Wayanad

മുത്തങ്ങ പന്തിയില്‍ ചികിത്സയിലായിരുന്ന കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു; കടുവയുടെ ആക്രമണത്തില്‍ മുറിവേറ്റെന്ന് സംശയം

മുത്തങ്ങ പന്തിയില്‍ ചികിത്സയിലായിരുന്ന കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു; കടുവയുടെ ആക്രമണത്തില്‍ മുറിവേറ്റെന്ന് സംശയം
X

ബത്തേരി: മാനന്തവാടി എടയൂര്‍ കുന്നിലെ ജനവാസ കേന്ദ്രത്തില്‍നിന്നു ശരീരം നിറയെ മുറിവുകളും ചതവുകളുമായി മുത്തങ്ങ ആനപന്തിയില്‍ രണ്ടാഴ്ച മുന്‍പ് ചികിത്സയ്ക്കെത്തിച്ച ഒരു വയസ്സുള്ള കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു. കഴിഞ്ഞ 13ന് മുത്തങ്ങയിലെത്തിയ കുട്ടിക്കൊമ്പന്‍ സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി അവശനിലയിലായത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ചെരിഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്തി ജഡം വയനാട് വന്യജീവി സങ്കേതത്തില്‍ സംസ്‌കരിച്ചു.

മാനന്തവാടി എടയൂര്‍ കുന്നിലെ ജനവാസകേന്ദ്രത്തില്‍ കഴിഞ്ഞ 11നാണ് കുട്ടിക്കൊമ്പനെ ആദ്യം കണ്ടത്. തുടര്‍ന്ന് വനപാലകര്‍ ആനയെ പിടികൂടി പ്രാഥമിക ചികിത്സ നല്‍കി കാട്ടിക്കുളം വനമേഖലയില്‍ ആനക്കൂട്ടത്തിനൊപ്പം കാട്ടില്‍ വിട്ടിരുന്നു. എന്നാല്‍ പിറ്റേന്ന് ആന വീണ്ടും നാട്ടിലെത്തി. തുടര്‍ന്നാണ് കുട്ടിക്കൊമ്പനെ പിടികൂടി മുത്തങ്ങ പന്തിയിലെത്തിച്ചത്. ശരീരത്തില്‍ 17 മുറിവുകളാണ് ഉണ്ടായിരുന്നത്. കാലുകളിലും തുമ്പിക്കയ്യിലും മുറിവുണ്ടായിരുന്നു. വലതു പിന്‍കാലിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു.

ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ, ഡോ.അജേഷ് മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നല്‍കി വന്നത്. മുറിവുകള്‍ക്ക് പുറമേ ആനയുടെ ശരീരത്തില്‍ ചതവുകളും ഉണ്ടായിരുന്നു. വലിയ മുറിവ് കടുവയുടെ ആക്രമണം നിമിത്തം ഉണ്ടായതാണെന്ന് കരുതുന്നു. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ,റേഞ്ച് ഓഫീസര്‍മാരായ കെ.വി.ബിജു, എസ്.രഞ്ജിത് കുമാര്‍, സഞ്ജയ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി






Next Story

RELATED STORIES

Share it