Kozhikode

മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം: കോടിയേരിയുടേത് പുതിയ അടവുനയം- സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ് വി

മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം: കോടിയേരിയുടേത് പുതിയ അടവുനയം- സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ് വി
X

കോഴിക്കോട്: മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് മതവിശ്വാസികളാവാമെന്നുമുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പുതിയൊരു അടവുനയമായി മാത്രമേ വിലയിരുത്താനാവൂ എന്ന് സമസ്ത നേതാവ് ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി. മതവിശ്വാസവും കമ്മ്യൂണിസവും ഇരുധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. രണ്ടും സംയോജിച്ചുള്ള പ്രയാണം അസാധ്യമാണെന്ന് അവരുടെ മാനിഫെസ്‌റ്റോ വ്യക്തമാക്കിയതാണ്. നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യഘടകമാണെന്നും അതിനാല്‍ മാര്‍ക്‌സിസ്റ്റുകള്‍ നിരീശ്വരത്വത്തിനുവേണ്ടി പ്രചാരവേല ചെയ്യണമെന്നും വ്‌ളാഡിമിര്‍ ലെനിന്‍ അര്‍ഥശങ്കക്കിടം നല്‍കാതെ വിശദീകരിച്ചിട്ടുണ്ടെന്ന് ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ഫേസ്ബുക്കില്‍ കുറിച്ചു.

കമ്മ്യൂണിസത്തിന്റെ ഭീതിതപ്രതിഫലനങ്ങള്‍ സംബന്ധിച്ച് മുസ്‌ലിം മതസംഘടനകളും ഇതര വിശ്വാസി വിഭാഗങ്ങളും കൃത്യമായ ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന കാലിക സാഹചര്യം അതീജീവിക്കാനുള്ള പോംവഴി മാത്രമാണ് സെക്രട്ടറിയുടെ പുതിയ പ്രസ്താവന. പാര്‍ട്ടി ഭാരവാഹികള്‍ ജാതിമത സംഘടനകളില്‍ പ്രവര്‍ത്തിക്കരുതെന്നും ആരാധനാലയങ്ങളുടെ ഭാരവാഹിത്വം ഏറ്റെടുക്കരുതെന്നും മുമ്പ് നിര്‍ദേശം നല്‍കിയത് ഇതേ സെക്രട്ടറി തന്നെയാണ്. മുസ്‌ലിംകളുടെ പ്രീതിയും അനുഭാവവും നേടാന്‍ കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും കെണിവലകള്‍ വിരിച്ചിട്ടുണ്ട്. അതില്‍ വീഴാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് വിശ്വാസികള്‍ ആശ്രയിക്കേണ്ടത്.

ഇതിനായി മതനേതൃത്വം കൃത്യമായ ജാഗരണപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാതിമതാതീത വിവാഹങ്ങളിലൂടെയും ലിവിങ് ടുഗെതറുകളിലൂടെയും പ്രണയസംഗമങ്ങളിലൂടെയും പുതിയ മതരഹിത യുക്തിവാദ തലമുറ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന നഗ്‌നമായ ഉഗ്രസത്യം വിശ്വാസികളാരും വിസ്മരിച്ചുകൂടാ. ചരിത്രയാഥാര്‍ഥ്യങ്ങളെ കണ്ടില്ലെന്ന് നടിച്ച് മൂന്നോട്ടുപോയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങങ്ങളാണ് അഭിമുഖീകരിക്കേണ്ടിവരിക. പണ്ഡിതരും നേതൃത്വവും ജാഗ്രതയോടെ നീങ്ങണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Next Story

RELATED STORIES

Share it