Malappuram

അരീക്കോട് ഫൂട്ട്പാത്ത് കൈയേറി ഓട്ടോറിക്ഷാ പാര്‍ക്കിങ്;ആശുപത്രി റോഡില്‍ യാത്രക്കാര്‍ക്ക് ദുരിതം

അരീക്കോട് ഫൂട്ട്പാത്ത് കൈയേറി ഓട്ടോറിക്ഷാ പാര്‍ക്കിങ്;ആശുപത്രി റോഡില്‍ യാത്രക്കാര്‍ക്ക് ദുരിതം
X
അരീക്കോട്: പ്രതിദിനം എണ്ണുറിലേറെ രോഗികള്‍ ആശ്രയിക്കുന്ന അരീക്കോട് താലൂക്കാശുപത്രി റോഡില്‍ കാല്‍നട യാത്രക്കാരെ തടസപ്പെടുത്തി കൊണ്ട് അനധികൃത വാഹന പാര്‍ക്കിങ് രോഗികള്‍ക്കും യാത്രക്കാര്‍ക്കും തടസം സൃഷ്ടിക്കുന്നതായി പരാതി.അനധികൃത പാര്‍ക്കിങിനെതിരേ അരീക്കോട് പോലിസും നിസംഗത പാലിക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്.

അതീവ സുരക്ഷാ പ്രാധാന്യമുള്ള തണ്ടര്‍ബോള്‍ട്ട് ക്യാംപിലേക്കുമുള്ള പ്രധാന റോഡ് കൂടിയാണ് ആശുപത്രി ക്യാംപ് റോഡ്. ഈ ഭാഗങ്ങളില്‍ ഓട്ടോ പാര്‍ക്കിങ് അനുവദിച്ചത് തടസം സൃഷ്ടിക്കുമെന്നറിയാമായിരുന്നിട്ടും അരീക്കോട് ഗ്രാമപഞ്ചായത്ത് മുന്‍പ് എടുത്ത തീരുമാനപ്രകാരമാണ് പാര്‍ക്കിങ് അനുവദിച്ചതായാണ് വിവരം.അരീക്കോട് പോലിസ് സ്‌റ്റേഷന്റെ മുന്‍വശം മുതല്‍ താലുക്ക് ആശുപത്രി, അരീക്കോട് വില്ലേജ് ഓഫിസ് വരെ തടസങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് വാഹനങ്ങള്‍ നിറുത്തിയിടുകയാണ്. ഫുട്ട്പാത്ത് കൈയേറി റോഡിന് ഇരുവശവും പാര്‍ക്കിങ് ഉള്ളതിനാല്‍ യാത്രക്കാര്‍ റോഡിന് നടുവിലുടെയാണ് നടക്കുന്നത്. ആശുപത്രിയിലേക്ക് വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടക്കാര്‍ക്ക് വശങ്ങളിലേക്ക് മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

അരീക്കോട് ക്യാംപ് റോഡിലേക്കുള്ള പ്രധാന ഭാഗത്ത് സ്വകാര്യ ബൈക്കുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയതുമൂലം പൊതു റോഡിലൂടെ മറ്റു വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ദീര്‍ഘദൂര യാത്രക്കാരുള്‍പ്പെടെ ബൈക്കുകള്‍ നിര്‍ത്തി പോകുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ റോഡ് തുറന്ന് മറ്റു വാഹനങ്ങള്‍ക്ക് പോകാന്‍ അനുമതി ലഭിച്ചാല്‍ ട്രാഫിക് ബ്ലോക്കിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി കണ്‍വീനര്‍ കെ എം സലിം പറയുന്നത്.

പൊതു നിരത്ത് ബൈക്കുകള്‍ക്ക് പാര്‍ക്കിങിന് വിട്ടുനല്‍കിയത് ലംഘനമാണ്. അതോടൊപ്പം 2019ലെ ഹൈക്കോടതി സ്വകാര്യ അന്യായത്തില്‍ നല്‍കിയവിധി പ്രകാരം പൊതുനിരത്തുകളില്‍ അനധികൃത പാര്‍ക്കിങ്് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമുണ്ട്ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. തവലക്കര സ്വദേശി എം നൗഷാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധിയെന്നും ഇതു പ്രകാരം കടകള്‍ക്കും പൊതു സ്ഥലങ്ങള്‍ക്കും തടസം സൃഷ്ടിക്കുന്ന പാര്‍ക്കിങ് പാടില്ലെന്ന് ഉത്തരവിലുണ്ടെന്നും ഈ ഉത്തരവ് പ്രകാരം അരീക്കോട് താലൂക്ക് ആശുപത്രി റോഡിലുള്ള ഓട്ടോറിക്ഷാ പാര്‍ക്കിങും ക്യാംപ് റോഡിലുള്ള ബൈക്ക് പാര്‍ക്കിങും അനധികൃതമായതിനാല്‍ ഇവ മാറ്റാന്‍ നടപടി സ്വീകരിക്കാത്ത ബന്ധപ്പെട്ടവര്‍ക്കെതിരെ പരാതി സമര്‍പ്പിക്കുമെന്നും അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it