Emedia

'മതിയായ വിലയ്ക്ക് ലീഗിനെ വില്‍ക്കുകയോ അഞ്ചു കൊല്ലത്തേക്ക് പാര്‍ട്ടിയെ നടത്താന്‍ കൊടുക്കുക ചെയ്യുക': മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് കെ ടി ജലീല്‍

ഒന്നുകില്‍ മതിയായ വിലക്ക് ലീഗിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുകയോ അതല്ലെങ്കില്‍ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവര്‍ക്ക് പാര്‍ട്ടിയെ നടത്താന്‍ കൊടുക്കണമെന്നും കെ ടി ജലീല്‍ കുറിച്ചു. മുത്തിന് വില്‍ക്കാന്‍ കഴിയുന്ന സമയത്ത് അത് ചെയ്തില്ലെങ്കില്‍ 'ഇന്ത്യാവിഷന്റെ' ഗതി വരും മുസ്ലിംലീഗിനെന്നും മുത്താറിക്ക് പോലും ആരും വാങ്ങില്ല. ഏതു വേണമെന്ന് ഏതെങ്കിലും സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ചേരാന്‍ പോകുന്ന അടുത്ത പ്രവര്‍ത്തക സമിതിയില്‍ ആലോചിച്ച് തീരുമാനിക്കാമെന്നും ജലീല്‍ പരിഹസിച്ചു.

മതിയായ വിലയ്ക്ക് ലീഗിനെ വില്‍ക്കുകയോ   അഞ്ചു കൊല്ലത്തേക്ക് പാര്‍ട്ടിയെ നടത്താന്‍ കൊടുക്കുക ചെയ്യുക: മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് കെ ടി ജലീല്‍
X

മലപ്പുറം: കൊച്ചിയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഒരു കൂട്ടം നേതാക്കള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയും കുഞ്ഞാലിക്കുട്ടി രാജിസന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ക്കു പിന്നാലെ മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് കെ ടി ജലീല്‍ എംഎല്‍എ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കെ ടി ജലീല്‍ ലീഗിനെതിരേ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്.

ഒന്നുകില്‍ മതിയായ വിലക്ക് ലീഗിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുകയോ അതല്ലെങ്കില്‍ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവര്‍ക്ക് പാര്‍ട്ടിയെ നടത്താന്‍ കൊടുക്കണമെന്നും കെ ടി ജലീല്‍ കുറിച്ചു. മുത്തിന് വില്‍ക്കാന്‍ കഴിയുന്ന സമയത്ത് അത് ചെയ്തില്ലെങ്കില്‍ 'ഇന്ത്യാവിഷന്റെ' ഗതി വരും മുസ്ലിംലീഗിനെന്നും മുത്താറിക്ക് പോലും ആരും വാങ്ങില്ല.

ഏതു വേണമെന്ന് ഏതെങ്കിലും സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ചേരാന്‍ പോകുന്ന അടുത്ത പ്രവര്‍ത്തക സമിതിയില്‍ ആലോചിച്ച് തീരുമാനിക്കാമെന്നും ജലീല്‍ പരിഹസിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലീഗിന് പട്ടിണി! നേതാക്കള്‍ക്ക് സമൃദ്ധി!

മുസ്‌ലിംലീഗിന്റെ എംഎല്‍എമാരും പ്രമുഖ നേതാക്കളും മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും ബാഗ്ലൂരിലേക്ക് പറക്കുന്നു. തിരിച്ച് എല്ലാവരും ഒരുമിച്ച് കൊച്ചിയില്‍ അതേ വിമാനത്തില്‍ ലാന്റ് ചെയ്യുന്നു. പ്രത്യേക വാഹനങ്ങളില്‍ നേരെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്വകാര്യ ഹോട്ടലിലേക്ക് പോകുന്നു. അവിടെ വെച്ച് ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി കൂടുന്നു. ആജന്‍മ ശത്രുക്കളെപ്പോലെ ലീഗ് നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നു. ചിലര്‍ വാക്ക് പോരില്‍ കക്ഷി ചേരുന്നു. മറ്റൊരു സംഘം മനസ്സില്‍ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നു. വേറെ ഒരു കൂട്ടര്‍ എല്ലാം കണ്ട് ഊറിച്ചിരിക്കുന്നു. പിന്നെ പരസ്പരം കൈകൊടുത്ത് പിരിയുന്നു.

നടന്ന സംഭവങ്ങള്‍ വള്ളിപുള്ളി തെറ്റാതെ ചാനലുകള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു. സമ്പന്നരായി ജനിച്ച് ദരിദ്രരായി മരിച്ച പഴയ കാല നേതാക്കള്‍ കടങ്കഥയാകുന്നു. ദരിദ്രരരായി വളര്‍ന്ന് സമ്പന്നരായി വിലസുന്ന നേതാക്കള്‍ വാഴുന്ന ഹൈടെക് യുഗം ലീഗില്‍ പിറക്കുന്നു. കട്ടിലിന് ചുവട്ടില്‍ ഒളിപ്പിച്ചു വെച്ച 60 ലക്ഷം കയ്യോടെ പിടികൂടപ്പെടുന്നു. കൈക്കൂലി വാങ്ങിയെന്ന് സ്വന്തം നേതാക്കളെ കുറിച്ച് ലീഗ് പ്രവര്‍ത്തകര്‍ പരാതി നല്‍കുന്നു. ഇ.ഡി അവരുടെ സ്വത്ത് കണ്ട് കെട്ടുന്നു. കള്ളപ്പണ വെളുപ്പിക്കല്‍ കേന്ദ്രമായി പാര്‍ട്ടീ പത്രമാപ്പീസ് മാറുന്നു. പാലാരിവട്ടം പാലം അഴിമതിയില്‍ നേതാവ് അകത്താകുന്നു. വിവിധ ബാങ്കുകളില്‍ ലീഗ് കമ്മിറ്റികളുടെ പേരില്‍ ലക്ഷങ്ങള്‍ അവരറിയാതെ കുമിഞ്ഞ് കൂടുന്നു!!

മൂത്തവരെക്കണ്ടല്ലേ യൂത്തന്‍മാരും വളരുന്നത്. അവര്‍ മൂന്നാറില്‍ ഒരു നേതൃ ക്യാമ്പ് വെച്ചു. യൂത്ത്‌ലീഗ് നേതാക്കള്‍ വന്നിറങ്ങിയത് ഹെലികോപ്റ്റര്‍ വാടകക്കെടുത്താണ്. വിമര്‍ശനം വന്നപ്പോള്‍ ഗള്‍ഫിലെ വ്യവസായി സ്‌പോണ്‍സര്‍ ചെയ്തതെന്ന് വിശദീകരണം. കത്വവയിലും ഉന്നാവയിലും ക്രൂരമായി കൊലചെയ്യപ്പെട്ട ബാലികമാര്‍ക്ക് വേണ്ടി വ്യാപക പണപ്പിരിവ് നടത്തുന്നു. സ്വരൂപിച്ച പണത്തിന് കയ്യും കണക്കുമില്ലാതാകുന്നു. കള്ളി വെളിച്ചത്തായപ്പോള്‍ അഖിലേന്ത്യാ യൂത്ത്‌ലീഗ് ഭാരവാഹി രാജി നല്‍കുന്നു. സംസ്ഥാന കമ്മിറ്റിക്കാര്‍ക്ക് കൈമാറിയ സംഖ്യയുടെ കണക്ക് പുറത്ത് വരുന്നു. ഇ.ഡി യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നു. അധികം വൈകാതെ സ്വന്തമായി കൂലിയും വേലയും ഇല്ലാത്ത യൂത്ത്‌ലീഗ് സിങ്കങ്ങള്‍ക്ക് കൊട്ടാര സമാന വീടുകള്‍ സ്വന്തമാകുന്നു. ആഡംബര കാറുകളില്‍ ചീറിപ്പായുന്നു. ഇടക്കിടെ വിദേശ ടൂറുകളില്‍ ആര്‍മാദിക്കുന്നു. ഗള്‍ഫില്‍ വ്യവസായ ശൃംഘലകള്‍ തുറക്കുന്നു.

മൂത്തന്‍മാരും യൂത്തന്‍മാരും അടിച്ച് പൊളിക്കുമ്പോള്‍ കുട്ടികളായിട്ട് എന്തിന് ഖാഇദെമില്ലത്തിന്റെ വഴിയേ സഞ്ചരിക്കണം? അവരും ഉത്തരേന്ത്യയിലെ കുട്ടികള്‍ക്കായി സഹായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. ധനസമാഹരണം നടത്തുന്നു. ശേഖരിച്ച സംഖ്യയെ കുറിച്ച് മൗനം പാലിക്കുന്നു. പിരിക്കലും മുക്കലും ലീഗില്‍ തുടര്‍ക്കഥയാകുന്നു. എം.എസ്.എഫില്‍ വിശ്വാസമര്‍പ്പിച്ച കുട്ടികളുടെ ഡാറ്റകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറി പണം പറ്റിയെന്ന് എം.എസ്.എഫിലെ തന്നെ നേതാക്കള്‍ ആരോപിക്കുന്നു. ഹരിത പെണ്‍കുട്ടികളെ അപമാനിക്കുന്നു. ചോദ്യം ചെയ്തവരെ പടിയടച്ച് പിണ്ഡം വെക്കുന്നു.

എങ്ങും എവിടെയും തട്ടിപ്പും വെട്ടിപ്പും അഴിമതിയും. നേതാക്കള്‍ സമ്പന്നതയുടെ മടിത്തട്ടില്‍ വിലസുമ്പോള്‍ പാര്‍ട്ടി മുഴുപ്പട്ടിണിയില്‍ ചക്രശ്വാസം വലിക്കുന്നു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക നിര്‍ത്തി. ചന്ദ്രിക വീക്കിലിയുടെ അച്ചടിപ്പതിപ്പ് അവസാനിപ്പിച്ചു. മഹിളാ ചന്ദ്രിക വേണ്ടെന്ന് വെച്ചു. ചന്ദ്രികയില്‍ ജീവനക്കാര്‍ക്ക് ശമ്പളം പതിവായി മുടങ്ങി. ആളും നാഥനുമില്ലാത്ത അവസ്ഥ. അച്ചടക്ക ലംഘനം ലീഗിന്റെ അഭിവാജ്യ ഘടകമായി. നടപടിക്ക് ത്രാണിയില്ലാതെ നേതൃത്വം മുട്ട് വിറച്ച് നില്‍ക്കുന്ന ചിത്രം ദയനീയം.

ലീഗ് രാഷ്ട്രീയത്തിന്റെ വര്‍ത്തമാന ഉള്ളടക്കമാണ് മുകളില്‍ പറഞ്ഞത്. ഈ അവസ്ഥയില്‍ ലീഗ് എത്രകാലം മുന്നോട്ട് പോകും. ഒന്നുകില്‍ മതിയായ വിലക്ക് ലീഗിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുക. അതല്ലെങ്കില്‍ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവര്‍ക്ക് പാര്‍ട്ടിയെ നടത്താന്‍ കൊടുക്കുക. മുത്തിന് വില്‍ക്കാന്‍ കഴിയുന്ന സമയത്ത് അത് ചെയ്തില്ലെങ്കില്‍ 'ഇന്ത്യാവിഷന്റെ' ഗതി വരും മുസ്ലിംലീഗിന്. മുത്താറിക്ക് പോലും ആരും വാങ്ങില്ല.

ഏതു വേണമെന്ന് ഏതെങ്കിലും സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ചേരാന്‍ പോകുന്ന അടുത്ത പ്രവര്‍ത്തക സമിതിയില്‍ ആലോചിച്ച് തീരുമാനിക്കാം.

Next Story

RELATED STORIES

Share it