Thrissur

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാന്തകുമാരി ടീച്ചര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാന്തകുമാരി ടീച്ചര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
X

മാള(തൃശൂര്‍): കുഴൂര്‍ ഗ്രാമപഞ്ചായത്ത് യോഗത്തിലേക്ക് വരുന്നതിനിടയില്‍ കുഴഞ്ഞ് വീണ് ചികില്‍സയിലിരിക്കേ മരിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാന്തകുമാരി ടീച്ചര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. കുഴൂര്‍ പാലേത്ത് കൊച്ചുനാരായണന്റെ ഭാര്യയായ പി ശാന്തകുമാരി കുഴൂര്‍ നിവാസികള്‍ക്ക് ടീച്ചറും അമ്മയുമായിരുന്നു. അതിനാല്‍തന്നെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അന്ത്യോപചാരം അര്‍പ്പിക്കാനായി ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട ഒട്ടനവധിപേരാണ് എത്തിയത്.

ഇന്നലെ രാവിലെ എട്ട് മണിയോടെ കുഴൂര്‍ ഗ്രാമപഞ്ചായത്തിലും തുടര്‍ന്ന് കുഴൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വച്ചു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം കൊണ്ട് വന്നത്. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ഇ കേശവന്‍കുട്ടി തുടങ്ങിയവര്‍ വിലാപയാത്രക്ക് നേതൃത്വം നല്‍കി. പാര്‍ട്ടി ഓഫിസിലെത്തിച്ച മൃതദേഹത്തില്‍ കെ പി സി സി സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പതാക പുതപ്പിച്ചു. ശാന്തകുമാരി ടീച്ചര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് നിര്‍മിച്ച പാര്‍ട്ടി ഓഫിസില്‍ അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം തൊട്ടടുത്തായുള്ള വീട്ടിലേക്ക് മൃതദേഹമെത്തിച്ചു.

വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ എം പിയും ഡി സി സി പ്രസിഡന്റുമായ ടി എന്‍ പ്രതാപന്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. 24 വര്‍ഷം ഗ്രാമപഞ്ചായത്തംഗവും അതിനിടയില്‍ രണ്ട് തവണ പ്രസിഡന്റ് സ്ഥാനവും ഒരുവട്ടം വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്ന പി ശാന്തകുമാരി പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിച്ചിരുന്നില്ല. എങ്കിലും കുഴൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന നേതാവായിരുന്നു. കേരളത്തിന്റെ ഗതിമാറ്റുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ജനകീയാസൂത്രണം തുടങ്ങിയ വര്‍ഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. എരവത്തൂര്‍ എസ് കെ വി എല്‍ പി സ്‌കൂള്‍, കുണ്ടൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍, കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി 36 വര്‍ഷം അധ്യാപികയായിരുന്നു. അതിനാല്‍തന്നെ നൂറുകണക്കിന് ശിഷ്യഗണങ്ങളാണ് പ്രിയപ്പെട്ട ഗുരുനാഥയെ അവസാനമായി കാണാനെത്തിയത്.

മാര്‍ പോളി കണ്ണൂക്കാടന്‍, എം എല്‍ എമാരായ വി ഡി സതീശന്‍, റോജി ജോണ്‍, അനില്‍ അക്കര, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിര്‍മല്‍ സി പാത്താടന്‍, കാതറിന്‍ പോള്‍ തുടങ്ങി നിരവധി പ്രമുഖരടങ്ങിയ ജനസഞ്ജയമാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. പി ശാന്തകുമാരി ടീച്ചറുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നിയമസഭാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വയലാര്‍ രവി, ബെന്നി ബഹനാന്‍ എം പി, പി സി ചാക്കോ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. വൈകീട്ട് നാലിന് മണിക്ക് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Next Story

RELATED STORIES

Share it