Malappuram

മലപ്പുറം ജില്ലാ ആശുപത്രിയില്‍ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു

മലപ്പുറം ജില്ലാ ആശുപത്രിയില്‍ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു
X

മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ റിദിന്റെ ഭാര്യ രജിത (22), ചുങ്കത്തറ കൈപ്പിനിയിലെ ചേന്നന്‍ രാജുമോന്റെ ഭാര്യ അര്‍ച്ചന (35) എന്നിവരുടെ ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി ഒന്നരയോടെയാണ് രജിതയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് മാസം ഗര്‍ഭിണിയായിരുന്നെങ്കിലും യുവതിയും വീട്ടുകാരും വിവരമറിഞ്ഞിരുന്നില്ല. ഇവര്‍ക്ക് 11 മാസം പ്രായമായ കുട്ടിയുമുണ്ട്. രണ്ടുമാസം മുമ്പ് വയറുവേദനയെത്തുടന്ന് മൂത്തേടം പിഎച്ച്‌സിയില്‍ ചികില്‍സ തേടിയിരുന്നു.

എന്നാല്‍, ഗര്‍ഭമുണ്ടെന്ന് കണ്ടെത്തുകയോ ഗര്‍ഭസ്ഥ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. ഇന്നലെ അര്‍ധരാത്രി വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഓട്ടോയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കുകയും ബന്ധുക്കള്‍ക്ക് കൈമാറുകയുമായിരുന്നു. രജിതയുടെ ആരോഗ്യനില തൃപ്തികരമാണ്. ആവശ്യമായ പരിശോധനയും ചികില്‍സയും നടത്തിയ ശേഷമേ അവരെ കോളനിയിലേക്ക് തിരിച്ചയക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഏഴ് മാസം ഗര്‍ഭിണിയായ അര്‍ച്ചനയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിടെ ഇന്ന് രാവിലെ എട്ടരയോടെ ചന്തക്കുന്നില്‍ വച്ചാണ് പ്രസവിച്ചത്. ഇവര്‍ നേരത്തെ ചികില്‍സ തേടുകയും കുഞ്ഞിന് തൂക്കക്കുറവ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് 8, 6 വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. രണ്ട് പ്രസവങ്ങളിലും പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്ന് രാജുമോന്റെ അമ്മ പറഞ്ഞു. അര്‍ച്ചന ജില്ലാ ആശുപത്രി ലേബര്‍ റൂമില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ പ്രസവത്തില്‍ അസ്വാഭാവികതയില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അബൂബക്കര്‍, ആര്‍എംഒ ഡോ.ബഹാവുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it