Thrissur

അവാര്‍ഡിന്റെ നിറവില്‍ അഷ്‌റഫ്

അവാര്‍ഡിന്റെ നിറവില്‍ അഷ്‌റഫ്
X

മാള: അവാര്‍ഡിന്റെ നിറവില്‍ അഷ്‌റഫ് പുത്തന്‍ചിറ. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉത്പാദന വിപണന രംഗത്തെ മികച്ച വിജയത്തിനാണ് സംസ്ഥാന അവാര്‍ഡ് അഷ്‌റഫ് പുത്തന്‍ചിറയെ തേടിയെത്തിയത്. 2021 ലെ കേരള സര്‍ക്കാരിന്റെ സംസ്ഥാനത്തെ മികച്ച പോസ്റ്റ് ഹാര്‍വെസ്റ്റ് ഇന്റര്‍വെന്‍ഷന്‍ സംരംഭക കര്‍ഷകനുള്ള പുരസ്‌കാരമാണ് അഷ്‌റഫിന് ലഭിച്ചത്. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ കണ്ണികുളങ്ങര എംഎഫ്‌സി ഫുഡ് പ്രൊഡക്ട് സ്ഥാപനത്തിന്റെ എംഡിയാണ് കെ എം അഷ്‌റഫ്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് സംസ്ഥാന തലത്തിലുള്ള ഈ അവാര്‍ഡ്. യുഎഇയിലെ പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളുടെ കരുത്തുമായി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ണികുളങ്ങര വായനശാല ജങ്ഷനടുത്ത് എംഎഫ് സീ ഫുഡ് പ്രൊഡക്ടിന് തുടക്കം കുറിച്ചത്.

വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകളോടെയുള്ള വിവിധയിനങ്ങളിലുള്ള അച്ചാറുകള്‍ക്കൊപ്പം നെല്ല്, നാളികേരം, നേന്ത്രക്കായ, മരച്ചീനി, മഞ്ഞള്‍ തുടങ്ങിയ നിരവധി വിളകളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് ഈ സ്ഥാപനത്തില്‍ നിന്നും വിപണിയില്‍ എത്തുന്നത്. 18 തരം ധാന്യങ്ങള്‍ മുളപ്പിച്ച് ഉണക്കി അതില്‍ നിന്നും ഉത്പാദിപ്പിച്ച ന്യൂട്രിഷന്‍ ഹെല്‍ത്ത് മിക്‌സായ എംഎഫ്‌സി അത്താഴക്കൂട്ട്, കോക്കനട്ട് വെര്‍ജിന്‍ ഓയില്‍ എന്നീ ഉത്പന്നങ്ങളാണ് കേരള സര്‍ക്കാരിന്റെ സംസ്ഥാനത്തെ മികച്ച വിളവെടുപ്പാനന്തര സംസ്‌കരണ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കുന്ന സംരഭക കര്‍ഷകനുള്ള പുരസ്‌കാരത്തിന് അഷ്‌റഫിനെ അര്‍ഹനാക്കിയത്.

രാജകീയം ഹെര്‍ബല്‍ ഓയില്‍ അടക്കമുള്ള മറ്റു ഉല്‍പ്പന്നങ്ങളുമായി പരിശ്രമത്തിന്റെ തേരിലേറി പ്രതീക്ഷയുടെ പുതിയ ജാലകം തുറക്കുകയാണ് പരേതരായ കുഴിക്കണ്ടത്തില്‍ മുഹമ്മദ്- ഐഷ ദമ്പതികളുടെ നാലാമത്തെ മകനായ കെ എം അഷ്‌റഫ് എന്ന അഷ്‌റഫ് പുത്തന്‍ചിറ. കുടുംബശ്രീ പ്രവര്‍ത്തകരായ സ്ഥാപനത്തിലെ ജീവനക്കാരുടെ അര്‍പ്പപ്പണ മനോഭാവവും കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത്, കര്‍ഷക മിത്രങ്ങള്‍ എന്നിവരുടെ പിന്തുണയും ഈ വിജയത്തിന് മാറ്റ് കൂട്ടുന്നു. തന്റെ ചിന്താധമനികളില്‍ ഊര്‍ജ്ജം നിറച്ച് ഗുണമേന്‍മയുള്ള വൈവിധ്യങ്ങളായ ഉത്പന്നങ്ങളുടെ പുതിയ ശൃംഖല തീര്‍ത്ത് നാടിന് അഭിമാനമായ കെ എം അഷ്‌റഫിനെ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ വി എ നദീര്‍, വാര്‍ഡ് മെംബര്‍ വി എസ് അരുണ്‍രാജ് തുടങ്ങിയവര്‍ അനുമോദിച്ചു.

Next Story

RELATED STORIES

Share it