Thrissur

യുനെസ്‌കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ച് പൂര നഗരി

യുനെസ്‌കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ച് പൂര നഗരി
X

തൃശൂര്‍: വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കി വിജ്ഞാനമുള്ള പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ലോകത്തിലെ 20 സിറ്റികളിലൊന്നും ഏഷ്യയിലെ ഏക സിറ്റിയുമായി തൃശൂര്‍ മാറി. യുനെസ്‌കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കേരളത്തിന്റെ പൂരനഗരിക്ക് മറ്റൊരു അന്താരാഷ്ട്ര അംഗീകാരം കൂടിയാണിത്.

പഠന നഗരമെന്ന നിലയില്‍ തൃശൂര്‍ നഗരത്തെ വികസിപ്പിച്ചെടുക്കുകയും നഗരത്തിലെ പൊതു ഇടങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യപരവും സുസ്ഥിരവും ആക്കി മാറ്റുന്നതിനുള്ള പദ്ധതിയാണിത്. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനു വഴിയൊരുക്കുന്ന ആഗോള പദ്ധതിയിലേയ്ക്കാണ് തൃശൂരിനെ തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക് ആസ്ഥാന മായ ഗ്ലോബല്‍ ഡിസൈനിങ് സിറ്റീസ് ഇനീഷ്യേറ്റീവ്(ജിഡിസിഎ) എന്ന അന്താരാഷ്ട്ര പ്രസ്ഥാനം ലോകത്താകെയുള്ള 20 നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിലേയ്ക്ക് ഏഷ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏകനഗരമാണ് തൃശൂര്‍.

സ്ട്രീറ്റ്‌സ് ഫോര്‍ കിഡ്‌സ് ലീഡര്‍ഷിപ്പ് ആക്‌സിലറേറ്റര്‍ എന്ന പേരിലുള്ള പദ്ധതി തൃശൂര്‍ കോര്‍പറേഷനും കിലയും തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്ങും ചേര്‍ന്നാണ് നടപ്പാക്കുക. ഈ മാസം 25ന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. പദ്ധതിരേഖയുടെ മികവ് കണക്കാക്കി അന്താരാഷ്ട്ര സഹായധനവും ലഭിക്കും. ആഗോളതലത്തില്‍ ലഭിച്ച 90 അപേക്ഷകളില്‍ നിന്നാണ് തൃശൂര്‍ ഉള്‍പ്പെടെയുള്ള 20 നഗരങ്ങളെ തിരഞ്ഞെടുത്തത്.

കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആഗോള ലക്ഷ്യം നിറവേറ്റാന്‍ ഈ പദ്ധതിയിലൂടെ കഴിയുന്നതാണ്. എട്ടുവയസ്സുവരെ ശരിയായ അനുഭവം ലഭിക്കുമ്പോള്‍ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനു വഴിയൊരുങ്ങുമെന്നാണ് ശാസ്ത്രീയ സങ്കല്‍പ്പം. ഇതിനായി വീട്ടില്‍ നിന്നുമാത്രമല്ല, വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലുമൊക്കെ കുട്ടികള്‍ക്ക് പിന്തുണ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. കുട്ടിക്കാലത്തെ അനുഭവങ്ങളെ ശരിയായ ദിശയില്‍ വാര്‍ത്തെടുക്കാന്‍ പ്രാദേശികമായും അന്തരീക്ഷ മുണ്ടാക്കുക എന്നതാണ് ഈ പദ്ധതി നടപ്പാക്കുന്നതുവഴി കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.

തേക്കിന്‍കാട് മൈതാനം പോലെ നഗരത്തിലെ രണ്ടോ മൂന്നോ പൊതുഇടങ്ങള്‍ പദ്ധതിയ്ക്കായി തിരഞ്ഞെടുക്കും. കളിക്കാന്‍ മാത്രമല്ല, വിജ്ഞാനം, വ്യക്തിത്വ വികാസം, സര്‍ഗശേഷി, യുക്തിബോധം, ശാരീരിക ക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ കൂടി കുട്ടികള്‍ക്ക് താല്‍പര്യം ജനിപ്പിക്കുന്ന തരത്തില്‍ ഈ സ്ഥലങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, സുരക്ഷയുറപ്പാക്കാന്‍ റോഡുകളും തെരുവുകളും പുനര്‍രൂപകല്‍പന ചെയ്യുക എന്നിവ നടപ്പാക്കുമെന്നും ആഗോളഭൂപടത്തില്‍ തൃശൂര്‍ ഇടംപിടിച്ചതില്‍ അഭിമാനിക്കുന്നുവെന്നും മേയര്‍ എം കെ വര്‍ഗീസ് പ്രഖ്യാപന ചടങ്ങില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it