Malappuram

മലപ്പുറത്തിന്റെ വൈവിധ്യങ്ങള്‍ ആഘോഷിക്കുന്നു; 'മ' ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം

മലപ്പുറത്തിന്റെ വൈവിധ്യങ്ങള്‍ ആഘോഷിക്കുന്നു; മ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം
X

മലപ്പുറം: മലപ്പുറത്തിന്റെ വൈവിധ്യങ്ങള്‍ ആഘോഷമാക്കാന്‍ 'മ - ലൗ, ലെഗസി, ലിറ്ററേച്ചര്‍' എന്ന പ്രമേയത്തില്‍ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കള്‍ച്ചര്‍ ആന്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളില്‍ മലപ്പുറത്ത് നടക്കും. അറുപതോളം സെഷനുകളിലായി സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി രാഷ്ട്രീയ സംസ്‌കാരിക കലാ കായിക മേഖലകളിലെ ഇരുനൂറിലേറെ അതിഥികള്‍ പങ്കെടുക്കും.അര ലക്ഷം പേര്‍ പരിപാടിയില്‍ പങ്കാളികളാവും. മലപ്പുറത്തിന്റെ തനിമ, പൈതൃകം, ബഹുസ്വരത, പോരാട്ടം, കരുണ, മാതൃക എന്നിവ ലോകസമക്ഷം സമര്‍പ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

വൈവിധ്യങ്ങളുടെ ചരിത്ര ദേശമായ മലപ്പുറത്തിന്റെ ഉള്ളടക്കം ലിറ്ററേച്ചര്‍ ഫെസ്റ്റിലൂടെ അനാവരണം ചെയ്യപ്പെടും. ആധുനിക കേരളത്തിന്റെ ബഹുമുഖ നിര്‍മിതിയിലും ഇന്ത്യയുടെ ദേശീയ രൂപീകരണ പ്രക്രിയയിലും ഈ നാട് വഹിച്ച പങ്ക്, പോര്‍ച്ചുഗീസ് കാലം തൊട്ട് തുടങ്ങുന്ന കോളനി വിരുദ്ധ സമരങ്ങള്‍ മുതല്‍ വര്‍ത്തമാന ഇന്ത്യയുടെ നിയമ നിര്‍മാണ മേഖലയില്‍ വരെ മലപ്പുറത്തിന്റെ നേതൃപരമായ കൈയ്യൊപ്പുകള്‍ എന്നിവ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്യപ്പെടും. മലപ്പുറത്തെ ജാതി-മത സമൂഹങ്ങളും ദളിത്-ഗോത്ര വിഭാഗങ്ങളും തീരദേശ-മലയോര പ്രദേശത്തെ ജനങ്ങളും അവരുടെ ജീവിതവും ചര്‍ച്ച ചെയ്യപ്പെടും.

മലപ്പുറത്തിന്റെ വെവിധ്യമാര്‍ന്ന ചരിത്ര-സാഹിത്യ-സംസ്‌കാരിക പൈതൃകങ്ങളുടെ ബഹുസ്വര ആഘോഷമായി 'മ' ലിറ്ററേച്ചര്‍ & കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മാറും. വൈവിധ്യമാര്‍ന്ന സാഹിത്യ-സാംസ്‌കാരിക-അക്കാദമിക ലോകത്തെ കുറിച്ചുള്ള തുറന്ന സംവാദങ്ങളുടെയും ദൃശ്യാവിഷ്‌കാരങ്ങളുടെയും വേറിട്ട വേദിയായിരിക്കും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം,സാഹിത്യ ചര്‍ച്ചകള്‍, കാലിക പ്രസക്തമായ രാഷ്ട്രീയ അവലോകനങ്ങള്‍, പ്രമുഖരുമായുള്ള സംവാദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, നാടുനീങ്ങുന്ന വിവിധ തരം കലകളുടെ പ്രദര്‍ശനങ്ങള്‍, എക്സിബിഷന്‍, ബുക്ഫെയര്‍ തുടങ്ങിയവയും ഫെസ്റ്റിവെല്ലിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഫെസ്റ്റിന്റെ പ്രമോഷന്റെ ഭാഗമായി നിയോജക മണ്ഡലം പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പ്രീ-ഇവന്റ്സുകള്‍ നടന്നു.അന്‍പതിനായിരത്തോളം ടൈറ്റിലുകളില്‍ അഞ്ചു ഭാഷകളിലായുള്ള പുസ്തകങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രസാധകരായ ബുക്ക് പ്ലസുമായി സഹകരിച്ച് അയ്യായിരം സ്‌ക്വയര്‍ ഫീറ്റിലാണ് ബുക്ക് ഫെയര്‍ സംവിധാനിച്ചിട്ടുള്ളത്. ഏഴുമണിക്ക് കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ദോലി പാട്ടിന്റെ സ്വര മാന്ത്രികന്‍ ലിറാര്‍ പാടും.

31 ന് വൈകുന്നേരം നാല് മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരന്‍ മനുഷ്യ പുത്രന്‍ മുഖ്യാതിഥിയാവും. പി.കെ കുഞ്ഞാലിക്കുട്ടി, രമേഷ് ചെന്നിത്തല, പി.എം.എ സലാം, സി.പി. ജോണ്‍ , ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍എ, എം.എല്‍.എമാര്‍, മറ്റ് പ്രമുഖര്‍ പങ്കെടുക്കും. രാത്രി എട്ടുമണിക്ക് പ്രശസ്ത കാലിഗ്രഫിറ്റി ആര്‍ട്ടിസ്റ്റ് കരീം ഗ്രഫിയുടെ ലൈവ് ആര്‍ട്ട് പ്രോഗ്രാം ഉണ്ടായിരിക്കും.

ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് മൂന്നു വേദികളിലായി വിവിധ സെഷനുകള്‍ക്ക് തുടക്കമാവും. രാത്രി എട്ടുമണിക്ക് സമീര്‍ ബിന്‍സി ഇമാം മജ്ബൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സൂഫി സംഗീത സദസ്സ് നടക്കും. ഫെബ്രുവരി രണ്ടിന് ഞായര്‍ 10 മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ അഞ്ചുമണിക്ക് അവസാനിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യ പ്രഭാഷണം നടത്തും , എം.പി മാര്‍, എംഎല്‍എ മാര്‍ ,നേതാക്കള്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. രാത്രി എട്ടുമണിക്ക് ഹനാന്‍ഷായുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയോടുകൂടി ഈ വര്‍ഷത്തെ മ ലൗ ലെഗസി ലിറ്ററേച്ചര്‍ ഫെസ്റ്റിന് തിരശ്ശീല വീഴും.

പത്ര സമ്മേളനത്തില്‍ മ ലിറ്ററേച്ചര്‍ ഫെസ്റ്റ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, ഡയറക്ടര്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, വര്‍ക്കിംഗ് ചെയര്‍മാന്‍ ശരീഫ് കുറ്റൂര്‍ , ജനറല്‍ കണ്‍വീനര്‍ മുസ്തഫ അബ്ദുല്‍ ലത്തീഫ് , കണ്‍വീനര്‍ ബാവ വിസപ്പടി, കോ ഓര്‍ഡിനേറ്റര്‍ ഗുലാം ഹസ്സന്‍ ആലംഗീര്‍ ,അഹമദ് സജു,ശരീഫ് വടക്കയില്‍, യു എ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.





Next Story

RELATED STORIES

Share it