Thiruvananthapuram

സിപിഎം പ്രവര്‍ത്തകന്‍ കരുമം തുളസി വധക്കേസ്: ആര്‍എസ്എസുകാര്‍ കീഴടങ്ങി

സിപിഎം പ്രവര്‍ത്തകന്‍ കരുമം തുളസി വധക്കേസ്: ആര്‍എസ്എസുകാര്‍ കീഴടങ്ങി
X

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകന്‍ കരുമം തുളസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. ബിജെപി നേമം മണ്ഡലം വൈസ് പ്രസിഡന്റ് മുരളീധരന്‍നായര്‍ (ലംബന്‍ മുരളി), സുരേഷ്, മോഹനന്‍, മധു, സദാശിവന്‍ എന്നിവരാണ് കീഴടങ്ങിയത്. അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് മൂന്നുമാസമായി ഒളിവിലായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികളെല്ലാം.

കരുമത്തെ സിപിഎം ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറിയുമായിരുന്നു കരുമം തുളസി. 1991 മാര്‍ച്ച് 22നാണ് ആര്‍എസ്എസ് ബിജെപി സംഘം വീട് കയറി ആക്രമിച്ചത്. വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വീട്ടില്‍ കയറി തുളസിയെ തലങ്ങും വിലങ്ങും വെട്ടി. ശരീരഭാഗങ്ങള്‍ വെട്ടേറ്റ് അറ്റുതൂങ്ങിയ നിലയിലായിരുന്നു. മരിച്ചെന്ന് കരുതിയാണ് അക്രമികള്‍ കടന്നുകളഞ്ഞത്. തുളസിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഴത്തിലുള്ള വെട്ടേറ്റ് ശരീരം തളര്‍ന്നുപോയിരുന്നു. ആശുപത്രിയില്‍ മികച്ച ചികിത്സ നല്‍കിയെങ്കിലും ജീവന്‍ മാത്രം ബാക്കിയായി. ശരീരം തളര്‍ന്ന് അനക്കമറ്റ് 15 വര്‍ഷം വീട്ടില്‍ കിടപ്പിലായിരുന്നു. 2006 ആഗസ്ത് 26ന് മരിച്ചു. നേമം പൊലിസാണ് കേസ് അന്വേഷിച്ചത്. കേസിലെ പ്രതികളെ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതികള്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും അപ്പീല്‍ തള്ളി കീഴ്‌കോടതി വിധി അംഗീകരിച്ചു. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇവര്‍ വെള്ളിയാഴ്ച നെയ്യാറ്റിന്‍കര കോടതിയിലാണ് കീഴടങ്ങിയത്. പ്രതികളെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റി. കേസിലെ പ്രതികള്‍ പ്രദേശത്ത് നിരവധി സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസുകളില്‍ പ്രതികളാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനുവേണ്ടി പ്രതികള്‍ പ്രചാരണരംഗത്തു സജീവമായിരുന്നു.

Next Story

RELATED STORIES

Share it