Palakkad

മണ്ണാര്‍ക്കാട് കാട്ടാന ശല്യം രൂക്ഷം; ഭീതിയില്‍ കര്‍ഷകര്‍

മണ്ണാര്‍ക്കാട് കാട്ടാന ശല്യം രൂക്ഷം; ഭീതിയില്‍ കര്‍ഷകര്‍
X

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കാട്ടാന ശല്യം രൂക്ഷം. ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനക്കൂട്ടം കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, കച്ചേരിപറമ്പ്, കണ്ടമംഗലം, കരടിയോട് തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. രണ്ടുമാസത്തിനിടെ 5000 ഓളം നേന്ത്രവാഴകള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ വിളവെടുക്കാറായ വാഴകളാണ് ഭൂരിഭാഗവും നശിപ്പിച്ചത്.

തോട്ടങ്ങള്‍ക്ക് ചുറ്റുമുള്ള കമ്പി വേലിയുള്‍പ്പെടെ തകര്‍ത്ത് തെങ്ങും കവുങ്ങുമുള്‍പ്പെടെയുള്ള കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഭൂമി പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിറക്കുന്ന കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കാട്ടാന ശല്യം മൂലം പാടശേഖരങ്ങള്‍ തരിശിടേണ്ട സാഹചര്യമാണ്. ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിന് വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അട്ടപ്പാടിയിലും കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it