Palakkad

മരക്കൊമ്പ് തുടയില്‍ കുത്തിക്കയറി തൊഴിലാളി മരിച്ചു; മരത്തിനു മുകളില്‍ കുടുങ്ങിയത് മൂന്നര മണിക്കൂര്‍

മരക്കൊമ്പ് തുടയില്‍ കുത്തിക്കയറി തൊഴിലാളി മരിച്ചു; മരത്തിനു മുകളില്‍ കുടുങ്ങിയത് മൂന്നര മണിക്കൂര്‍
X

പാലക്കാട്: മംഗലംഡാം മണ്ണെണ്ണക്കയത്ത് മരം മുറിക്കുന്നതിനിടെ കൊമ്പ് തുടയില്‍ കുത്തിക്കയറി മൂന്നര മണിക്കൂര്‍ മരത്തിനു മുകളില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. കയറാടി സ്വദേശി കണ്ണന്‍ (51) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരത്തിലെ കൊമ്പുകള്‍ വെട്ടുന്നതിനിടെ ശക്തമായി കാറ്റുവീശുകയും മരക്കൊമ്പ് കണ്ണന്റെ തുടയില്‍ കുത്തിക്കയറുകയുമായിരുന്നു. 35 അടി ഉയരത്തിലായിരുന്ന കണ്ണന്‍ മരത്തില്‍ നിന്ന് പിടിവിട്ട് പോയെങ്കിലും സുരക്ഷയ്ക്കായി അരയില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങിക്കിടന്നു. കയറില്‍ പിടിച്ചു മരക്കൊമ്പില്‍ കയറി ഇരുന്നെങ്കിലും മുറിവില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരുന്നു.

വടക്കഞ്ചേരി അഗ്‌നിരക്ഷാ സേനയും മംഗലംഡാം പോലിസും വനപാലകരും സ്ഥലത്തെത്തിയാണ് കണ്ണനെ താഴെയിറക്കിയത്. പ്രധാന റോഡില്‍നിന്ന് ഉള്ളിലായി കുത്തനെയുള്ള കുന്നിന്‍ പ്രദേശമായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിപ്പെടാന്‍ ഏറെ പ്രയാസപ്പെട്ടു. അബോധാവസ്ഥയിലായ കണ്ണനെ നാല് മണിയോടെയാണ് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.






Next Story

RELATED STORIES

Share it