Palakkad

ഗൗരി ലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് അവരോടി; ബസ്സുടമകളും ജീവനക്കാരും ഒരുദിവസം സമാഹരിച്ചത് 7,84,030 രൂപ

ഗൗരി ലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് അവരോടി; ബസ്സുടമകളും ജീവനക്കാരും ഒരുദിവസം സമാഹരിച്ചത് 7,84,030 രൂപ
X

പാലക്കാട്: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഗൗരി ലക്ഷ്മിയുടെ ചികില്‍സയ്ക്കായുള്ള തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും. മെയ് മാസത്തിന് മുമ്പ് സമാഹരിക്കേണ്ടത് 16 കോടി രൂപയാണ്. ഗൗരിയുടെ ചികില്‍സാ സഹായത്തിനായി കേരളം മുഴുവന്‍ കൂടെയുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് പാലക്കാട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുടമകളും ജീവനക്കാരും.


ഇന്നലെ പാലക്കാട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തിയത് ഗൗരി ലക്ഷ്മിക്ക് വേണ്ടിയാണ്. ബസ്സുടമകളും ജീവനക്കാരും ചേര്‍ന്ന് തീരുമാനിച്ചു, ഷൊര്‍ണൂര്‍ സ്വദേശിയായ ഗൗരി ലക്ഷ്മി എന്ന ഒന്നര വയസുകാരിക്ക് വേണ്ടി തങ്ങളാല്‍ കഴിയുന്നത് ചെയ്യണമെന്ന്. ഇതിനായി യാത്രക്കാരുടെ സഹകരണവും ഉറപ്പുവരുത്തി. ബസ് ജീവനക്കാര്‍ കൈയില്‍ ടിക്കറ്റ് ബാഗിന് പകരം ബക്കറ്റെടുത്തു. ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും ബസ് സ്റ്റാന്‍ഡിലും നടന്ന് പിരിവെടുത്തു. സുമനസുകളായ മനുഷ്യര്‍ കഴിയാവുന്ന സഹായമെത്തിച്ചു. രാത്രി സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ 40 ബസ്സുകളില്‍ നിന്ന് സമാഹരിച്ചത് 7,84,030 രൂപയാണ്!.

ബസ് കേരള എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡുകളില്‍ പിരിവ് നടത്തി 77,000 രൂപയും ശേഖരിച്ചു. തുക ബസ് ഉടമകളും ജീവനക്കാരും ശനിയാഴ്ച ഗൗരിയുടെ വീട്ടിലെത്തി അച്ഛന്‍ ലിജുവിനും അമ്മ നിതയ്ക്കും കൈമാറും. ഈ മാതൃക ഉള്‍ക്കൊണ്ട് മഞ്ചേരി-കോഴിക്കോട് സെക്ടറിലെ സ്വകാര്യ ബസ്സുടമകളും ഗൗരി ചികില്‍സാസഹായ ഫണ്ട് ശേഖരണത്തിനായി തിങ്കളാഴ്ച സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it