Thrissur

തൈക്കൂട്ടം തൂക്കുപാലം പുനര്‍നിര്‍മാണം വൈകുന്നു; നാട്ടുകാര്‍ ദുരിതത്തില്‍

തൈക്കൂട്ടം തൂക്കുപാലം പുനര്‍നിര്‍മാണം വൈകുന്നു; നാട്ടുകാര്‍ ദുരിതത്തില്‍
X

മാള(തൃശൂര്‍): 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്ന തൈക്കൂട്ടം തൂക്കുപാലം പുനര്‍നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും പുനര്‍നിര്‍മാണത്തിന് നടപടിയില്ല. മഹാപ്രളയത്തില്‍ ആകെയുണ്ടായിരുന്ന യാത്രാമാര്‍ഗമായ തൂക്കുപാലം തകര്‍ന്നതുമുതല്‍ നാട്ടുകാര്‍ ദുരിതമനുഭവിച്ച് തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. കാടുകുറ്റി ഗ്രാപ്പഞ്ചായത്തിനെയും അന്നമനട ഗ്രാമപ്പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൈക്കൂട്ടം തൂക്കുപാലം പ്രളയത്തില്‍ തകര്‍ന്നതോടെ ഇരു ഗ്രാമപഞ്ചായത്തുകളിലേയും നൂറുകണക്കിനാളുകളാണ് യാത്രാ ദുരിതത്തില്‍ അകപ്പെട്ടത്. മഹാപ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയപ്പോള്‍ പുഴയിലൂടെ ഒഴുകിയെത്തിയ കൂറ്റന്‍ മരങ്ങളും തടികളും വന്നിടിച്ചാണ് തൂക്കുപാലം തകര്‍ന്നത്. വെള്ളം ഇറങ്ങിയപ്പോഴാണ് യാത്ര ചെയ്യാന്‍ കഴിയാത്ത വിധം തൂക്കുപാലം രണ്ടായി വേര്‍പെട്ടത്. പാലത്തിന്റെ കൈവരിയിലെ ഗ്രില്ലുകളും തകര്‍ന്ന നിലയിലാണ്. നടപ്പാത ഇളകിയും ചെളിനിറഞ്ഞും കിടക്കുകയായിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന തര്‍ക്കമാണ് നടപടി നീളുന്നതിന്റെ കാരണം. കാടുകുറ്റി ഗ്രാമപ്പഞ്ചായത്തിനാണ് ഉത്തരവാദിത്വം എന്ന് നാട്ടുകാര്‍ പറയുമ്പോള്‍ റവന്യൂ വകുപ്പിന്റെ വകയാണ് പാലമെന്ന് ഗ്രാമപ്പഞ്ചായത്തും പറയുന്നു. പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

2013 ജൂണിലാണ് വന്യൂ വകുപ്പിന്റെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 1.16 കോടി ചെലവഴിച്ച് തൈക്കൂട്ടം തൂക്കുപാലം നിര്‍മാണം തുടങ്ങിയത്. അന്നമനടയെയും കാടുകുറ്റിയെയും ബന്ധിപ്പിക്കുന്ന പാലം ഈ പ്രദേശങ്ങള്‍ക്കിടയില്‍ എട്ട് കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ സഹായിച്ചു. പാലം സഞ്ചാര യോഗ്യമല്ലാതായതോടെ വിദ്യാര്‍ഥികളടക്കം നിരവധി ആളുകള്‍ ഇരുകര പറ്റാന്‍ കഴിയാതെ വിഷമിക്കുകയാണ് രണ്ട് വര്‍ഷത്തോളമായി.

സംസ്ഥാന സര്‍ക്കാരിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തൂക്കുപാലത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഫണ്ടനുവദിച്ചെങ്കിലും രണ്ടാമത്തെ മഴക്കാലം അടുത്തെത്തിയിട്ടും യാതൊരു നീക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടയ്‌ക്കെത്തി പരിശോധന നടത്തുന്നതല്ലാതെ മറ്റ് നടപടികള്‍ ഒന്നുമായിട്ടില്ല. കലക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോഴും അനുകൂല നടപടികള്‍ ആയിട്ടില്ലെന്നാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മഹാപ്രളയം കഴിഞ്ഞ് 20 മാസങ്ങള്‍ പിന്നിട്ടിട്ടും നൂറുകണക്കിന് ജനങ്ങളുടെ ഗതാഗത മാര്‍ഗമായിരുന്ന തൂക്കുപാലത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ നിസ്സംഗതക്കെതിരേ വന്‍തോതിലുള്ള പ്രതിഷേധമാണുയരുന്നത്. അടിയന്തിരമായി തൂക്കുപാലം ഗതാഗത സൗകര്യത്തിനായി ഒരുക്കണമെന്നാണ് നാട്ടുകാരില്‍ നിന്നു ശക്തമായി ഉയരുന്ന ആവശ്യം. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 2020ലും പ്രളയം വരുമെന്നും അതിലും പാലം തകര്‍ന്നേക്കാമെന്ന കണക്കുകൂട്ടലിലാവാം ബന്ധപ്പെട്ട അധികൃതര്‍ തൂക്കുപാലത്തിന്റെ കാര്യത്തില്‍ നിസംഗത പുലര്‍ത്തുന്നതെന്ന ചിന്തയും നാട്ടുകാരിലുണ്ട്.


Next Story

RELATED STORIES

Share it