Thrissur

അടിസ്ഥാനസൗകര്യങ്ങളില്ല; ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ദുരിതം സൃഷ്ടിക്കുന്നു

കുഴൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ ഒരാഴ്ച മുമ്പ് ആരംഭിച്ച കാര്‍ഡ് രജിസ്ട്രഷനും പുതുക്കലും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ്. ഒരുദിവസം 250 പേര്‍ക്ക് കാര്‍ഡ് പുതുക്കിനല്‍കാനാണ് ക്യാംപിന്റെ തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്.

അടിസ്ഥാനസൗകര്യങ്ങളില്ല; ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ദുരിതം സൃഷ്ടിക്കുന്നു
X

മാള: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് (ആര്‍എസ്ബിവൈ കാര്‍ഡ്) പുതുക്കല്‍ ഉപഭോക്താക്കള്‍ക്കും കാര്‍ഡ് പുതുക്കി നല്‍കുന്ന ജീവനക്കാര്‍ക്കും ഒരുപോലെ ദുരിതം സൃഷ്ടിക്കുന്നു. കുഴൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ ഒരാഴ്ച മുമ്പ് ആരംഭിച്ച കാര്‍ഡ് രജിസ്ട്രഷനും പുതുക്കലും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ്. ഒരുദിവസം 250 പേര്‍ക്ക് കാര്‍ഡ് പുതുക്കിനല്‍കാനാണ് ക്യാംപിന്റെ തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, നെറ്റ് പ്രശ്‌നം കാരണം 150 പേര്‍ക്കുപോലും കാര്‍ഡ് പുതുക്കി നല്‍കാനാവുന്നില്ല.

കാര്‍ഡ് പുതുക്കി നല്‍കുന്ന ജീവനക്കാരുടെ മൊബൈല്‍ ഫോണില്‍നിന്നുള്ള വൈഫൈ വഴിയാണ് കംപ്യൂട്ടറിലേക്ക് നെറ്റ് ലഭ്യമാക്കുന്നത്. ഇങ്ങനെ നെറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ക്യാംപിലെത്തുന്നവരുടെ മൊബൈല്‍ ഫോണില്‍നിന്നുമുള്ള നെറ്റാണുപയോഗിക്കുന്നത്. മൊബൈല്‍ ടവറുകള്‍ക്ക് 200 മുതല്‍ 500 വരെ ദൂരത്തുള്ള ഇവിടെ പോലും സുഗമമായി നെറ്റ് ലഭിക്കുന്നില്ല. സ്പീഡ് വളരെ കുറഞ്ഞാണ് 4ജി നെറ്റ് പോലും ലഭിക്കുന്നത്. നെറ്റ് വര്‍ക്ക് അടിക്കടി മാറുന്ന അവസ്ഥയുമുണ്ട്. ഇതുമൂലം പ്രിന്റ് വരുന്നതിന് സമയമേറെയെടുക്കുകയാണ്.

ആര്‍എസ്ബിവൈയുടെ തിരുവനന്തപുരം ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ സോഫ്റ്റ്‌വെയറിന്റെ പ്രശ്‌നവുമുണ്ടെന്നാണ് അറിയാനായത്. വിവരങ്ങള്‍ അപ്‌ലോഡാവാനും പ്രിന്റ് വരാനും സമയമേറെ എടുക്കുന്നതിനാല്‍ ജീവനക്കാര്‍ക്ക് കൃത്യമായി ജോലിയെടുക്കാനുമാവുന്നില്ല. ഇതുകൂടാതെ കംപ്യൂട്ടറും പ്രിന്ററും മറ്റും സജ്ജീകരിച്ചിരിക്കുന്ന ഹാളിന്റെ മൂലയില്‍ ഫാനില്ലാത്തതിന്റെ ദുരിതം ജീവനക്കാരും ഉപഭോക്താക്കളും അനുഭവിക്കേണ്ടിവരുന്നുണ്ട്. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ മാത്രമേ വരേണ്ടതുള്ളൂവെങ്കിലും രണ്ടും മൂന്നും അതിലേറെയും തവണ ക്യാംപിലേക്ക് എത്തേണ്ടിവരുന്നുണ്ട്. അതിരാവിലെ ടോക്കണെടുക്കാനെത്തണം.

ടോക്കണ്‍ കിട്ടിയാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടുമെത്തണം. അതല്ലെങ്കില്‍ മണിക്കൂറുകളോളം ഹാളില്‍ തങ്ങണം. നൂറിന് മേലാണ് ടോക്കണെങ്കില്‍ രജിസ്റ്റര്‍ ചെയ്ത് പിറ്റേദിവസം പ്രിന്റിനായെത്തണം. അപ്പോഴായില്ലെങ്കില്‍ പിന്നീട് വീണ്ടുമെത്തണം. ഒരുദിവസം ഒരു വാര്‍ഡിനാണ് പുതുക്കല്‍ നിശ്ചയിച്ചതെങ്കിലും ഇക്കാരണങ്ങള്‍കൊണ്ട് അത് പ്രാവര്‍ത്തികമാവാത്ത അവസ്ഥയാണ്. ഈമാസം 21 വരെയാണ് ക്യാംപ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും അത് കഴിഞ്ഞും തുടരേണ്ടതായ സാഹചര്യമാണുള്ളത്. സാങ്കേതികവിദ്യ ഇത്രയും വളര്‍ന്ന സാഹചര്യത്തിലും ഇതാണവസ്ഥ. കിയാക്കിനാണ് സംസ്ഥാനത്ത് കാര്‍ഡ് പുതുക്കലിന്റെള്ള ചുമതലയുള്ളത്. ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ദുരിതം സമ്മാനിക്കുകയാണ് ക്യാംപ്.

Next Story

RELATED STORIES

Share it