Editorial

സിഖ് കൂട്ടക്കൊലക്കേസിലെ ആദ്യ ശിക്ഷാവിധി

1984 ഒക്ടോബര്‍ 31ന് അന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും സിഖ് വംശജര്‍ക്കെതിരേ കലാപം നടന്നത്. 3000ലധികം സിഖുകാര്‍ കലാപത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക ഭാഷ്യം.

സിഖ് കൂട്ടക്കൊലക്കേസിലെ ആദ്യ ശിക്ഷാവിധി
X

1984ല്‍ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ സിഖ് വിരുദ്ധ കൂട്ടക്കൊലയിലെ രണ്ടു പ്രതികള്‍ക്ക് മൂന്നരപ്പതിറ്റാണ്ടിനുശേഷം ശിക്ഷ വിധിച്ചിരിക്കുന്നു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിലെ ആദ്യ ശിക്ഷാവിധിയാണിത്.

1984 ഒക്ടോബര്‍ 31ന് അന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും സിഖ് വംശജര്‍ക്കെതിരേ കലാപം നടന്നത്. 3000ലധികം സിഖുകാര്‍ കലാപത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍, ചുരുങ്ങിയത് 8000ഓളം സിഖുകാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതില്‍ 3000ലധികം ഡല്‍ഹിയില്‍ മാത്രമാണെന്നും ചില സ്വതന്ത്ര ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

1973ല്‍ സിഖ് രാഷ്ട്രീയ കക്ഷിയായ അകാലിദള്‍ മുന്നോട്ടുവച്ച അനന്തപൂര്‍ സാഹിബ് പ്രമേയം പഞ്ചാബിന് കൂടുതല്‍ സ്വയംഭരണാധികാരം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതുതന്നെയായിരുന്നു ഈ ആവശ്യം. അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ മാത്രം കേന്ദ്രീകരിക്കാതെ സംസ്ഥാനങ്ങള്‍ക്കു കൂടി വകവച്ചുനല്‍കണമെന്നതാണല്ലോ ഫെഡറല്‍ ഘടനയുടെ അന്തസ്സത്ത. അകാലിദളിന്റെ ആവശ്യങ്ങള്‍ക്കു രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനു ശ്രമിക്കാതെ ഖലിസ്ഥാന്‍വാദത്തിലേക്കും തുടര്‍ന്നുണ്ടായ ഓപറേഷന്‍ ബ്ലൂസ്റ്റാറിലേക്കും കൊണ്ടെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയവൈകല്യവും മൃദുഹിന്ദുത്വ നയവുമാണ്. ഖലിസ്ഥാന്‍വാദികളെ അടിച്ചമര്‍ത്തുന്നതിനായി സിഖുകാരുടെ ആരാധനാകേന്ദ്രമായ സുവര്‍ണക്ഷേത്രത്തില്‍ പട്ടാളം കടന്നത് ഇന്ദിരാഗാന്ധിയുടെ ഉത്തരവുപ്രകാരമായിരുന്നു. സ്വേച്ഛാപരമായ ഈ പട്ടാളനടപടിയിലൂടെ സിഖ് മതവികാരം ഉദ്ദീപിപ്പിക്കപ്പെടുകയും പഞ്ചാബ് സംസ്ഥാനം അശാന്തിയുടെ താഴ്‌വരയിലേക്കു പതിക്കുകയും ചെയ്തു. സിഖുകാരുടെ ഉള്ളില്‍ പുകഞ്ഞുനിന്നിരുന്ന പ്രതികാരചിന്തയാണ് ഒടുവില്‍ ഇന്ദിരയുടെ വധത്തില്‍ കലാശിച്ചത്.

തുടര്‍ന്നങ്ങോട്ട് ചോരമരവിപ്പിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് ഡല്‍ഹി നഗരത്തിന്റെ തെരുവുകളില്‍ സിഖ് സമൂഹത്തിനു നേരിടേണ്ടിവന്നത്. ഹോക്കിസ്റ്റിക്കും കമ്പിവടിയും മണ്ണെണ്ണ ടിന്നുകളുമായി കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരുടെ കാര്‍മികത്വത്തില്‍ കൊള്ളയും കൊള്ളിവയ്പും കൂട്ടക്കൊലയും പടര്‍ന്നു. ഇന്ദിരാഗാന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രിയായ രാജീവ്ഗാന്ധി ഈ സിഖ് വിരുദ്ധ കൂട്ടക്കൊലയെ 'വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ചെറുചെടികള്‍ ചതഞ്ഞരയും' എന്ന ന്യായീകരണസിദ്ധാന്തംകൊണ്ടു വിശേഷിപ്പിച്ചത് ഇന്ത്യാ ചരിത്രത്തിലെ മറ്റൊരു കളങ്കമായി നില്‍ക്കുന്നു.

തെളിവില്ലെന്നു പറഞ്ഞ് ഡല്‍ഹി പോലിസ് 1994ല്‍ അവസാനിപ്പിച്ച കേസാണ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ ഇടപെടലുകളുടെ ഫലമായി ഇപ്പോള്‍ ആദ്യ ശിക്ഷ വിധിക്കാന്‍ സാഹചര്യമൊരുങ്ങിയിരിക്കുന്നത്. വധശിക്ഷയെ ഒരു പരിഷ്‌കൃത സമൂഹത്തിന് ന്യായീകരിക്കാനാവില്ല. എങ്കിലും വൈകിയെങ്കിലും തെളിഞ്ഞ നീതിയുടെ ഈ തിരിനാളം സിഖ് സമൂഹത്തോടുള്ള നന്നേ ചെറിയൊരു പ്രായശ്ചിത്തമാണ്. ഗുജറാത്തും നെല്ലിയും മുസഫര്‍നഗറും ആവര്‍ത്തിക്കുന്ന ഇന്ത്യയില്‍ അപൂര്‍വമായെങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് നീതിയിലുള്ള പ്രതീക്ഷ കെടാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നു.


Next Story

RELATED STORIES

Share it