Malappuram

തദ്ദേശ തിരഞ്ഞെടുപ്പ്: മലപ്പുറത്ത് ആദ്യദിനം പത്രിക നല്‍കിയത് ഏഴുപേര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: മലപ്പുറത്ത് ആദ്യദിനം പത്രിക നല്‍കിയത് ഏഴുപേര്‍
X

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. ആദ്യദിനം ജില്ലയില്‍ ഏഴ് പേരാണ് പത്രിക നല്‍കിയത്. ഗ്രാമപ്പഞ്ചായത്തുകളിലേക്ക് അഞ്ച് പത്രികകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട് പത്രികകളുമാണ് ലഭിച്ചത്. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണ വാര്‍ഡിലേക്കും ജനറല്‍ വാര്‍ഡിലേക്കും ഓരോ പത്രിക വീതവും തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തില്‍ ജനറല്‍ വാര്‍ഡിലേക്ക് ഒരു പത്രികയും കണ്ണമംഗല ഗ്രാമ പഞ്ചായത്തിലേക്ക് രണ്ട് പത്രികകളുമാണ് ലഭിച്ചത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്കാണ് രണ്ട് പത്രികകള്‍ ലഭിച്ചത്. നഗരസഭകളിലേക്കും ജില്ലാപഞ്ചായത്തിലേക്കും ആദ്യ ദിനത്തില്‍ പത്രികകളൊന്നും ലഭിച്ചില്ല.

പത്രിക നവംബര്‍ 19 വരെ സമര്‍പ്പിക്കാം. ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നോട്ടീസ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ എഡിഎം എന്‍ എം മെഹ്റലി പ്രസിദ്ധീകരിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചു.

തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെയാവണം പത്രിക സമര്‍പ്പിക്കേണ്ടത്. അവധി ഒഴികെയുള്ള ദിവസങ്ങളില്‍ പകല്‍ 11നും വൈകീട്ട് മൂന്നിനും ഇടയ്ക്കുള്ള സമയത്ത് പത്രിക സമര്‍പ്പിക്കാം. പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ രണ്ട് എന്ന ഫോറവും പൂരിപ്പിച്ച് നല്‍കണം. ഓരോ ദിവസവും ലഭിക്കുന്ന നാമനിര്‍ദേശങ്ങളുടെ പട്ടികയോടൊപ്പം രണ്ട് എ ഫോറവും വരണാധികാരികള്‍ പ്രസിദ്ധപ്പെടുത്തും.

ഒരു തദ്ദേശസ്ഥാപനത്തില്‍ മല്‍സരിക്കുന്നയാള്‍ ആ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രികസമര്‍പ്പിക്കുന്ന തിയ്യതിയില്‍ 21 വയസ്സ് പൂര്‍ത്തിയാവുകയും വേണം. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ ഒരു വോട്ടര്‍ ആയിരിക്കണമെന്നാണ് നിബന്ധന. സംവരണ വാര്‍ഡില്‍ മല്‍സരിക്കുന്നവര്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളില്‍ മല്‍സരിക്കാന്‍ അനുമതിയില്ല. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കുന്നതിന് തടസമില്ല. പത്രികാ സമര്‍പ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1,000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും നഗരസഭയ്ക്കും 2,000 രൂപയും ജില്ലാപഞ്ചായത്തിനും കോര്‍പറേഷനും 3,000 രൂപയുമാണ് അടയ്‌ക്കേണ്ടത്. പട്ടികജാതി-പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ പകുതി തുക നിക്ഷേപമായി നല്‍കിയാല്‍ മതി. ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ ഒടുക്കിയ രസീതോ പണമോ ഡെപ്പോസിറ്റായി നല്‍കാം.

Next Story

RELATED STORIES

Share it