- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാക് രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യമായിരുന്ന അന്തരിച്ച ബി എം കുട്ടിയെ മുസാഫിര്‍ അനുസ്മരിക്കുന്നു
യുദ്ധമല്ല, സമാധാനമാണ് വേണ്ടത് എന്ന് പാക് ഭരണാധികാരികളോട് സധൈര്യം വിളിച്ചു പറഞ്ഞ ബി.എം കുട്ടി. തിരൂരില്‍ നിന്ന് ലാഹോര്‍ വരെ നീളുന്ന എണ്‍പത്തൊമ്പത് വര്‍ഷത്തെ ജീവിതയാത്ര. 1949ല്‍ മദ്രാസില്‍ നിന്ന് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് കുട്ടി ബോംബെ വഴി കറാച്ചിയിലേക്കു കപ്പല്‍ കയറിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
എഴുപതുകളില്‍ തിളച്ചു മറിഞ്ഞ പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിന് ശാന്തിയുടെ പാഠങ്ങള്‍ നല്‍കിയ മലയാളിയോടൊപ്പമുള്ള പഴയൊരു ചിത്രം. ബലൂചിസ്ഥാന്‍ ഗവര്‍ണറുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ബിയ്യാത്തില്‍ മൊയ്തീന്‍കുട്ടി എന്ന ബി.എം. കുട്ടിയുമായി മലപ്പുറം വൈലത്തൂരിലെ അദ്ദേഹത്തിന്റെ തറവാട്ടില്‍ ആറു വര്‍ഷം മുമ്പ് നടത്തിയ കൂടിക്കാഴ്ച.
യുദ്ധമല്ല, സമാധാനമാണ് വേണ്ടത് എന്ന് പാക് ഭരണാധികാരികളോട് സധൈര്യം വിളിച്ചു പറഞ്ഞ ബി.എം കുട്ടി. തിരൂരില്‍ നിന്ന് ലാഹോര്‍ വരെ നീളുന്ന എണ്‍പത്തൊമ്പത് വര്‍ഷത്തെ ജീവിതയാത്ര. 1949ല്‍ മദ്രാസില്‍ നിന്ന് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് കുട്ടി ബോംബെ വഴി കറാച്ചിയിലേക്കു കപ്പല്‍ കയറിയത്.
തിരൂര്‍ ഭാഗത്ത് നിന്ന് അക്കാലത്ത് നിരവധി പേര്‍ തുറമുഖ നഗരമായ കറാച്ചിയില്‍ സ്വന്തമായ കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. നിരവധി മലയാളി ബീഡിത്തൊഴിലാളികളുമുണ്ടായിരുന്നു. വിഭജനത്തിനു മുമ്പ് അവിടെയെത്തിയ അവരില്‍ പലരും നാട്ടിലേക്കു മടങ്ങി. അവശേഷിച്ചവര്‍ക്ക് പാക് പൗരത്വം ലഭിക്കുകയും ചെയ്തു. (കോഴിക്കോട്ട് കറാച്ചി ഹോട്ടല്‍ എന്ന പേര് കണ്ട് കലിയിളകി അക്രമം നടത്തിയവരേ, കറാച്ചിയില്‍ മലബാര്‍ ഹോട്ടലും കാലിക്കറ്റ് ഗ്രോസറിയും തിരൂര്‍ പാന്‍ കടകളും യഥേഷ്ടം). കറാച്ചി, ലാഹോര്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ പലപ്പോഴായി പല ജോലികളില്‍ മുഴുകിയപ്പോഴും രാഷ്ട്രീയ സാമൂഹിക കാര്യങ്ങളില്‍ കുട്ടി അതീവ താല്‍പര്യം പ്രകടിപ്പിച്ചു. ഡോണ്‍ ദിനപത്രത്തിലെ പത്രാധിപ സമിതി അംഗങ്ങളും മലയാളികളുമായ കെ.എം. കുട്ടി, എം.എ. ഷുക്കൂര്‍ എന്നിവരുമായുള്ള സൗഹൃദം കുട്ടിയ്ക്ക് തുണയായി. 'ഓവര്‍ എ കപ് ഓഫ് ടീ' എന്ന കോളത്തിലൂടെ പ്രസിദ്ധനായ പോത്തന്‍ ജോസഫ് 'ഡോണി'ന്റെ പത്രാധിപരായിരുന്നു. അതെ, പാക്കിസ്ഥാനി പത്രത്തിന് മലയാളി എഡിറ്റര്‍.
കറാച്ചിയില്‍ നിന്ന് ലാഹോറിലെത്തിയ ബി.എം. കുട്ടിയെ സഹായിച്ചത് അവിടെ ഉയര്‍ന്ന പദവിയിലിരുന്ന എ.ആര്‍. പിള്ളയായിരുന്നു. ലാഹോര്‍ ഇന്ത്യന്‍ കോഫി ഹൗസില്‍ അസിസ്റ്റന്റ് മാനേജറുദ്യോഗം ലഭിച്ചു. ഇക്കാലത്താണ് പ്രസിദ്ധ എഴുത്തുകാരന്‍ സാദത്ത് ഹസന്‍ മാന്റോയുമായി പരിചയപ്പെടുന്നത്. മാന്റോ ഇന്ത്യന്‍ കോഫി ഹൗസിലെ നിത്യസന്ദര്‍ശകനായിരുന്നു. നാല്‍പത്തിമൂന്നു വര്‍ഷത്തെ ഹ്രസ്വജീവിതത്തിനിടെ കഥയെഴുത്തില്‍ ഉര്‍ദു സാഹിത്യത്തിന്റെ ജാതകം തിരുത്തിയെഴുതിയ അനുഗൃഹീതനായിരുന്നു സാദത്ത് ഹസന്‍ മാന്റോ. ഗോര്‍ക്കിയുടേയും ചെക്കോവിന്റേയും സ്വാധീനത്തില്‍ സാഹിത്യ രചനയാരംഭിച്ച മാന്റോ, ജാലിയന്‍വാലാബാഗ് കൂട്ടഹത്യയെക്കുറിച്ചെഴുതിയ 'തമാശ' ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണ്. മദ്യത്തിനടിപ്പെട്ട ഈ എഴുത്തുകാരന്‍ കരള്‍രോഗം പിടിപെട്ടാണ് മരിച്ചത്. സാദത്ത് ഹസന്‍ മാന്റോ എന്ന പോലെ ഫൈസ് അഹമ്മദ് ഫൈസും അദ്ദേഹത്തിന്റെ വിപ്ലവ കവിതകളും ബി.എം. കുട്ടിയെ ആകര്‍ഷിച്ചു. പാക് രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ കുട്ടി, ഇന്ത്യന്‍ കോഫി ഹൗസിലെ തന്റെ ജോലി വിട്ട് വോള്‍കാര്‍ട്ട് ബ്രദേഴ്‌സില്‍ ചേര്‍ന്നത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം കൂടി ലക്ഷ്യം വെച്ചായിരുന്നു. സഹപ്രവര്‍ത്തകന്‍ പഞ്ചാബ് സ്വദേശി സിദ്ദീഖിയുടെ മകള്‍ ബ്രിജിസിനെ ജീവിതസഖിയാക്കിയതും ഇക്കാലത്താണ്.
സ്വാതന്ത്ര്യാനന്തര പാക് രാഷ്ട്രീയം തീക്കടലായി മാറിയ കാലം. ഇടത് രാഷ്ട്രീയത്തിനും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കുമെതിരായ അടിച്ചമര്‍ത്തല്‍ അതിശക്തമായി. പട്ടാളമുഷ്‌ക്കിന്റെ കരാളമായ ബൂട്ടൊച്ചകള്‍ തെരുവുകളെ വിറപ്പിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം. വര്‍ഗീയത ഫണം വിരിച്ചാടി. പ്രധാനമന്ത്രി ലിയാഖത്തലി ഖാന്‍ റാവല്‍പിണ്ടിയില്‍ വെടിയേറ്റു മരിച്ചു.
പ്രശസ്തരായ രണ്ടു വ്യക്തികളെക്കൂടി കുട്ടി അനുസ്മരിക്കുന്നുണ്ട്. കേരളത്തിന്റെ വീരപുത്രന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ 1937 ലും 1946 ലും സെന്‍ട്രല്‍ ലെജിസ്ലേച്ചീവ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അടിയറവ് പറയിച്ച മുസ്‌ലിം ലീഗ് നേതാവ് അബ്ദുല്‍ സത്താര്‍ ഹാജി ഇസ്ഹാഖ് സേട്ടിന്റെ (സത്താര്‍ സേട്ട്) കഥ അതീവഹൃദ്യമായാണ് വിവരിക്കുന്നത്. വിഭജനശേഷം ജിന്ന, സത്താര്‍ സേട്ടിനെ പാകിസ്ഥാനിലേക്കു കൊണ്ടു പോയി. തലശ്ശേരിയിലെ വന്‍ഭൂസ്വത്തുക്കള്‍ ഉപേക്ഷിച്ചാണ് സത്താര്‍ സേട്ട് ലീഗ്‌പ്രേമം മൂത്ത് പാകിസ്ഥാനിലേക്ക് കുടിയേറിയത്. സ്വത്തുക്കളൊക്കെ വിട്ടു നല്‍കാമെന്ന് പ്രധാനമന്ത്രി നെഹ്‌റു നല്‍കിയ ഓഫര്‍ പക്ഷേ സത്താര്‍ സേട്ട് നിരസിച്ചു. പിന്നീട് ഈജിപ്തിലും ശ്രീലങ്കയിലും (സിലോണ്‍) പാക് അംബാസഡറായി അദ്ദേഹം നിയമിക്കപ്പെട്ടു. കറാച്ചി ശിക്കാര്‍പൂര്‍ കോളനിയിലെ പഴയ ബംഗ്ലാവില്‍ ഭാര്യയോടും വിധവയായ ഭാര്യാസഹോദരിയോടുമൊപ്പം വിശ്രമജീവിതം നയിക്കുന്നതിനിടെ, അര്‍ധരാത്രി കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിനിരയായി. ഭാര്യയും ഭാര്യാസഹോദരിയും കൊല്ലപ്പെട്ടു. പ്രാണന്‍ തിരിച്ചുകിട്ടിയ സത്താര്‍സേട്ട് ഈ സംഭവത്തോടെ അപ്പാടെ തകര്‍ന്നു. (ഡല്‍ഹിയില്‍ നിന്ന് കറാച്ചിയിലെത്തിയ പ്രമുഖ മലയാളി പത്രപ്രവര്‍ത്തകന്‍ കെ. ഗോപാലകൃഷ്ണനേയും കൂട്ടി ബി.എം. കുട്ടി ഒരിക്കല്‍ സത്താര്‍സേട്ടിന്റെ വസതിയിലെത്തി. സുഹൃദ് സംഭാഷണത്തിനിടെ സത്താര്‍സേട്ട് വിങ്ങലോടെ പറഞ്ഞുവത്രേ: ഞാന്‍ ഹതാശമായ ഒരു ജീവിതമാണിപ്പോള്‍ നയിക്കുന്നത്. നിങ്ങളോട് സത്യം പറയാം. കേരളത്തിലെ വേരുകള്‍ പറിച്ചെറിഞ്ഞ് ഇവിടെ തമ്പടിച്ചത് തെറ്റായ തീരുമാനമായി).
ഏതാനും മാസങ്ങള്‍ക്കു ശേഷം ആരോരുമറിയാതെ, സത്താര്‍സേട്ട് കഥാവശേഷനായി. ആ വിവരം ജിന്നയുടെ ജീവചരിത്രകാരന്‍ റിസ്‌വാന്‍ അഹമ്മദ് നല്‍കിയ ചെറുപത്രക്കുറിപ്പില്‍ നിന്നാണ് അടുത്ത സുഹൃത്തുക്കളായ മുസ്‌ലിം ലീഗ് നേതാക്കള്‍ പോലുമറിഞ്ഞത്.
തലശ്ശേരിയിലെ കുലീന മുസ്‌ലിം കുടുംബാംഗമായ ഹാരിസ് മായിന്റേയും സഹോദരി ആയിശാ മായിന്റേയും കഥ പറയുന്നതിനിടെ, അവരുടെ ഇംഗ്ലീഷ് പഠിക്കാനുള്ള അഭിനിവേശവും അതിനെതിരെ യാഥാസ്ഥിതികര്‍ വാളുയര്‍ത്തിയ കഥയും പറയുന്നുണ്ട്. തിരൂര്‍ ഭാഗത്ത് നിന്ന് കോളേജ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്‌ലിം വനിത ബി.എം. കുട്ടിയുടെ സഹോദരി കദിയക്കുട്ടിയായിരുന്നു. ആയിശാ മായിന്‍ പിന്നീട് സിലോണിലേക്കു പോവുകയും കൊളംബോയിലെ ഡെപ്യൂട്ടി മേയര്‍ വരെയാവുകയും ചെയ്ത കഥ തീര്‍ച്ചയായും ചരിത്രകൗതുകം പകരും.
ജയില്‍ മോചിതനായ ശേഷം കൊല്‍ക്കത്തയിലെത്തിയ കുട്ടി അവിഭക്ത സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ (1948) പങ്കെടുത്തു. അവിടെ വെച്ചാണ് സജ്ജാദ് സഹീര്‍ ജനറല്‍ സെക്രട്ടറിയായി പാകിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപവല്‍ക്കരണം യാഥാര്‍ഥ്യമായത്. ബി.എം. കുട്ടി ദേശീയ കൗണ്‍സിലംഗമായി. പിന്നീട് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പാക് സഖാക്കള്‍ പാകിസ്ഥാന്‍ നാഷനല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചു. സോവ്യറ്റ് അനുകൂല നാഷനല്‍ അവാമി പാര്‍ട്ടിയും അതിന്റെ നേതാവ് ഖാന്‍ അബ്ദുല്‍ വലീഖാനും (അതിര്‍ത്തി ഗാന്ധിയുടെ മകന്‍) രഹസ്യമായി പാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ (സി.പി.പി) സഹായിച്ചു. ഇതിനിടെ ജോലിയൊക്കെ കളഞ്ഞ് മുഴുസമയ രാഷ്ട്രീയ നേതാവായി മാറിക്കഴിഞ്ഞിരുന്നു കുട്ടി. 1959 ലെ ആദ്യ അറസ്റ്റിനു ശേഷം വീണ്ടും മൂന്നു വര്‍ഷത്തോളം കറാച്ചി, ലാഹോര്‍ ജയിലുകളില്‍ കഴിയേണ്ടി വന്നു, കുട്ടിയ്ക്ക്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബലൂചിസ്ഥാനിലും വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലും നാഷനല്‍ അവാമി പാര്‍ട്ടി അധികാരത്തിലെത്തി. കുട്ടിയുടെ രാഷ്ട്രീയ ഗുരു മീര്‍ ഗൗസ് ബക്ഷ് ബിസെന്‍ജോ എന്ന ഇടതുപക്ഷ നേതാവ് ബലൂചി ഗവര്‍ണറായി. അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി കുട്ടി നിയമിതനായി.
1973 ല്‍ ഭൂട്ടോ, ബലൂചി ഗവര്‍ണറെ പിരിച്ചുവിട്ടു. ബിസെഞ്ചോയും ബി.എം. കുട്ടിയും വീണ്ടും ജയിലില്‍. റഷ്യന്‍ ആയുധങ്ങള്‍ സിന്ധിലേക്കു കടത്തിയെന്നായിരുന്നു കുറ്റം. ജയില്‍ മോചിതനായ ശേഷം 'മൂവ്‌മെന്റ് ഫോര്‍ റെസ്‌റ്റോറേഷന്‍ ഫോര്‍ ഡമോക്രസി' എന്ന പേരിലുള്ള പ്രസ്ഥാനത്തിനു രൂപം നല്‍കി. ലാഹോറില്‍ ജീവിക്കുമ്പോഴും ഇന്ത്യയെ മറക്കാത്ത ഈ മലയാളി ഇന്ത്യപാക് സൗഹൃദത്തിനും ലോകസമാധാന ശ്രമങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുന്നുവെന്നതിന്റെ സാക്ഷ്യമാണ് കുട്ടിയുടെ ജീവചരിത്രഗ്രന്ഥം.
നിര്‍മ്മലാ ദേശ്പാണ്ഡെ, ബേനസീര്‍ ഭൂട്ടോ, മാതാവ് ബിരിയുമ്മ, ഭാര്യ ബ്രിജിസ് എന്നീ നാലു വനിതകള്‍ക്കാണ് കുട്ടി തന്റെ ആത്മകഥ സമര്‍പ്പിച്ചിരിക്കുന്നത്. 2010 മേയ് 28 ന് ബ്രിജിസ് മരിച്ചു. മരണാസന്നയായി കിടക്കുമ്പോഴും തന്റെ സഹധര്‍മ്മിണി ആകാംക്ഷയോടെ ചോദിച്ചത് ഇതായിരുന്നുവെന്ന് കുട്ടി സങ്കടപൂര്‍വം എഴുതുന്നു:
തുമാരി കിതാബ് മുഖമ്മല്‍ ഹോ ഗയീ? ( നിങ്ങളുടെ പുസ്തകമെഴുത്ത് പൂര്‍ത്തിയായോ?)
RELATED STORIES
പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMTഎസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രതിനിധി സഭയ്ക്ക് തുടക്കം
20 Dec 2024 11:06 AM GMTകണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു; രോഗം ദുബായില്‍...
18 Dec 2024 12:47 PM GMTമാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച...
14 Dec 2024 1:37 PM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMT