍ക്ക് പണം തിരികെ കൊടുത്തതുകൊണ്ട് മാത്രം കാര്യമില്ല. പരാതി നല്‍കാത്തവരായി ഇനിയുമുണ്ട് ഒരുപാട് ആളുകള്‍. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടികള്‍ ചെയ്യേണ്ടത് അവര്‍ ഇടപെട്ട ആര്‍ക്കൊക്കെ പണം നഷ്ടപ്പെട്ടു, അവര്‍ക്കൊക്കെ പണം തിരികെ നല്‍കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളണം. ഇത്രയും ഗുരുതരമായ സാമ്പത്തിക തട്ടിപ്പില്‍ ആരോപണം നേരിടുന്ന ജനപ്രതിനിധികള്‍ രാജിവച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവകേരള മുന്നണി സൃഷ്ടിയ്ക്കായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്ര ഇന്നലെ(11-02-25) കാസര്‍ഗോഡ് നിന്നും ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍ നിയോജകമണ്ഡലങ്ങളും സഞ്ചരിച്ച് യാത്ര 17ന് വൈകുന്നേരം തിരുവനന്തപുരത്ത് സമാപിക്കും.




Next Story

RELATED STORIES

Share it