Emedia

രാജ്യത്ത് പിടിപ്പുകേസും കെടുകാര്യസ്ഥതയും; കേന്ദ്രസര്‍ക്കാര്‍ വൈറസിനേക്കാള്‍ മഹാവ്യാധിയെന്ന് ധനമന്ത്രി തോമസ് ഐസക്

രാജ്യത്ത് പിടിപ്പുകേസും കെടുകാര്യസ്ഥതയും; കേന്ദ്രസര്‍ക്കാര്‍ വൈറസിനേക്കാള്‍ മഹാവ്യാധിയെന്ന് ധനമന്ത്രി തോമസ് ഐസക്
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലെ അലംഭാവംമൂലം ലോകരാജ്യങ്ങളുടെ മുന്നില്‍ നാണംകെട്ടു നില്‍ക്കുകയാണ് ഇന്ത്യയെന്നും പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് രാജ്യം ഭരിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക്. പിടിപ്പുകേടും കെടുകാര്യസ്ഥതയും അമ്പത്താറിഞ്ചില്‍ വിരിഞ്ഞു നില്‍ക്കുകയാണ്, വൈറസിനെക്കാള്‍ വലിയ മഹാവ്യാധിയായി കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്ന അതീവഗുരുതരമായ സാഹചര്യത്തെ നേരിടാനുള്ള പ്രാപ്തിയോ ദീര്‍ഘവീക്ഷണമോ താല്‍പര്യമോ നമ്മുടെ ഭരണാധികാരികള്‍ക്കില്ല എന്നു തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ വാക്‌സിന്‍ തലസ്ഥാനമെന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. കുറഞ്ഞ വിലയ്ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ ലോകമെമ്പാടും കയറ്റി അയയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. അവിടെയാണ്, കൊവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കപ്പെട്ടിട്ടും ഈ രാജ്യത്തെ ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിനും ലഭ്യമല്ലാത്ത അവസ്ഥയുണ്ടായത്. എല്ലാ ശേഷിയും ഉപയോഗിച്ച് പരമാവധി വാക്‌സിന്‍ നിര്‍മ്മിക്കേണ്ട ഘട്ടത്തിലാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. നാടു കത്തുമ്പോള്‍ വീണ വായിച്ച നീറോയുടെ നേരന്തിരവനാണ്, പ്രാണവായു ലഭിക്കാതെ ജനങ്ങള്‍ പിടഞ്ഞു മരിക്കുമ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ ചുവപ്പുനാട വലിച്ചു മുറുക്കി രസിക്കുന്ന മോദിയെന്നും അദ്ദേഹം എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ ആക്ഷേപിച്ചു.

ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമാകാനിടയുള്ള സാഹചര്യത്തെക്കുറിച്ച് ലോകം മുഴുവന്‍ മുന്നറിയിപ്പ് മുഴങ്ങുമ്പോള്‍, ഇന്ത്യ കോവിഡിനെ കീഴടക്കി എന്ന ഗീര്‍വാണം മുഴക്കി നടക്കുകയായിരുന്നു നമ്മുടെ ഭരണാധികാരികള്‍. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ നമ്മുടെ പൊതുമേഖലയെ ഒരുഘട്ടത്തിലും വിശ്വാസത്തിലെടുക്കാന്‍ അവര്‍ തയ്യാറായില്ല. ഭാരത് ബയോടെക്കിന്റെ ബാംഗ്ലൂര്‍ യൂണിറ്റില്‍ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിക്കാനുള്ള ആലോചന നടക്കുന്നേയുള്ളൂ. കഴിഞ്ഞ ഡിസംബറില്‍ നമ്മുടെ വാക്‌സിന് അനുമതി ലഭിച്ചതാണ് എന്നോര്‍ക്കണം. നമ്മുടെ കെഎസ്ഡിപിയില്‍പ്പോലും വാക്‌സിന്‍ ബോട്ടിലിംഗിനുള്ള സംവിധാനമുണ്ടാക്കാന്‍ കഴിയുമായിരുന്നു.

പ്രതിരോധ വാക്‌സിന്‍ പരമാവധി പേരില്‍ എത്തിക്കാന്‍ ഒരു ശ്രമവും നമ്മുടെ അധികാരികളുടെ ഭാഗത്തു നിന്നുണ്ടായില്ല. മരണസംഖ്യ ഈവിധം കുതിച്ചുയരുമ്പോഴും കടുത്ത സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രമാണ് വാക്‌സിന്‍ വിതരണം. വിപണിയില്‍ നിന്ന് നാം നേരിട്ടു വാങ്ങാന്‍ തീരുമാനിച്ച ഒരു കോടി വാക്‌സിന്‍ ഇവിടെ കിട്ടണമെങ്കില്‍ ജൂണ്‍ വരെ കാത്തിരിക്കേണ്ടി വരുമത്രേ.

സര്‍ക്കാര്‍ സൃഷ്ടിച്ച കാലതാമസാണ് രാജ്യത്ത് കൊവിഡ് വ്യാപനം ഇത്രയും രൂക്ഷമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നമ്മുടെ പ്രതിരോധ സംവിധാനം മുഴുവന്‍ താളം തെറ്റിയതിന് ഒരു കാരണമേയുള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥ. ചടുലമായി ഇടപെടേണ്ട ഘട്ടങ്ങളിലെല്ലാം അവര്‍ കുറ്റകരമായ കെടുകാര്യസ്ഥതയാണ് പ്രകടിപ്പിച്ചത്. വാക്‌സിന്‍ എത്തിക്കുന്ന കാര്യത്തിലായാലും ഓക്‌സിജന്‍ നിര്‍മ്മാണത്തിന്റെ കാര്യത്തിലായാലും സാഹചര്യം ആവശ്യപ്പെടുന്ന മുന്നൊരുക്കമോ ജാഗ്രതയോ ഒരുഘട്ടത്തിലും ഉണ്ടായില്ല. കൃത്യമായ മേല്‍നോട്ടമോ ചുമതലാനിര്‍വഹണമോ ദൃശ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധത്തിലെ അലംഭാവംമൂലം ലോകരാജ്യങ്ങളുടെ മുന്നിൽ നാണംകെട്ടു നിൽക്കുകയാണ് ഇന്ത്യ. പ്രാണനും പ്രാണവായുവും വെച്ച്...

Posted by Dr.T.M Thomas Isaac on Thursday, April 29, 2021


Next Story

RELATED STORIES

Share it