Emedia

സ്‌നേഹിക്കാന്‍ മാത്രമറിയുന്ന എന്റെ പ്രിയപ്പെട്ട അനുജന്‍...; സ്വലാഹുദ്ദീനെ കുറിച്ച് ബന്ധുവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

സ്‌നേഹിക്കാന്‍ മാത്രമറിയുന്ന എന്റെ പ്രിയപ്പെട്ട അനുജന്‍...; സ്വലാഹുദ്ദീനെ കുറിച്ച് ബന്ധുവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
X

കണ്ണൂര്‍: കണ്ണവത്തിനു സമീപം ആര്‍എസ്എസ് സംഘം കൂടപ്പിറപ്പുകളുടെ കണ്‍മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത് നാടിനെ നടുക്കിയിരിക്കുകയാണ്. സംഘര്‍ഷമൊന്നുമില്ലാത്ത സമയത്ത് അതിക്രൂരമായി നടത്തിയ അരുംകൊല ആര്‍എസ്എസിന്റെ വികൃതമുഖം വെളിപ്പെടുത്തുന്നതാണ്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന സ്വലാഹുദ്ദീനെ കുറിച്ച് മാതൃസഹോദരനും പാനൂര്‍ സഹ്‌റ ഗ്രൂപ്പ് ചെയര്‍മാന്‍ സയ്യിദ് ഇസ്മായില്‍ ശിഹാബുദ്ദീന്‍ തങ്ങളുടെ മകനുമായ സയ്യിദ് മുഹമ്മദ് മഖ്ദൂം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഏതൊരാളുടെയും ഹൃദയം തൊടുന്നതാണ്. കണ്ണവം ശ്യാമപ്രസാദ് വധക്കേസില്‍ പോലിസ് വ്യാജമായി പ്രതിചേര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.

സയ്യിദ് മുഹമ്മദ് മഖ്ദൂം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്:

സലാഹു, എന്റെ മരുമകന്‍ എന്നതിനപ്പുറം നല്ല കൂട്ടുകാരനുമായിരുന്നു. അടുത്ത ദിവസങ്ങളില്‍ പലപ്പോഴായി എന്റെ അടുത്ത് കൂടുതല്‍ വരുമായിരുന്നു. ഈ പെരുന്നാളിനടക്കം എന്റെ അടുത്ത് വന്നു. കുട്ടിയെ സഹ്റയില്‍ തന്നെ ചേര്‍ത്തു..! എന്റെ സ്റ്റാറ്റസുകള്‍ സ്വന്തം സ്റ്റാറ്റസുകളാക്കി സ്‌നേഹം ഹൃദയത്തോട് ചേര്‍ത്തുവച്ചു. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന, എന്നും ചിരികൊണ്ട് കണ്ടുമുട്ടുന്ന എന്റെ പ്രിയപ്പെട്ട അനുജന്‍ കൂടിയാണവന്‍. ശ്യാമപ്രാസാദിനെ കൊന്ന കേസിലെ കൃത്രിമ കുറ്റക്കാരന്‍. ആ സമയത്തുമവന്‍ വീട്ടില്‍ ഭക്ഷണം കഴിച്ചിരിക്കെയാണ് കൊലപാതക വിവരം അവനറിയുന്നത്. പക്ഷേ, ആര്‍എസ്എസിനു വേണ്ടത് സ്വലാഹുദ്ദീന്‍ എന്ന ഞങ്ങളുടെ ചോരയെയായിരുന്നു. അവര്‍, അവനില്‍ കേസ് ചുമത്തി, വഞ്ചനയിലൂടെ കൃത്രിമ അപകടം സൃഷ്ടിച്ചു ജീവനെടുത്തു കളഞ്ഞു, പാവം അവനറിയില്ലായിരുന്നു, ആര്‍എസ്എസ് ഭീകരന്റെ വഞ്ചനയുടെ തനിനിറം.

അവരുടെ, പ്രകടനങ്ങളെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്, കുമിളകള്‍ എന്നാണ്. വെറും ഊതി വീര്‍പ്പിച്ച കുമിളകള്‍. വിശ്വാസമില്ലാത്തവര്‍ ഭയപ്പെടുമ്പോഴും, ആണുങ്ങള്‍ അതില്‍ പുല്ലുവില കാണുന്നില്ല. നിങ്ങള്‍ ജീവനെടുത്തത്, ഞങ്ങള്‍ പുണ്യമാസമായി കൊണ്ടാടുന്ന മുഹറത്തിലായതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. കാരണം, സലാഹുവിന്റെ ഉപ്പാപ്പമാരെ കൂട്ടമായി നിങ്ങളുടെ, തലതൊട്ടപ്പന്മാര്‍ കൊന്നുകളഞ്ഞത് ഈ മാസമായിരുന്നല്ലോ..,? ഞങ്ങള്‍ വിശ്വസിക്കുന്നത് രക്തസാക്ഷികള്‍ക്ക് മരണമില്ലെന്നാണ്.. അവര്‍ ജീവിച്ചുതന്നെ ഉണ്ടാവും, ഞങ്ങളില്‍ ഊര്‍ജ്ജം പകര്‍ന്നും, ഓര്‍മകള്‍ പുതുക്കിയും, നിങ്ങളെ കരുതിയിരിക്കാന്‍ പഠിപ്പിച്ചും..

ഒരു തെമ്മാടിയും അധികനാള്‍ വാണിട്ടില്ല. മോനേ, നിങ്ങള്‍ക്ക് സമാധാനം. അല്ലാഹുവിന്റെ സമക്ഷം ഉന്നത സ്ഥാനീയനായി പറന്നിറങ്ങാനുള്ള സ്വീകാര്യതയാണിത്. അല്ലാഹു സ്വീകരിക്കട്ടെ. അല്ലാഹുവിന്റെ വിധിക്കു മുന്നില്‍ ഒരു മലതന്നെ വന്നുനിന്നാലും അത് മറികടന്ന് അവന്റെ വിധിയെത്തുമെന്നാണ് ഞങ്ങളുടെ വിശ്വാസം...! ഞങ്ങള്‍ നല്ല പുലരിക്കായി കാത്തിരിക്കും. വാര്‍ത്തകള്‍ പുതു മോഡി ചമഞ്ഞ് വന്നുകൊണ്ടേയിരിക്കും...! ഈ ചീഞ്ഞു നാറിയ ലോകം വിട്ടു മുന്നേ നടന്നവര്‍ മുന്നേ രക്ഷപ്പെട്ടു.. നിന്റെ ഊര്‍ജ്ജം നമ്മുടെ പാരമ്പര്യ ഊര്‍ജ്ജമാണ്.. അടിയറവിനില്ല.. ഹിജഡകളായി മരിക്കാനുമില്ല.. ! പ്രാര്‍ഥിക്കും. നിങ്ങളുടെ പരലോക സന്തോഷത്തിനായി...!കാലം കരുതിവെച്ച കണക്കു പുസ്തകം ഒരുനാള്‍ തുറക്കപ്പെടുമല്ലോ..? വാളെടുത്തവന്‍ വാളാല്‍.. എന്നാണ് വാക്ക്.. ദൈവ കോടതി അതിനു കണക്കു ചോദിക്കും. ഉപ്പാപ്പമാരുടെ കണ്ണുനീര്‍ മതിയാവും.. ഈ തെമ്മാടിക്കൂട്ടങ്ങള്‍ക്കു കടിഞ്ഞാണിടാന്‍.

ഇന്ന് രാത്രി തനിച്ചുറങ്ങുന്നത് നാളത്തെ വിശാല സ്വീകരണത്തിന്റെ ഒരുക്കമായി കാണുക. താജുല്‍ ഉലമയുടെ പേരമകന്‍... ഖാസി യുകെ ആറ്റക്കോയ തങ്ങളുടെ പേരക്കുട്ടി... നിങ്ങള്‍ ഉന്നത പദവിയിലാണ്. പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ പേരു പറഞ്ഞു ഒറ്റിയവരും, കുത്തിയവരുമുണ്ടാവാം. ചെന്നായക്കൂട്ടങ്ങള്‍... അവര്‍ എന്നും അസ്ഥിത്വം പണയപ്പെടുത്തി ജീവിക്കും. നമുക്ക് കര്‍ബലയിലെ പാരമ്പര്യമാണ്. ഭീരുക്കള്‍ പല തവണ മരിക്കും... ധീരന് മരണം ഒന്നേ ഉള്ളൂ...! ശഹീദ് സയ്യിദ് സ്വലാഹുദ്ധീന്‍... അങ്ങ് ഞങ്ങളുടെ ഓര്‍മകളില്‍ ഉണ്ടാവും. ഇന്‍ഷാ അല്ലാഹ്... നിങ്ങളവിടെ ജീവന്‍ നിലച്ചുറങ്ങുമ്പോഴും നിങ്ങളുടെ ശമനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പറയുന്നുണ്ട് ഉമ്മ.. (എന്റെ സഹോദരി)..സലാഹുന് ഒന്നും സംഭവിക്കില്ലെന്നു ആവര്‍ത്തിച്ചുപറയുന്നുണ്ട് പ്രിയപ്പെട്ട ഭാര്യ... മക്കള്‍ ഒന്നുമറിയാതെ കളിചിരിയിലും.. അല്ലാഹു അവര്‍ക്കു മനസ്സമാധാനം നല്‍കട്ടെ.. എന്റെ പ്രിയപ്പെട്ട സലാഹുവിന്റെ ഖബറിടം അല്ലാഹു സ്വര്‍ഗമാക്കട്ടെ.. നാളെ ജനാസയില്‍ നിങ്ങളും ഉണ്ടാവണം.. അവന്റെ അവസാന യാത്രയോടൊപ്പം.. സലാം.





Next Story

RELATED STORIES

Share it