Kasaragod

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന മീന്‍ലോറികളില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്

കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വന്ന മീന്‍ലോറികളില്‍ പരിശോധന നടത്തി.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന മീന്‍ലോറികളില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്
X

കാസര്‍കോട്: കേരളത്തിലേക്കെത്തുന്ന മീന്‍ലോറികളില്‍ പരിശോധന നടത്താന്‍ അതിര്‍ത്തിയില്‍ വലവിരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലാണ് ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ ജോണ്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്.

കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വന്ന മീന്‍ലോറികളില്‍ പരിശോധന നടത്തി. ഇതിനായി മൊബൈല്‍ പരിശോധന ലാബും അധികൃതര്‍ ഒരുക്കിയിരുന്നു. വൈകീട്ട് ആറുവരെ 16 ലോറികളില്‍ പരിശോധന നടത്തിയതായി അസി. കമീഷണര്‍ പറഞ്ഞു. എന്നാല്‍, പഴകിയതോ രാസപദാര്‍ഥങ്ങളുള്ളതോ ആയ മത്സ്യം കണ്ടെത്താനായില്ലെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തിലേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന അതിര്‍ത്തിയിലേക്ക് മാറ്റിയത്. രണ്ടുദിവസം മുമ്പ് പുലര്‍ച്ച മൂന്നരക്ക് കാസര്‍കോട് മാര്‍ക്കറ്റില്‍നിന്ന് 200 കിലോ പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചിരുന്നു.

ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, പച്ചക്കറി കടകള്‍, ബേക്കറികള്‍ തുടങ്ങിയ ഇടങ്ങളിലാണ് ജില്ലയില്‍ ഇതിനകം പരിശോധന നടത്തിയത്. ഇതുവരെ ഒമ്പത് കടകള്‍ ജില്ലയില്‍ അടപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ പിഴയും ഈടാക്കി. അടപ്പിച്ച ഒമ്പത് കടകളില്‍ മൂന്നെണ്ണം ഹോട്ടലുകളാണ്. മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ നടന്ന പരിശോധനയില്‍ അസി. കമീഷണര്‍ക്കു പുറമെ ഭക്ഷ്യ സുരക്ഷ ഓഫിസര്‍മാരായ കെ സുജയന്‍, കെ പി മുസ്തഫ, എസ് ഹേമാംബിക എന്നിവരും പങ്കെടുത്തു. പരിശോധന അടുത്ത ദിവസവും തുടരുമെന്ന് ഇവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it