Malappuram

മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കണം: എസ്ഡിപിഐ

കൊവിഡ് കാരണം കുറെ കാലം അടച്ചിട്ട ടൂറിസം കേന്ദ്രങ്ങള്‍ ഇപ്പോള്‍ കനത്ത മഴയില്‍ അപകട ഭീഷണി നേരിടുന്നെന്ന് പറഞ്ഞാണ് അടച്ചിട്ടിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കണം: എസ്ഡിപിഐ
X

മലപ്പുറം: ആഴ്ച്ചകളായി അടച്ചിട്ട ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കൊവിഡ് കാരണം കുറെ കാലം അടച്ചിട്ട ടൂറിസം കേന്ദ്രങ്ങള്‍ ഇപ്പോള്‍ കനത്ത മഴയില്‍ അപകട ഭീഷണി നേരിടുന്നെന്ന് പറഞ്ഞാണ് അടച്ചിട്ടിരിക്കുന്നത്. എന്നാല്‍ മറ്റു ജില്ലകളിലെ പാര്‍ക്കുകകള്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്. സിനിമാശാലകളില്‍ പോലും കാണികളുടെ എണ്ണം കൂട്ടാനുള്ള തീരുമാനങ്ങള്‍ എടുത്ത് വരുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ മാനസികോല്ലാസത്തിന് ഉപയോഗപ്പെടുന്ന തുറസ്സായ പാര്‍ക്കുകള്‍ അടച്ചിട്ടിരിക്കുന്നത്.

ദിവസവും ഓരോ ടൂറിസ്റ്റ് കേന്ദ്രത്തിലും പാര്‍ക്ക് അടച്ചത് അറിയാതെ നൂറ് കണക്കിന് ആളുകളാണ് വന്ന് നിരാശരായി മടങ്ങുന്നത്. പാര്‍ക്കുകള്‍ക്കകത്ത് ജോലി ചെയ്യുന്ന നൂറു കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗവും മാസങ്ങളായി അടഞ്ഞിരിക്കുകയാണ്. വലിയ മുതല്‍ മുടക്കില്‍ പാര്‍ക്കിനകത്ത് സ്ഥാപനങ്ങള്‍ നടത്തുന്നവരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഡിടിപിസി ക്കും ഓരോ ദിവസവും ലക്ഷങ്ങള്‍ നഷ്ടം സംഭവിച്ച് കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ പാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഏറക്കുറെ അനുകൂലമായ കാലാവസ്ഥയുമാണുള്ളത്. ഇപ്പോള്‍ പാര്‍ക്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് പട്ടിണിയാലും സാമ്പത്തിക പ്രതിസന്ധിയാലും ബുദ്ധിമുട്ടുന്ന ഒരുപാട് പേര്‍ക്ക് ആശ്വാസമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തില്‍ മലപ്പുറത്തെ കോട്ടക്കുന്ന് അടക്കമുള്ള പാര്‍ക്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ട സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കും.

ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അശ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.സാദിഖ് നടുത്തൊടി, എ കെ മജീദ്, മുസ്തഫ പാമങ്ങാടന്‍, മുര്‍ഷിദ് ഷമീം, കെ സി സലാം തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it