Editors Pick

കണ്ണൂരിലെ ബോംബ് രാഷ്ട്രീയം അവസാനിക്കുമോ..?

X

റികളുടെയും തിറകളുടെയും നാടെന്നാണ് കണ്ണൂരിന്റെ ഔദ്യോഗിക നാമം. എന്നാല്‍, കണ്ണൂരെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മവരുന്നത് ബോംബുകളും കൊലപാതകങ്ങളുമാണ്. രാഷ്ട്രീയത്തെ ഇത്രയും അതിവൈകാരികമായി കാണുന്നൊരു നാട് വേറെ കാണില്ല. കൊണ്ടുംകൊടുത്തും തങ്ങളുടെ പാര്‍ട്ടിയെ സംരക്ഷിച്ചുനിര്‍ത്തുന്നുവെന്നാണ് അവകാശവാദം. എന്നാല്‍, നിരപരാധികളുടെ ജീവനെടുക്കുന്നതില്‍ ഒന്നാം സ്ഥാനമാണ്, കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്. മുന്‍കാലങ്ങളില്‍ നിന്ന് ഏറെ അയവ് വന്നെങ്കിലും എപ്പോള്‍ വേണമെങ്കിലും എവിടെയും ബോംബ് പൊട്ടിത്തെറിക്കാമെന്ന അവസ്ഥയിലാണ് ഇപ്പോഴും കണ്ണൂരിലെ പല ഗ്രാമങ്ങളും. എരഞ്ഞോളിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി മരിച്ചെന്ന വാര്‍ത്ത അതാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നാട്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ നാട്, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നാട്. അധികാര രാഷ്ട്രീയത്തിന്റെ മേല്‍വിലാസത്തില്‍ മറ്റു ജില്ലകളേക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നില്‍ തന്നെയാണ് കണ്ണൂരിന്റെ സ്ഥാനം. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിലും കണ്ണൂരിന്റെ തട്ട് താഴ്ന്നു തന്നെയായിരുന്നു. പക്ഷേ, കൊലക്കത്തി രാഷ്ട്രീയത്തിന്റെ പട്ടികയിലും എക്കാലവും കണ്ണൂര്‍ തന്നെയായിരുന്നു മുന്നില്‍. രാഷ്ട്രീയ പ്രതിയോഗികളുടെ മാത്രമല്ല, നിരപരാധികളുടെയും ജീവനെടുത്തിട്ടുണ്ട് ഈ ബോംബ് രാഷ്ട്രീയം. അമാവാസിയും അഷ്‌നയും മുതല്‍ വേലായുധന്‍ വരെ നീളുന്ന പട്ടിക തന്നെ അതിന് സാക്ഷിയാണ്. എന്തുകൊണ്ടാണ് ബോംബ് രാഷ്ട്രീയം ഇല്ലായ്മ ചെയ്യാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും സാധിക്കാതെ വരുന്നത്. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതാക്കള്‍ ആണയിടുമ്പോഴും സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് നിര്‍മാണം തകൃതിയാണെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഘ് സഹയാത്രികന്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സിപിഎമ്മും ആര്‍എസ്എസും കൊലക്കത്തി താഴെ വയ്ക്കാമെന്ന് ധാരണയിലെത്തിയ ശേഷവും എത്രയെത്ര കൊലപാതകങ്ങളാണ് അരങ്ങേറിയത്. അതിനു കാരണം മറ്റൊന്നുമല്ല, ഇരുപാര്‍ട്ടികളും തങ്ങളുടെ അധീശത്വം ഉറപ്പിക്കാന്‍ ആക്രമണങ്ങളെ പ്രതിരോധങ്ങളായി ഉയര്‍ത്തിക്കാട്ടുകയും പ്രതികളെ നായകരായി വാഴ്ത്തുകയും ചെയ്യുന്നുവെന്നതു തന്നെയാണ്. ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിമരിച്ചവര്‍ക്ക് രക്തസാക്ഷി മന്ദിരങ്ങള്‍ നിര്‍മിക്കുന്ന നാടാണല്ലോ. കോണ്‍ഗ്രസാവട്ടെ, നല്ലപിള്ള ചമയുന്നുണ്ടെങ്കിലും മുന്‍കാല രാഷ്ട്രീയചരിത്രം അറിയുന്നവര്‍ക്കറിയാം, ഖദറിനുള്ളിലെ ചോരപ്പാടുകളുടെ കദനകഥകള്‍. നാദാപുരത്ത് മാത്രമല്ല, ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് യുവാക്കളെ കുരുതി കൊടുത്ത പാരമ്പര്യം പാനൂരിലെ മുസ് ലിംലീഗിനുമുണ്ട്. ഈ കുളിമുറിയില്‍ എല്ലാവരും നഗ്‌നരാണെന്നത് തന്നെയാണ് ബോംബ് നിര്‍മാണം തകൃതിയാവുന്നതിനു പിന്നില്‍.

ണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം 252ലേറെ ബോംബുകളാണ് കണ്ടെടുത്തത്. ആറുമാസത്തിനിടെ 15 ബോംബുകള്‍. 150ഓളം ബോംബുകള്‍ പിടികൂടി അതുകൊണ്ട് കണ്ണൂര്‍ പോലിസ് എന്ന് ചിത്രം വരച്ച ചരിത്രവും കണ്ണൂരിനുണ്ടല്ലോ. മൂന്നുവര്‍ഷത്തിനിടെ എട്ടിടത്താണ് ജില്ലയില്‍ സ്‌ഫോടനമുണ്ടായത്. ഈ കണക്ക് രേഖകളിലുള്ളതാണ്. രാത്രികാലങ്ങളിലും വിഷുവിന്റെ മറവിലും പൊട്ടിത്തെറിക്കുന്ന ബോംബുകള്‍ നിരവധിയാണ്. പാനൂര്‍ സ്‌ഫോടനം ഉള്‍പ്പെടെ നാടന്‍ബോംബ് നിര്‍മാണത്തിനിടെ 1998നുശേഷം കൊല്ലപ്പെട്ടത് 10 പേരാണ്. ഇതില്‍ ആറുപേര്‍ സിപിഎം പ്രവര്‍ത്തകരും നാലുപേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുമാണ്. പാനൂര്‍, കൊളവല്ലൂര്‍, തലശ്ശേരി മേഖലകളാണ് ഇപ്പോഴും ബോംബ് ശേഖരത്തില്‍ മുന്നിലുള്ളത്. ചിലയിടങ്ങളിലെങ്കിലും ആള്‍ത്താമസമില്ലാത്ത വീടുകള്‍, ഒഴിഞ്ഞ പറമ്പുകള്‍ എന്നിവയെല്ലാം ബോംബുണ്ടാക്കുന്ന ഇടങ്ങളായി മാറിയിട്ടുണ്ട്. പൈപ്പിനകത്തും ഗ്രാമങ്ങളിലെ റോഡരികിലെ മതില്‍ തുരന്ന് പ്രത്യേക അറകളുണ്ടാക്കിയും വരെ ബോംബുകള്‍ സൂക്ഷിക്കുന്നുണ്ട്. ഒന്നിലേറെ തവണ ഒരേയാളുടെ വീട്ടില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയിട്ടും അത്തരക്കാരെ കാര്യമായ നടപടികളില്ലാതെ സംരക്ഷിക്കുന്നതാണ് പോലിസ് നയം. പയ്യന്നൂരിനടുത്തുള്ള ആലക്കോട് ബിജു എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം നടന്നത് ഒന്നും രണ്ടുമല്ല, മൂന്നുതവണയാണ്. എന്നിട്ടും അയാള്‍ വിലസി നടക്കുകയാണ്. ബോംബുകളുടെ ഉറവിടം തേടാനും പോലിസ് താല്‍പര്യം കാണിക്കാറില്ല.


1998നുശേഷം 20ലേറെ സ്‌ഫോടനങ്ങള്‍ റോഡരികിലും ആളൊഴിഞ്ഞ പറമ്പിലുമെല്ലാമായി നടന്നിട്ടുണ്ടെന്നാണ് കണക്ക്. കണ്ണും കൈയും നഷ്ടമായ കുട്ടികള്‍ മുതല്‍ 85 വയസ്സുള്ള വയോധികന്‍ വരെ ഇതിന്റെ ഇരകളാണ്. മട്ടന്നൂരില്‍ ആക്രിസാധനങ്ങള്‍ പെറുക്കിക്കൊണ്ടുവന്ന അസം സ്വദേശികളായ പിതാവും മകനും കൊല്ലപ്പെട്ടിരുന്നു. പാനൂരിനടുത്ത് കൂരാറയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി നാടോടി ബാലികയായ ഒമ്പതു വയസ്സുകാരി സൂര്യകാന്തിക്ക് നഷ്ടപ്പെട്ടത് ഇടതു കണ്ണും കൈപ്പത്തിയുമാണ്. ചെറുവാഞ്ചേരിയില്‍ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് കാല്‍ നഷ്ടപ്പെട്ട അഷ്‌നയെ കുറിച്ചും എല്ലാവര്‍ക്കുമറിയാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അന്വേഷണങ്ങളെല്ലാം പ്രഹസനമായി മാറുകയാണ്. ആളില്ലാ ബോംബുകളായതിനാല്‍ അന്വേഷണത്തിനും പരിമിതിയുണ്ടെന്ന് പോലിസ് പറയുന്നു. നിയമസഭയിലും തെരുവിലും അല്‍പ്പകാലം പ്രതിഷേധങ്ങളും പ്രസ്താവനകളും ഉണ്ടാവുമെന്നല്ലാതെ ഇതിനൊന്നും ഒരു മാറ്റമുണ്ടാവുമെന്ന് നാട്ടുകാര്‍ പോലും കരുതുന്നില്ല. അതിനാല്‍ തന്നെ, ആര്‍എസ്എസും സിപിഎമ്മും ബോംബുകളും കൊലക്കത്തികളും കൊണ്ട് ചോരക്കളമാക്കിയ കണ്ണൂരിന്റെ ചരിത്രത്തില്‍ വലിയ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കാനും വയ്യ. ബന്ധപ്പെട്ടവര്‍ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങിയാല്‍ മാത്രമേ, കണ്ണൂരില്‍ ബോംബ് നിര്‍മാണം കുടില്‍ വ്യവസായമാണെന്ന അപഖ്യാതിക്ക് അറുതി വരുത്താനാവൂ. അപ്പോള്‍ മാത്രമേ, കൊലക്കത്തികളുടെ കൊളീസിയം എന്ന പേരുദോഷത്തില്‍ നിന്ന് കണ്ണൂര്‍ മോചിതമാവുകയുള്ളൂ.

Next Story

RELATED STORIES

Share it