Wayanad

പഞ്ചാരകൊല്ലിയില്‍ ദൗത്യസംഘത്തിനു നേരെ കടുവാ ആക്രമണം

പഞ്ചാരകൊല്ലിയില്‍ ദൗത്യസംഘത്തിനു നേരെ കടുവാ ആക്രമണം
X

മാനന്തവാടി: പഞ്ചാരകൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താന്‍ ഇറങ്ങിയ ദൗത്യ സംഘത്തിനു നേരെ കടുവാ ആക്രമണം. ഒരു ആര്‍ആര്‍ടി സംഘാംഗത്തിന് പരുക്കേറ്റു. മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. ഉള്‍ക്കാട്ടില്‍ വച്ചായിരുന്നു ആക്രമണം. ജയസൂര്യയുടെ കയ്യില്‍ കടുവ മാന്തുകയായിരുന്നു. തറാട്ട് ഭാഗത്ത് കടുവാ തിരച്ചിലിനു ഇറങ്ങിയ സംഘാംഗമാണ് ജയസൂര്യ. സ്ഥലത്ത് കടുവയെ കണ്ട്വന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം ഇവിടെയെത്തിയത്. വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റാനാണ് തീരുമാനം.

പഞ്ചാരക്കൊല്ലിയിലെ നരഭോജികടുവയെ പിടികൂടാനുള്ള തിരച്ചില്‍ വനംവകുപ്പ് തുടരുകയാണ്. 80 അംഗ ആര്‍ആര്‍ടി സംഘം പ്രദേശത്ത് 8 ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചില്‍ നടത്തുകയാണ്. രണ്ടു കൂടുകളും 38 ക്യാമറകളും വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികളില്‍ ചിലര്‍ കടുവയെ വീണ്ടും കണ്ടെന്ന് പറയുമ്പോഴും കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ വനംവകുപ്പിനു കഴിഞ്ഞില്ല. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നും കടുവയ്ക്കായി തിരച്ചില്‍ നടത്തും.

വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ഇന്ന് ഉന്നതതല യോഗം ചേരും. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചര്‍ച്ചയാകും. ജില്ലാ കലക്ടര്‍, പൊലീസ് മേധാവി, വിവിധ ഡിഎഫ്ഒമാര്‍ എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. കടുവയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ബേസ് ക്യാംപില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ എഡിഎം സ്ഥലത്തെത്തി സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു.


Next Story

RELATED STORIES

Share it