Emedia

ഇരകളുടെ കുറ്റമല്ല കാര്‍ത്തികേ, അങ്ങേയ്ക്ക് ജെണ്ടര്‍ ട്രെയിനിങ് ആവശ്യമുണ്ട്

ഇരകളുടെ കുറ്റമല്ല കാര്‍ത്തികേ, അങ്ങേയ്ക്ക് ജെണ്ടര്‍ ട്രെയിനിങ് ആവശ്യമുണ്ട്
X

അഡ്വ. ഹരീഷ് വാസുദേവന്‍

കൊച്ചി: പ്രളയം സ്വീകരിക്കാത്തതിന്റെ പേരില്‍ മാനസയെ ഒരു യാവാവ് കൊലപ്പെടുത്തിയതില്‍ പ്രതികരണവുമായി വന്ന പോലിസ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ച് അഭിഭാഷകനായ അഡ്വ. ഹരീഷ് വാസുദേവന്‍. പരാതി രേഖാമൂലം അറിയിച്ചിട്ടും അതില്‍ നടപടിയെടുക്കാതെ പെണ്‍കുട്ടി ഉപദേശങ്ങള്‍ വേണ്ടവിധം പാലിച്ചില്ലെന്ന് അഭിപ്രായപ്പെട്ട ഉദ്യോഗസ്ഥനെതിരേയാണ് ഹരീഷ് പൊട്ടിത്തെറിച്ചത്. കൃത്യവിലോപം കാണിച്ച പോലിസിനെ ന്യായീകരിക്കാനാണ് ശ്രമമെന്നാണ് ആരോപണം.

പോസ്റ്റിന്റെ പൂര്‍ണരൂപം

കെ കാര്‍ത്തിക്ക് ഐപിഎസ് കേരളാ പോലിസില്‍ ദുഷ്‌പേരുള്ള ഒരുദ്യോഗസ്ഥനല്ല. പൊതുവില്‍ നല്ല അഭിപ്രായമുണ്ട് താനും.

മാനസയെ കൊന്നത് സൈക്കോ എന്നു കരുതാവുന്ന പ്രതിയാണ്. അവനെതിരായി, അവന്‍ ശല്യം ചെയ്യുന്ന കാര്യം രേഖാമൂലം പരാതിപ്പെട്ട മാനസ ആണ് കൊല്ലപ്പെട്ടത്. പരാതിയില്‍ കൃത്യമായി നിയമനടപടി സ്വീകരിക്കാത്ത പോലിസിനെ, കുറ്റവിമുക്തമാക്കി ക്‌ളീന്‍ ചിറ്റ് നല്‍കുന്നു ജില്ലാ പോലിസ് മേധാവി.

പ്രണയം നിഷേധിച്ചാല്‍ കായികമായി അക്രമിക്കാം എന്ന സന്ദേശത്തോടെ ആണ്‍മക്കളെ വളര്‍ത്തുന്ന പാട്രിയര്‍ക്കിയെ കുറ്റവിമുക്തമാക്കുന്നു പോലീസ് മേധാവി.

തോക്ക് കിട്ടിയ വഴി മാത്രമാണ് ഈ കേസില്‍ ബാക്കിയുള്ളത്, പോലിസിന്റെ അഭിപ്രായത്തില്‍. മാനസയെ വിളിച്ചു കേസ് ഒതുക്കി തീര്‍ത്ത പൊലിസിന് കുറ്റമില്ല. ഒത്തു തീര്‍പ്പാക്കിയ ശേഷം പ്രതി സ്‌റ്റോക്കിങ് തുടരുന്നുണ്ടോ എന്നു നോക്കാത്ത സിസ്റ്റം കുറ്റക്കാരല്ല.

കാര്‍ത്തിക്കിന്റെ കാഴ്ചപ്പാടില്‍ ആരാണ് കുറ്റം ചെയ്തത്? കൊല്ലപ്പെട്ട മാനസ. പോലിസിന്റെ 'സദാചാര' മുന്നറിയിപ്പുകള്‍ അവഗണിച്ചു ഇന്‍സ്റ്റാഗ്രാമില്‍ പ്രേമിച്ചു. വലിയ കുറ്റമാണ്. ശിക്ഷയും കിട്ടി. 'കണക്കായിപ്പോയി' എന്നു കാര്‍ത്തിക് പറഞ്ഞില്ലെന്നേയുള്ളൂ, ടോണ്‍ ഏതാണ്ടത് തന്നെ. ഇനി ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ കാര്‍ത്തിക്കിന്റെ അഭിപ്രായത്തില്‍ എന്താണ് പ്രതിവിധി? പോലീസ് പേജില്‍ സദാചാര അമ്മാവന്മാര്‍ ഉപദേശിക്കും വിധം 'നല്ല നടപ്പ്' ശീലിക്കുക. ഉപദേശങ്ങള്‍ അനുസരിക്കുക. അല്ലേ? ഗംഭീരം അല്ലേ?

പ്രേമിക്കുന്നത് തെറ്റല്ല കാര്‍ത്തിക്. പ്രേമത്തില്‍ നിന്ന് പിന്മാറുന്നതും തെറ്റല്ല. അടുത്ത് അറിയുന്നവരോട് മാത്രമല്ല സൗഹൃദം സ്ഥാപിക്കുക. സൗഹൃദത്തില്‍ നിന്ന് മാന്യമായി പിന്‍വാങ്ങുന്നത് ക്രിമിനാലിറ്റിയ്ക്കുള്ള ലൈസന്‍സല്ല എന്നു വേട്ടപ്പട്ടികളേ ബോധ്യപ്പെടുത്തുക എന്നത് പട്ടികളെ വളര്‍ത്തുന്നവരുടെ ഉത്തരവാദിത്തമാണ്.

ഈ പ്രതികരണം പത്രത്തില്‍ വന്നു 24 മണിക്കൂര്‍ ഞാന്‍ കാത്തിരുന്നു. ഉത്തരവാദിത്തപ്പെട്ട ഒരാളെങ്കിലും ഈ ഉദ്യോഗസ്ഥനെ തിരുത്തുമെന്ന്. ഇതല്ല സര്‍ക്കാരിന്റെ പോലീസ് നയമെന്നു പറയുമെന്ന്. ഇല്ല. അതുണ്ടായില്ല. അതുകൊണ്ടാണ് പറയേണ്ടി വന്നത്.

കാര്‍ത്തിക്, നിങ്ങള്‍ പറയുന്നത് തെറ്റാണ്. റോടിലിറങ്ങിയാല്‍ പേപ്പട്ടി കടിക്കും അതുകൊണ്ട് വീട്ടിലിരിക്കണം എന്നല്ല ഒരു സര്‍ക്കാര്‍ പറയേണ്ടത്. പേപ്പട്ടി കടിക്കാത്ത, പൗരന്മാര്‍ക്ക് നിര്‍ഭയം സഞ്ചരിക്കാവുന്ന റോഡുണ്ടാക്കലാണ്. ചുരുങ്ങിയ പക്ഷം, പേപ്പട്ടി കടിച്ച ഇരയോട്, സിസ്റ്റത്തിന്റെ വീഴ്ച മറച്ചുവെച്ചു 'മുന്നറിയിപ്പ് അവഗണിച്ചതാണ് കുറ്റം, പട്ടിയും ചത്തു. ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല' എന്ന അസംബന്ധം എഴുന്നള്ളിക്കാതെ ഇരിക്കാനുള്ള സാമാന്യബുദ്ധി കാണിക്കണം.

കാരണം, ഈ പത്രവാര്‍ത്ത കാട്ടി, മുന്നോട്ടുവരുന്ന സ്ത്രീകളെ തടയാന്‍ ഓരോ വീട്ടിലും സദാചാരവാദികള്‍ ഉണ്ടാകും. പോലീസിന്റെ പണി ഇതല്ല.

ഐപിഎസ് എഴുതി എടുത്ത, നല്ല ട്രെയിനിങ് കിട്ടി, സല്‍പ്പേരോടെ ജോലി ചെയ്യുന്ന ഒരു ടജ യുടെ ജെണ്ടര്‍ സെന്‌സിറ്റീവിറ്റിയും സമാന്യബോധ നിലവാരവും ഇതാണെങ്കില്‍, ആ വകുപ്പിലെ മറ്റുള്ളവരുടെ കാര്യം പറയണോ?

ആരും ജെണ്ടര്‍ സെന്‌സിറ്റീവിറ്റിയോടെ ജനിക്കുന്നില്ല. കൃത്യമായ ട്രെയിനിങ്ങിലൂടെയും വിമര്ശനങ്ങളിലൂടെയും സ്വയം ആര്‍ജ്ജിക്കുകയാണ് ചെയ്യുന്നത്.

നമുക്ക് അറിയാത്ത കാര്യം ആരില്‍ നിന്നും കേട്ട് മനസിലാക്കണം അതിലൊരു കുറച്ചിലും ഇല്ലെന്നു ടൂറിസം മന്ത്രി ശ്രീ.മുഹമ്മദ് റിയാസ് ശ്രീ.സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ കേട്ടു പബ്ലിക്കായി കാണിച്ച നല്ല മാതൃക നമുക്ക് മുന്നിലുണ്ട്.

കാര്‍ത്തിക്കിനു ജെണ്ടര്‍ ട്രെയിനിങ് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. കാര്‍ത്തിക്കിന് തെറ്റു പറ്റിയെന്നു 24 മണിക്കൂറിനകം ബോധ്യമാകാത്ത കേരളാ പോലിസ് മേധാവിക്കും സേനയിലെ മറ്റുള്ളവര്‍ക്കും ആവശ്യമാണ്.

'I demand Gender Sensitivtiy Training for Kerala Police'. ഈ ആശയത്തെ പിന്തുണയ്ക്കുന്നവര്‍ ഇത് ആവശ്യപ്പെട്ട് സ്വന്തം എംഎല്‍എയുടെ ഫോണിലേക്ക് ഒരു എസ്എംഎസ് അയക്കണം. അത്രയെങ്കിലും ചെയ്യണം.

Next Story

RELATED STORIES

Share it