Kozhikode

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കൈയേറ്റം; അധികാരികള്‍ ഇടപെടണം

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കൈയേറ്റം; അധികാരികള്‍ ഇടപെടണം
X

കോഴിക്കോട്: കൊവിഡ് മഹാമാരിക്കെതിരേ എല്ലാം ത്യജിച്ച് മുന്‍നിര പോരാളികളായി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യത്ത് നിരന്തരമായി ഉണ്ടാവുന്ന കൈയേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ അധികാരികള്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അശ്‌റഫ് ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ ബാധ്യതപ്പെട്ടവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. തങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ അക്രമങ്ങളും ഭീഷണിയും നേരിടേണ്ടി വരുന്നത് പ്രബുദ്ധ ജനതയ്ക്ക് അപമാനമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ സംരക്ഷണ കവചം ഒരുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈയുംകെട്ടി നോക്കിനില്‍ക്കുന്നത് കൊവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളുടെ ആത്മവീര്യം കെടുത്തുകയും മഹാമാരിക്കെതിരെയുള്ള പോരാട്ടം തന്നെ ദുര്‍ബലപ്പെട്ടു പോകുകയും ചെയ്യുമെന്ന കാര്യം ഗൗരവത്തിലെടുക്കണം.

രോഗി ആശുപത്രിയില്‍ വച്ച് മരണപ്പെടുമ്പോള്‍ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന വേദനയെ കുറച്ചുകാണുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ചികില്‍സിച്ച ഡോക്ടറോടും ആശുപത്രി അധികൃതരോടും ആത്മരോഷം പ്രകടിപ്പിക്കുന്നത് സ്വന്തത്തിനും സമൂഹത്തിനും ദോഷം മാത്രമേ വരുത്തുകയുള്ളൂ. നമ്മെ ചികില്‍സിച്ചതിന്റെ പേരില്‍ ധാരാളം ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാവുകയും നിരവധിപേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്ത വാര്‍ത്തയും നാം ഇതിനോട് ചേര്‍ത്ത് വായിക്കണം. എത്ര തിരക്കാണെങ്കിലും ആരോഗ്യ പ്രവര്‍ത്തകരുടെ അശ്രദ്ധ മറ്റു മേഖലയില്‍ സംഭവിക്കുന്നത് പോലെയല്ലെന്നും അതിന്റെ പേരില്‍ മനുഷ്യ ജീവനാണ് പൊലിയുന്നത് എന്നുള്ള ഗൗരവബോധം അവര്‍ക്ക് അനിവാര്യമാണ്. ഈ രംഗത്ത് തികഞ്ഞ ബോധമുള്ളവരാണ് മഹാഭൂരിപക്ഷം ആരോഗ്യപ്രവര്‍ത്തകരും. ഒറ്റപ്പെട്ട കേസുകള്‍ ഈ രംഗത്തും ഉണ്ടാകാം. അതിനെതിരേ നിയമനടപടികളും ആവാം. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവല്‍ക്കരിച്ച് ആരോഗ്യ മേഖലയോട് പൊതുവായി കാണിക്കുന്ന അക്രമ മനോഭാവം അവസാനിപ്പിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാവണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യപ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുന്നു എന്ന പ്രസ്താവന അവര്‍ക്ക് അനുഭവഭേദ്യമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

Assaults on health workers; Authorities must intervene-WISDOM


Next Story

RELATED STORIES

Share it