Wayanad

തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട്ടില്‍ കമ്മീഷനിങ് നാളെ മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട്ടില്‍ കമ്മീഷനിങ്  നാളെ മുതല്‍
X

കല്‍പറ്റ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന കമ്മീഷനിങ് (കാന്‍ഡിഡേറ്റ് സെറ്റിങ്) ഡിസംബര്‍ 6, 7 തിയ്യതികളില്‍ നടക്കും. ഗ്രാമപഞ്ചായത്തുകളുടെ കമ്മീഷനിങ് നാളെയും നഗരസഭകളുടേത് 7 നുമാണ്. സ്ഥാനാര്‍ഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിലാണു കമ്മീഷനിംഗ് നടക്കുന്നത്. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന കമ്മീഷനിംഗിന് ഒരു സ്ഥാനാര്‍ഥിക്ക് ഒരാള്‍ എന്ന നിലയിലാകും ഹാളിലേക്ക് പ്രവേശനം അനുവദിക്കുക.

ത്രിതല പഞ്ചായത്തുകളില്‍ ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമ പഞ്ചായത്തില്‍ വെള്ളയും ബ്ലോക്ക് പഞ്ചായത്തില്‍ പിങ്കും ജില്ലാ പഞ്ചായത്തില്‍ ഇളം നീലയും നിറത്തിലുള്ള ബാലറ്റ് ലേബലുകളാണു പതിക്കുക. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 15-ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമത് ഒരു ബാലറ്റ് യൂണിറ്റ് കൂടി ഉപയോഗിക്കും. കാന്‍ഡിഡേറ്റ് സെറ്റിങ്ങിനു ശേഷം മെഷീനുകളില്‍ മോക് പോള്‍ ചെയ്യും. ഇതിന്റെ ഫലം സ്ഥാനാര്‍ഥികളെ കാണിച്ചു പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി യന്ത്രത്തില്‍ പിങ്ക് പേപ്പര്‍ സീല്‍ ചുറ്റും. വോട്ടെടുപ്പ് ദിവസം ആദ്യവും മോക്പോള്‍ നടത്തിയതിനു ശേഷമാണ് യന്ത്രങ്ങള്‍ വോട്ടെടുപ്പിന് ഉപയോഗിക്കുക. കമ്മീഷനിംഗ് പൂര്‍ത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങള്‍ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ കമ്മീഷനിംഗ് നാളെ രാവിലെ 9 മുതല്‍ മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടേത് രാവിലെ 9.30 മുതല്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടേത് രാവിലെ 8 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളളവയില്‍ രാവിലെ 8.30 മുതല്‍ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് നടക്കുക.

കല്‍പ്പറ്റ നഗരസഭയിലെ കമ്മീഷനിംഗ് 7 ന് രാവിലെ 10.30 മുതല്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെത് 9 മുതല്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌ക്കൂളിലും മാനന്തവാടി നാഗരസഭയുടേത് 10.30 മുതല്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടക്കും.




Next Story

RELATED STORIES

Share it