Kozhikode

കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
X

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൊവിഡിനെതിരെ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ ദിവസത്തില്‍ 5000ലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. രോഗ ബാധിതരെ ശുശ്രൂഷിക്കാനുള്ള സംവിധാനവും സജ്ജമാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജ്, ഗവ. ജനറല്‍ ആശുപത്രി (ബീച്ച്ആശുപത്രി) എന്നീ കൊവിഡ് ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യമേഖലയുമായി സഹകരിച്ച് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജ് മൊടക്കല്ലൂര്‍, കെഎംസിടി മെഡിക്കല്‍ കോളജ് മണാശ്ശേരി എന്നിവിടങ്ങളിലും കൊവിഡ് ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി 18 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ എല്ലാ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളില്ലാത്ത 50 വയസ്സിന് താഴെയുള്ള മറ്റ് ഗുരുതരമായ രോഗങ്ങളില്ലാത്ത കോവിഡ് പോസിറ്റീവായ രോഗികളെ അതത് പ്രദേശത്തെ മെഡിക്കല്‍ ഓഫിസറുടെമേല്‍ നോട്ടത്തില്‍ വീടുകളില്‍ ചികില്‍സിച്ച് വരുന്നുമുണ്ട്.

സമ്പര്‍ക്കവ്യാപനം തടയാന്‍ സ്വയംജാഗ്രത പുലര്‍ത്തണം, ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക, യാത്രകള്‍ കഴിവതും ഒഴിവാക്കുക, കൂടുതലായി ആളുകള്‍ എത്തുന്ന മാര്‍ക്കറ്റുകള്‍, ചന്തകള്‍, ഹാര്‍ബറുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക, മാറ്റിവെക്കാന്‍ സാധ്യമായ എല്ലാ പരിപാടികളും ചടങ്ങുകളും തല്‍ക്കാലം ഒഴിവാക്കുക, വീടിനകത്തും പുറത്തിറങ്ങുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ശരിയായ വിധം ധരിക്കുക, കൈകള്‍സോപ്പ്/സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, സാമൂഹിക അകലം (2 മീറ്റര്‍) പാലിക്കുക, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായാധിക്യമുള്ളവര്‍, ഗുരുതരരോഗമുള്ളവര്‍ എന്നിവര്‍ പരമാവധി വീടുകളില്‍തന്നെ കഴിയുക, ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പരിചരിക്കുമ്പോള്‍ കയ്യുറ, മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിക്കുക, ക്ഷീണം, ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം, വയറിളക്കം, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരെ ഫോണില്‍ വിവരം അറിയിക്കുക.




Next Story

RELATED STORIES

Share it