Thrissur

ദേശീയപാതാ വികസനം: ആദ്യഘട്ടമായി 300 കോടി സംസ്ഥാനം കൈമാറിയെന്ന് പൊതുമരാമത്ത് മന്ത്രി

അഷ്ടമിച്ചിറ- പാളയംപറമ്പ്-വവൈന്തല- അന്നമനട റോഡ് പുനര്‍നിര്‍മാണത്തിന്റെ ഉദ്ഘാടനം പാളയംപറമ്പില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയപാതാ വികസനത്തിന് ടെന്‍ഡര്‍ വിളിച്ച കാസര്‍ഗോഡ് ജില്ലയില്‍ ടെന്‍ഡര്‍ തുറക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ദേശീയപാതാ വികസനം: ആദ്യഘട്ടമായി 300 കോടി സംസ്ഥാനം കൈമാറിയെന്ന് പൊതുമരാമത്ത് മന്ത്രി
X

മാള: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആദ്യഘട്ടം നിര്‍മിക്കുന്നതിന് നിര്‍മാണചെലവിന്റെ 25 ശതമാനമായ 300 കോടി രൂപ സംസ്ഥാനം കൈമാറിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. അഷ്ടമിച്ചിറ- പാളയംപറമ്പ്-വവൈന്തല- അന്നമനട റോഡ് പുനര്‍നിര്‍മാണത്തിന്റെ ഉദ്ഘാടനം പാളയംപറമ്പില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയപാതാ വികസനത്തിന് ടെന്‍ഡര്‍ വിളിച്ച കാസര്‍ഗോഡ് ജില്ലയില്‍ ടെന്‍ഡര്‍ തുറക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെ 1,500 കോടിയാണ് ദേശീയപാത നിര്‍മാണത്തിന്റെ ചെലവ്. കരാറുകാരന് പണം കൈമാറി നിര്‍മാണം തുടങ്ങിയാല്‍ ദേശീയപാതാ നിര്‍മാണം ആരംഭിച്ചെന്ന് പറയാനാവും.

ദേശീയപാതാ നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് മുഴുവന്‍ ചെയ്തു. ദേശീയപാത നാലുവരിയാവുന്നതോടെ നമ്മുടെ നാടിന്റെ മുഖശ്രീ തന്നെ മാറും. ദേശീയപാത നാലുവരിയാക്കുന്നതിന് 44,000 കോടി രൂപയാണ് ചെലവ്. 600 കിലോ മീറ്റര്‍ റോഡ് നിര്‍മിക്കാനുണ്ട്. 30 മീറ്റര്‍ റോഡിന് 15 മീറ്റര്‍ ഓരോ സ്ഥലത്തും ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കാന്‍ മാത്രം 22,000 കോടി രൂപ വേണം. ചെലവിന്റെ 25 ശതമാനം സര്‍ക്കാര്‍ വഹിക്കണമെന്ന മുമ്പില്ലാത്ത വിധത്തില്‍ നിബന്ധനകേന്ദ്രം മുന്നോട്ടുവച്ചു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതോടെ ദേശീയപാതാ വികസനം ഉറപ്പാക്കി.

സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലക്ക് 98 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ജില്ലയില്‍ 5,000 കോടി രൂപ നിക്ഷേപിച്ചു. മഴയത്ത് ഒരുകാരണവശാലും റോഡ് പണി നടത്തരുതെന്നും റോഡ് അറ്റകുറ്റപ്പണി കരാറുകാരന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. സിആര്‍എഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവിലാണ് അഷ്ടമിച്ചിറ- പാളയംപറമ്പ്-വവൈന്തല- അന്നമനട റോഡിന്റെ പണി പൂര്‍ത്തീകരിക്കുക. അഷ്ടമിച്ചിറ അന്നമനട റോഡിന്റെ 7.90 കിലോമീറ്റര്‍ നീളവും മാള ചാലക്കുടി റോഡിന്റെ 2.10 കിലോമീറ്റര്‍ നീളവും ഉള്‍പ്പടെ 10 കിലോമീറ്റര്‍ ദൂരത്തില്‍ ഒമ്പത് മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വി എസ് സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍ കുട്ടി, അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഗൗരി ദാമോദരന്‍, ജില്ലാ പഞ്ചായത്തംഗം കെ ആര്‍ സുമേഷ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗം വി എ പത്മനാഭന്‍, കാടുകുറ്റി ഗ്രാമപഞ്ചായത്ത് അംഗം ബീന ഫ്രാന്‍സിസ്, അന്നമനട ഗ്രാമപ്പഞ്ചായത്തംഗം ഗീത ഉണ്ണികൃഷ്ണന്‍, മാള ഗ്രാമപ്പഞ്ചായത്തംഗം ഗീത ഭാസ്‌കരന്‍, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എ പ്രേംജിലാല്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it