Malappuram

യൂട്യൂബിലൂടെ മത വിദ്വേഷ പ്രചരണം; ചാണക്യാ ന്യൂസ് റിപ്പോര്‍ട്ടര്‍ ബൈജു അറസ്റ്റില്‍

ഇയാള്‍ പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

യൂട്യൂബിലൂടെ മത വിദ്വേഷ പ്രചരണം; ചാണക്യാ ന്യൂസ് റിപ്പോര്‍ട്ടര്‍ ബൈജു അറസ്റ്റില്‍
X


മലപ്പുറം: യൂട്യൂബിലൂടെ മതവിദ്വേഷം നടത്തിയ കേസില്‍ ചാണക്യ ന്യൂസ് റിപ്പോര്‍ട്ടറും യൂട്യൂബറുമായ പൂക്കോട്ടുംപാടം സ്വദേശി വി കെ ബൈജു (44) വിനെ പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിനടുത്ത് ആര്യായാസ് ഹോട്ടല്‍ ഉടമ അബ്ദുറഹ്‌മാനെതിരെ യൂട്യൂബില്‍ മതവിദ്വേഷ പ്രചരണം നടത്തിയ സംഭവത്തിലാണ് പോലീസ് നടപടി. ആര്യായാസ് എന്ന പേരില്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തുന്നതും ഹോട്ടല്‍ മാനേജറുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിന് സമാനമായ ഒരു പ്രതിമ കണ്ടെത്തിയതുമാണ് ബൈജുവിനെ പ്രകോപിതനാക്കിയത്.

യൂട്യൂബറായ ബൈജുവിനെതിരെ വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തുക, പൊതു സ്ഥലത്ത് മദ്യപിക്കുക, റോഡില്‍ ഗതാഗത തടസം സൃഷ്ടിക്കുക, പലിശയ്ക്ക് പണം കൊടുക്കുക, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മത സാഹോദര്യം തകര്‍ക്കണമെന്ന ദുരുദ്ദ്യേശത്തോടുകൂടി മനപൂര്‍വം വര്‍ഗീയ വിദ്വേഷപ്രചരണം നടത്തിയതിന് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സ്വമേധയാ എടുത്ത കേസില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അറസ്റ്റ് ഉണ്ടായത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. മലപ്പുറം പാക്കിസ്ഥാനിലെ പോലെയുള്ള തീവ്രവാദികളെ സൃഷ്ടിക്കുന്ന ജില്ലയാണെന്നു പ്രതി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു മതവിഭാഗത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണ് വീഡിയോ ഇറക്കിയത്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.


Next Story

RELATED STORIES

Share it